രാമരാജ്യ ഭൂപടത്തിൽ  എവിടെയാവും അയോധ്യ?

രാമരാജ്യ ഭൂപടത്തിൽ എവിടെയാവും അയോധ്യ?

ക്രോധം ത്യജിക്കാനും ശാന്തിയെ ഭജിക്കാനും പഠിപ്പിച്ച രാമൻ ഈ ആർപ്പുവിളികളെ എങ്ങനെയാവും കാണുക?

ശ്രീരാമ ജന്മഭൂമിയായ അയോധ്യയിൽ അഞ്ച് നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന മുസ്ലിം പള്ളി ‘ജയ് ശ്രീരാം’ വിളികളുടെ അകമ്പടിയോടെ ഒരു സംഘം ഹിന്ദുക്കൾ പൊളിച്ചു കളഞ്ഞ വാർത്ത 1992 ഡിസംബർ ഏഴിന് പത്രങ്ങളിൽ വായിക്കുമ്പോൾ എന്നെ കുഴക്കിയത് മുഴുവൻ തലേ വർഷം പത്താം ക്‌ളാസിൽ ഹൃദിസ്ഥമാക്കിയ അധ്യാത്മ രാമായണം അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണ സാന്ത്വനത്തിലെ വരികളായിരുന്നു. ശ്രീരാമ നാമവും ശ്രീരാമ കഥയുമൊക്കെ കുഞ്ഞു നാളിലേ പരിചിതമായിരുന്നുവെങ്കിലും അധ്യാത്മരാമായണത്തിന്റെ ഈണവും പരപ്പും അറിഞ്ഞു തുടങ്ങിയ കാലമായിരുന്നു അത്.

തത്ര കാമക്രോധലോഭമോഹാദികൾ

ശത്രുക്കളാകുന്നതെന്നുമറിക നീ

മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും

ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ

മതാപിത്രുഭ്രാത്രുമിത്രസഖികളെ

ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ

ക്രോധമൂലം മനസ്താപമുണ്ടായ് വരും

ക്രോധമൂലം നൃണാം സംസാരബന്ധനം

ക്രോധമല്ലോ നിജ ധർമ്മക്ഷയകരം

ക്രോധം പരിത്യജിക്കേണം ബുധജനം

ക്രോധമല്ലോ യമനായതു നിർണ്ണയം

വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും

സന്തോഷമാകുന്നതു നന്ദനം വനം

സന്തതം ശാന്തിയേ കാമസുരഭി കേൾ

ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ

സന്താപമെന്നാലൊരു ജാതിയും വരാ

(ലക്ഷ്മണ സാന്ത്വനം, അയോധ്യാ കാണ്ഡം)

രാജ്യം പരിത്യജിച്ച് വനവാസത്തിനു പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു രാമൻ. കൈകേയിയുടെ നിർബന്ധത്തിൽ പിതാവായ ദശരഥൻ കൈക്കൊണ്ട ആ തീരുമാനത്തിലെ അനീതി ചൂണ്ടിക്കാട്ടി അതിനു കാരണക്കാരായവരോടുള്ള രോഷം പ്രകടിപ്പിച്ച ലക്ഷ്മണനെ എത്ര ശാന്തമായും പക്വതയോടെയുമാണ് രാമൻ സാന്ത്വനിപ്പിക്കുന്നത്. ക്രോധവും മോഹവും ലോഭവുമൊക്കെ എത്രമേൽ രാജസികമായ ഗുണങ്ങളാണെന്നും സൽപുരുഷന്മാർ ആ പ്രലോഭനങ്ങളെ അതിജീവിച്ചു വളരണമെന്നും രാമൻ ഉപദേശിക്കുന്നു. ദുഃഖമില്ലാതാക്കാനുള്ള ഒറ്റമൂലിയായി അദ്ദേഹം നിർദേശിക്കുന്നത് ശാന്തിയെ ഭജിക്കാനാണ്. 

രാമരാജ്യ ഭൂപടത്തിൽ  എവിടെയാവും അയോധ്യ?
അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ: ജനുവരി 22 ന് എല്ലാ പൊതുമേഖല ബാങ്കുകൾക്കും ഉച്ച വരെ അവധി

തനിക്ക് അർഹമായ രാജ്യം ചതിയിലൂടെ കൈക്കലാക്കിയ ചെറിയമ്മയോടോ രാജധർമം നിറവേറ്റുന്നതിൽ പരാജയപ്പെട്ട അച്ഛനോടോ ഒട്ടുമേ കല്മഷം ഇല്ലാതെ പിതൃ ശാസന ശിരസാ വഹിച്ചു വനവാസത്തിനു പോയ മര്യാദ പുരുഷോത്തമനാണ് എന്റെ രാമൻ. അയോധ്യ രാജ്യത്ത് അദ്ദേഹത്തിന്റെ തന്നെ പ്രജകളായ കുറെയധികം ആൾക്കാർ ഈശ്വരനെ ആരാധിക്കുന്ന ഒരു ആലയം തച്ചുതകർക്കുന്ന തന്റെ ഭക്തരെ ഓർത്ത് ശ്രീരാമൻ എന്തു കരുതിക്കാണുമെന്ന ചിന്ത അന്നുമുതൽ എന്നെ അലട്ടുന്നുണ്ട്. 

അദ്ദേഹം ഏറ്റവും നികൃഷ്ടമായി കണ്ട ക്രോധത്തിന്റെ ആൾരൂപങ്ങളായല്ലേ ബിജെപിയുടെ അന്നത്തെ തലമുതിർന്ന നേതാക്കൾ മുതൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് സംഘ പരിവാർ അണികൾ വരെ അയോധ്യയിൽ അന്ന് അണിനിരന്നത്. അവിടെ ഊറിയടിഞ്ഞ ക്രോധത്തിന്റെ കരുത്തിലല്ലേ ബാബരി മസ്ജിദിന്റെ അഞ്ച് മിനാരങ്ങളും വീണുടഞ്ഞത്? 

രാമായണത്തിന്റെ ഉത്ഭവം വാല്മീകി മഹർഷിയോട് നാരദൻ പറയുന്ന കഥയിൽ നിന്നാണ്. ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളെല്ലാം നിറഞ്ഞ ഏതെങ്കിലും ഒരു മനുഷ്യൻ ഉണ്ടോയെന്ന വാല്മീകിയുടെ ചോദ്യത്തിന് മറുപടിയായാണ്  ഈ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന മനുഷ്യൻ ദശരഥ മഹാരാജാവിൻ്റെ മൂത്തമകൻ രാമനാണെന്ന് നാരദൻ പറയുന്നത്. അങ്ങനെയുള്ള രാമൻ സകല ചരാചരങ്ങളുടെയും പിതൃസ്ഥാനത്ത് നിൽക്കാൻ യോഗ്യതയുള്ളയാളാണെന്നാണ് അധ്യാത്മ രാമായണം പറയുന്നത്:  

രാമരാജ്യ ഭൂപടത്തിൽ  എവിടെയാവും അയോധ്യ?
ബാബരി പള്ളി പൊളിക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല: എം എൻ കാരശ്ശേരി

ഈരേഴു ലോകവും നിന്റെ ഗൃഹമപ്പോൾ

ചേരും ഗൃഹസ്ഥനാകുന്നതെന്നുള്ളതും.

നിന്നുടെ സന്നിധിമാത്രേണ മായയിൽ

നിന്നു ജനിക്കുന്നു നാനാപ്രജകളും.

അർണ്ണോജസംഭവനായി തൃണാന്തമായ്‌

ഒന്നൊഴിയാതെ ചരാചരജന്തുക്കൾ

ഒക്കവേ നിന്നപത്യം, പുനരാകയാൽ

ഒക്കും പറഞ്ഞതു സംസാരിയെന്നതും.

ഇക്കണ്ട ലോകജന്തുക്കൾക്കു സർവ്വദാ

മുഖ്യനാകും പിതാവായതും നീയല്ലോ!

….

സർവ്വപ്രപഞ്ചത്തിനും ബിംബഭൂതനായ്‌

സർവ്വോപരിസ്ഥിതനായ്‌ സർവ്വസാക്ഷിയായ്‌

തേജോമയനാം പരൻ പരമാത്മാവു

രാജീവലോചനനാകുന്ന നീയല്ലോ!

നിങ്കൽ നിന്നുണ്ടായ്‌ വരുന്നിതു ലോകങ്ങൾ

നിങ്കൽ പ്രതിഷ്ഠിതമായിരിക്കുന്നതും

നിങ്കലത്രേ ലയിക്കുന്നതുമൊക്കവേ

നിൻ കളിയാകുന്നിതൊക്കെയോർക്കും വിധൗ.

കാരണമെല്ലാറ്റിനും ഭവാൻ നിർണ്ണയം

നാരായണ, നരകാരേ, നരാധിപ.

(നാരദ രാഘവ സംവാദം, അയോധ്യാ കാണ്ഡം)

ഈരേഴു ലോകവും സ്വന്തം വീട് തന്നെയായ രാമനെ അദ്ദേഹം ജനിച്ചുവെന്ന് കരുതപ്പെടുന്ന ഒരു ചെറിയ ഭൂപ്രദേശത്തേക്ക് ആവാഹിക്കുന്ന പ്രക്രിയയല്ലേ ഇപ്പോൾ അയോധ്യയിൽ നടക്കുന്നത്? ഇന്ത്യക്ക് പുറമെ ഇൻഡോനേഷ്യ, കംബോഡിയ, ലാവോസ്, മലേഷ്യ, തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ രാമൻ ആരാധ്യ പുരുഷനാണ്. ഇറാനിലും ചൈനയിലും പോലും രാമനുമായി ബന്ധപ്പെട്ട പ്രാദേശിക കഥകൾ നിലവിലുണ്ട്. ഹിന്ദുമതത്തിന്റെ ഏറ്റവും ജനകീയനായ ലോക അംബാസഡർ ആണ് ശ്രീരാമൻ. ആ രാമന്റെ ചൈതന്യം അയോധ്യയിലെ ഒരു പ്രത്യേക സ്ഥലത്തെ ഏതാനും ചതുരശ്ര മീറ്റർ വസ്തുവിലാണുള്ളതെന്ന് കരുതുന്നത് പോലെ മൗഢ്യം മറ്റെന്തുണ്ട്? രാമനോട് ധർമനിഷ്ഠയിലും ആദർശ ശുദ്ധിയിലും കിടപിടിക്കുന്നവരാണ് രാമായണത്തിലെ ഉപനായകരായ ഭരതനും ലക്ഷ്മണനും. വളഞ്ഞ വഴിയിൽ കൈവന്ന രാജ്യം തനിക്ക് വേണ്ടെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല ഭരതന്. ധർമ പാതയിൽ നിന്ന് വ്യതിചലിച്ച് തനിക്ക് വേണ്ടി രാജ്യം നേടിത്തന്ന അമ്മയോട് ഒട്ടും മയമില്ലാതെയാണ് ഭരതൻ പെരുമാറുന്നത്.

രാമരാജ്യ ഭൂപടത്തിൽ  എവിടെയാവും അയോധ്യ?
കോണ്‍ഗ്രസിന് തള്ളാനും കൊള്ളാനുമാകാത്ത രാമക്ഷേത്രം; 1949 മുതല്‍ 2024 വരെ

രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു

പൂജ്യനായ് വാഴ്ക ചാപല്യം കളഞ്ഞു നീ.’

എന്നു കൈകേയി പറഞ്ഞതു കേട്ടുട-

നൊന്നു കോപിച്ചു നോക്കീടിനൻ മാതരം

ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ-

ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും

‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!

നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ!

നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു

പുണ്യമില്ലാത്ത മഹാപാപി ഞാനഹോ.

നിന്നോടുരിയാടരുതിനി ഞാൻ ചെന്നു

വഹ്നിയിൽ വീണുമരിപ്പ,നല്ലായ്കിലോ

കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ

വാളെടുത്താശു കഴുത്തറുത്തീടുവൻ.

വല്ല കണക്കിലും ഞാൻ മരിച്ചീടുവ-

നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ!

ഘോരമായുള്ള കുംഭീപാകമാകിയ

നാരകംതന്നിൽ വസിക്കിതുമൂലം.’

(ഭരത പ്രലാപം, അയോധ്യാ കാണ്ഡം)

കൈകേയിയുടെ ഗർഭത്തിൽ പിറന്നു പോയതിനാൽ മഹാപാപിയായിപ്പോയി താനെന്ന് വിലപിക്കുന്ന ഭരതൻ ഘോരമായ നരകത്തിൽ ചെന്ന് പതിക്കട്ടെയെന്ന് സ്വന്തം അമ്മയെ ശപിക്കുകയാണ്.

ധർമപാതയിൽ നിന്ന് വ്യതിചലിച്ച്, സഹോദരങ്ങളുടെ കണ്ണീരു വീഴ്ത്തി നേടിയെടുക്കുന്ന രാജ്യം നിഷ്‌ഫലമാണെന്ന് ആവർത്തിക്കുന്ന ഭരതൻ രാമനെ മടക്കിക്കൊണ്ടുവന്നു രാജ്യഭാരം തിരിച്ചേൽപ്പിക്കാനും ശ്രമിക്കുന്നുണ്ട്. നൂറു കണക്കിനാളുകളുടെ ചോരയും കണ്ണീരും വീഴ്ത്തി വെട്ടിപ്പിടിച്ച ഭൂമിയിൽ നിർമിക്കുന്ന ആലയത്തിൽ രാമനെക്കാൾ ദുഃഖിതൻ, ഒരു പക്ഷേ, ഭരതനാവും.

രാമരാജ്യ ഭൂപടത്തിൽ  എവിടെയാവും അയോധ്യ?
'ഇത് ആചാരലംഘനം'; ശങ്കരാചാര്യന്മാര്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്നത് എന്തുകൊണ്ട്?

രാമായണത്തിന്റെ അവസാന ഭാഗത്ത് സീതയെ പരിത്യജിക്കുന്ന രാമനെ നാം കാണുന്നുണ്ട്. പ്രജകളിൽ ആരോ ചാരിത്ര്യശുദ്ധിയിൽ സംശയം ഉന്നയിച്ചതിനാലാണ് രാമൻ അഗ്നിശുദ്ധി വരുത്തി വരാൻ സീതയോട് ആവശ്യപ്പെടുന്നത്. സത്യത്തിൽ രാമന് സീതയിൽ തരിമ്പും സംശയം ഇല്ലായിരുന്നു. എന്നാൽ രാജാവ് എന്ന നിലയിൽ പ്രജകളിൽ തുലോം ന്യൂനപക്ഷമായ വിഭാഗങ്ങളുടെ ആശങ്കകൾ കൂടെ പരിഗണിക്കണമെന്ന രാജ ധർമമാണ് അദ്ദേഹത്തെ നയിക്കുന്നത്. ഭൂരിപക്ഷത്തിന്റെ ബലത്തിൽ മാത്രം രാമനായി സിംഹാസനങ്ങൾ നേടിയെടുക്കുന്നവർ സൗകര്യപൂർവം മറന്നുകളയുന്ന ഭാഗമാണിത്.

അധികാരത്തിന്റെ ഗർവിൽ മതിമറന്ന രാവണൻ ധർമപാത വെടിയുകയും അങ്ങനെ രാജ്യത്തിൻറെ സർവനാശത്തിന് വഴി തെളിച്ച കഥയും പറയുന്നുണ്ട് രാമായണം. തികഞ്ഞ ഈശ്വര വിശ്വാസിയായ രാവണൻ എപ്പോഴോ അധികാരത്താൽ അന്ധനായി ധർമിഷ്ഠരായ സ്വജനങ്ങളുടെ സദ് ഭാഷണങ്ങൾ പോലും അവഗണിച്ച് അധികാരത്തിന്റെ ബലത്തിൽ പലതും ചെയ്തുകൂട്ടുന്നുണ്ട്. അങ്ങനെയുള്ള രാവണനിൽ നിന്ന് പ്രജകളെയും രാജ്യത്തെയും മോചിപ്പിക്കുകയാണ് രാമാവതാരത്തിന്റെ ലക്ഷ്യംതന്നെ.

അഹങ്കാരത്താൽ അധികാരികൾ മതിമറക്കരുതെന്നും വിവേകത്തിന്റെ ശബ്ദങ്ങൾക്കായി അവർ കാതോർത്തിരിക്കണമെന്നും പ്രജകളെ എല്ലാപേരെയും ഒന്നായി കാണണമെന്നും വികാരങ്ങളെ നിയന്ത്രിച്ച്, ശാന്തിയെ ഭജിച്ച് ആധ്യാത്മിക ഉന്നതി നേടാൻ ഓരോ വിശ്വാസിയും ശ്രമിക്കണമെന്നുമൊക്കെ നമ്മെ പഠിപ്പിക്കുന്ന ഇതിഹാസമാണ് രാമായണം. ആ പാഠങ്ങൾക്ക് എല്ലാം പുറത്താണ് ഇപ്പോൾ നടക്കുന്ന ആർപ്പുവിളികളും വിജയാഹ്ളാദവും.

logo
The Fourth
www.thefourthnews.in