ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് വിവാഹമോചനം നേടാം: മധ്യപ്രദേശ് ഹൈക്കോടതി

ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് വിവാഹമോചനം നേടാം: മധ്യപ്രദേശ് ഹൈക്കോടതി

ആറ് വയസുകാരിയായ മകള്‍ക്കൊപ്പം കൊലപാതക കേസിലെ പ്രതിക്കൊപ്പം ജീവിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്നും കോടതി

ഗുരുതരമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്വത്ത് തർക്കത്തെത്തുടർന്ന് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടയാളിൽനിന്ന് യുവതിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ശിക്ഷയുമായി ബന്ധപ്പെട്ട് വിവാഹമോചനം നല്‍കാന്‍ വ്യവസ്ഥയില്ലെങ്കിലും മാനസിക ക്രൂരതയുടെ പേരില്‍ അനുവദിക്കാമെന്ന് ജസ്റ്റിസ് വിവേക് റുസിയയും രാജേന്ദ്ര കുമാര്‍ വാണിയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ''ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം ഭര്‍ത്താവ് കുറ്റക്കാരനാകുന്നതും ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യുന്നത് ഭാര്യക്കു മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിലൂടെ ഭാര്യക്ക് വിവാഹമോചനം നല്‍കാവുന്നതാണ്,'' കോടതി പറഞ്ഞു.

ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് വിവാഹമോചനം നേടാം: മധ്യപ്രദേശ് ഹൈക്കോടതി
സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനില്‍ അജ്ഞാതജീവി; വൈറലായി വീഡിയോദൃശ്യങ്ങള്‍

2011ല്‍ വിവാഹിതരായ ദമ്പതികളുടെ കേസാണ് കോടതി പരിഗണിക്കുന്നത്. 2019ല്‍ ഭര്‍ത്താവ് പിതാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ 2020ലാണ് യുവതി ഗ്വാളിയോര്‍ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നത്. തന്നോട് ഭര്‍ത്താവിന്റെ പെരുമാറ്റം അക്രമാസക്തവും ക്രൂരവുമായതുമാണെന്നും യുവതി ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാല്‍ കുടുംബകോടതി യുവതിയുടെ ഹര്‍ജി തള്ളി.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നതു ക്രൂരതയ്ക്കു തുല്യമല്ലെന്നും യുവതിയോട് ഭര്‍ത്താവ് ക്രൂരമായി പെറുമാറിയെന്നതിന് തെളിവില്ലെന്നുമായിരുന്നു കുടുംബക്കോടതി ഉത്തരവ്. ഇതിനെതിരെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുണ്ടെന്നും അതില്‍ ഒന്ന് കൊലപാതകക്കുറ്റമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭര്‍ത്താവില്‍നിന്ന് ഭാര്യക്ക് വിവാഹമോചനം നേടാം: മധ്യപ്രദേശ് ഹൈക്കോടതി
ബിജെപിയുടെ പുതിയ അധ്യക്ഷനാര്? മുതിര്‍ന്ന നേതാക്കളെല്ലാം മോദി മന്ത്രിസഭയിൽ; സാധ്യതപ്പട്ടികയിൽ മുന്‍പന്തിയില്‍ ഇവര്‍

''ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് പ്രതിക്ക് ജാമ്യം നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 307-ാം വകുപ്പ് പ്രകാരം വിചാരണ നേരിടുന്ന, കൊലപാതകക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടുന്ന വ്യക്തിയോടൊപ്പം ജീവിക്കുകയെന്നത് ഭാര്യയെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് ഭാര്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടാക്കാം,'' കോടതി വ്യക്തമാക്കി.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയ ക്രിമിനലായ വ്യക്തിയോടൊപ്പം വിവാഹബന്ധം പുലര്‍ത്താന്‍ ഒരു ഭാര്യക്കും സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരുവരുടെയും ആറു വയസുകാരിയായ മകളുടെ മാനസികാവസ്ഥയെയും കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു.

''പ്രതിയായ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ഭാര്യയുടെ മാത്രം കേസല്ലിത്. കുറ്റവാളിയായ പിതാവിനൊപ്പം മകള്‍ ജീവിക്കുന്നത് നല്ലതല്ല. ആറാം വയസില്‍ മകള്‍ പ്രതിയോടൊപ്പം ജീവിക്കുന്നത് കുട്ടിയുടെ മാനസിക ക്ഷേമത്തിനു നല്ലതല്ല,'' കോടതി ചൂണ്ടിക്കാട്ടി.

കുടുംബകോടതി കേസ് തള്ളിയത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കി. ആറ് വര്‍ഷമായി ദമ്പതികള്‍ ഒരുമിച്ച് ജീവിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് യുവതി വിവാഹമോചനത്തിന് അര്‍ഹയാണെന്ന് കോടതി വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in