അഴിമതിക്കെതിരെ പോരാടി ജയിച്ച നേതാവ് അഴിമതി ആരോപണക്കേസില്‍ ജയിലിലാകുമ്പോള്‍; ബിജെപിയെ മറികടന്ന് നിലനില്‍ക്കുമോ ആം ആദ്മി?

അഴിമതിക്കെതിരെ പോരാടി ജയിച്ച നേതാവ് അഴിമതി ആരോപണക്കേസില്‍ ജയിലിലാകുമ്പോള്‍; ബിജെപിയെ മറികടന്ന് നിലനില്‍ക്കുമോ ആം ആദ്മി?

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നിലവില്‍ ഇന്ത്യ മുന്നണിയിലെ ശക്തമായ പാര്‍ട്ടിയാണ് ആംആദ്മി

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ സുപ്രീം കോടതിയുടെ ഇടപെടല്‍ കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. കൂടാതെ ഇന്ത്യ മുന്നണിയുടെ യോജിച്ച പ്രവര്‍ത്തനങ്ങളും വെല്ലുവിളിയുയര്‍ത്തുന്നു. ഈ സാഹചര്യം മറികടക്കുന്നതിന് വേണ്ടിയുള്ള വേട്ടയാണ് കഴിഞ്ഞ ദിവസത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റെന്ന രാഷ്ട്രീയ ആരോപണം ശക്തമാവുകയാണ്.

കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നിലവില്‍ ഇന്ത്യ മുന്നണിയിലെ ശക്തമായ പാര്‍ട്ടിയാണ് ആം ആദ്മി. ആം ആദ്മിയുടെ സ്ഥാപക നേതാവായ കെജ്‌രിവാളിനെതന്നെ പൂട്ടാന്‍ ബിജെപി തീരുമാനിച്ചതിന് പിന്നിലെ കാരണവും ഇതു തന്നെയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ വളര്‍ന്ന പാര്‍ട്ടിയെ അഴിമതി ആരോപിച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. ഈ അറസ്റ്റിനെയും മദ്യനയ അഴിമതിക്കേസിനെയും നിയമപരമായി നേരിട്ട് വിജയിച്ചാല്‍ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ തലത്തിലെ ശക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. ബിജെപിയുടെ ഇ ഡി വേട്ടയെ നേരിട്ട കെജ്‌രിവാള്‍ എന്ന നേതാവിന്റെ ശോഭയും വര്‍ധിക്കും.

കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടന്ന പ്രതിഷേധം
കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടന്ന പ്രതിഷേധം

അഴിമതിക്കെതിരെ ഉയര്‍ന്നു വന്ന പാര്‍ട്ടി

കെജ്‌രിവാള്‍ ഒരു വ്യക്തിയല്ലെന്നും, ഒരു പ്രസ്ഥാനമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതായത് ഈ അറസ്റ്റ് ആംആദ്മിയുടെ നേതാവിനെ മാത്രമല്ല, ആംആദ്മിയെ മൊത്തത്തില്‍ ബാധിക്കുന്നതാണ്. ഒരു പ്രസ്ഥാനമായി കെജ്‌രിവാള്‍ മാറുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ ആശയം എന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

ലോക്പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള 'ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ആംആദ്മി ദേശീയ ശ്രദ്ധാകേന്ദ്രമായത്.  അന്ന് അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം അണ്ണാ ഹസാരെയുമുണ്ടായിരുന്നു. സമരത്തിന് ബിജെപിയുടെ പിന്തുണയും പരോക്ഷമായുണ്ടായിരുന്നു. സമരത്തിന് ആളുകളെ എത്തിക്കുന്നതിലടക്കം ആര്‍എസ്എസിന് വലിയ പങ്കാളിത്തമുണ്ടായിരുന്നുവെന്ന് അന്ന് തന്നെ വലിയ ആരോപണമുണ്ടായിരുന്നു. അത് പിന്നീട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. പൊതു സമൂഹത്തില്‍ രാഷ്ട്രീയക്കാര്‍, കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍, ജഡ്ജിമാര്‍ തുടങ്ങി പലരും അഴിമതിക്കാരാണ്. ഇന്ത്യ അഴിമതിക്ക് എതിരാണ് (ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന മുദ്രാവാക്യം ഉയര്‍ന്നു വന്ന സമയങ്ങളില്‍ പോരാടാന്‍ കെജ്‌രിവാള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അയാള്‍ ഒരു പ്രസ്ഥാനമായി മാറുന്നത്.

ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ്റെ സമരവേളയില്‍ അണ്ണാഹസാരയ്ക്കും മനീഷ് സിസോദിയക്കുമൊപ്പം അരവിന്ദ് കെജ്‍രിവാള്‍
ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ്റെ സമരവേളയില്‍ അണ്ണാഹസാരയ്ക്കും മനീഷ് സിസോദിയക്കുമൊപ്പം അരവിന്ദ് കെജ്‍രിവാള്‍

പിന്നീട് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. എല്ലാ ചവറുകളെയും നീക്കി വൃത്തിയാക്കുന്ന ചൂലിന്റെ ചിഹ്നത്തില്‍ വന്ന പാര്‍ട്ടിയെ മധ്യവര്‍ഗം സ്വീകരിച്ചു. പൊതുവേ രാഷ്ട്രീയക്കാരില്‍ വിദ്യാഭ്യാസമുള്ളവര്‍ കുറവാണെന്ന പ്രചരണങ്ങള്‍ക്ക് ഭിന്നമായി ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു പാര്‍ട്ടി നേതാക്കള്‍. പൊതുവര്‍ഗത്തെ തൃപ്തിപ്പെടുത്താനുള്ള ഘടകങ്ങള്‍ തുടക്കത്തില്‍തന്നെ ആംആദ്മിക്കുണ്ടായിരുന്നു. കൂടാതെ അഴിമതി വിരുദ്ധത്തിനെതിരെയുള്ള പോരാട്ടവും ആംആദ്മിക്ക് മൈലേജുണ്ടാക്കി. പിന്നാലെ 2014ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും ആംആദ്മി അധികാരത്തിലെത്തി. ബിജെപിയുടെ ശത്രുപക്ഷത്തായി ആംആദ്മിയും മാറി.

അഴിമതിക്കെതിരെ പോരാടി ജയിച്ച നേതാവ് അഴിമതി ആരോപണക്കേസില്‍ ജയിലിലാകുമ്പോള്‍; ബിജെപിയെ മറികടന്ന് നിലനില്‍ക്കുമോ ആം ആദ്മി?
നിയമവും ധാര്‍മികതയും; ഡല്‍ഹി മുഖ്യമന്ത്രിയായി കെജ്‌രിവാളിന് ജയിലില്‍ തുടരാനാകുമോ?

ബിജെപിയുടെ ശത്രുതയ്ക്ക് പിന്നില്‍

ബിജെപിക്ക് ആം ആദ്മിയോടുള്ള ശത്രുത മൂര്‍ധന്യാവസ്ഥയിലാണെന്ന് ഈ അറസ്റ്റ് തെളിയിക്കുന്നുണ്ട്. അറസ്റ്റിനെയും മദ്യനയ അഴിമതിക്കേസിനെയും നേരിട്ട് വിജയിച്ചാല്‍ ആംആദ്മി പാര്‍ട്ടിയുടെ ദേശീയ തലത്തിലെ ശക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. അഴിമതി എന്ന ആരോപണം ഉന്നയിച്ച് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ബിജെപി ശ്രമിക്കുന്നതും അതുകൊണ്ട് തന്നെ. എന്തിന് വേണ്ടിയാണോ ഒരു പാര്‍ട്ടി രൂപം കൊണ്ടത് അതേ കാരണങ്ങളാല്‍ വേട്ടയാടപ്പെട്ടാല്‍ ആ പാര്‍ട്ടിയുടെ നാശം പെട്ടെന്ന് സംഭവിക്കുമെന്നതുതന്നെ കാരണം.

ബിജെപിയുടെ പ്രതീക്ഷകളും കടന്ന് കെജ്‌രിവാളിന്റെ ആശയങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് മുന്‍ വര്‍ഷങ്ങളില്‍ കാണാം. പഞ്ചാബില്‍ ഭരണപക്ഷത്തെത്തിയ ആംആദ്മി ഹരിയാന, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലേക്കും വളരുകയായിരുന്നു.

ഗുജറാത്തിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ 13 ശതമാനം വോട്ടുകളാണ് ആംആദ്മി നേടിയത്. 2022ലെ സംസ്ഥാന തിരഞ്ഞെടുപ്പിലും ബിജെപിയുടെ ഹൃദയഭൂമിയില്‍ നിന്നും വോട്ടുകള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചു.

ഇതോടെ സ്വന്തം മേഖലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന പാര്‍ട്ടിയായി ആം ആദ്മി മാറി. ഗോവ, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ പണവും സമയവും ചെലവഴിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍), തന്റെ പാര്‍ട്ടിയുടെ പേര് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍സി)യില്‍ നിന്നും ടി (തെലങ്കാന) മാറ്റി ഭാരത് രാഷ്ട്ര സമിതിയെന്നാക്കി മാറ്റിയതും പരാജയമായിരുന്നു. മറ്റ് പാര്‍ട്ടികള്‍ക്കും സമാന രീതിയില്‍ സ്വന്തം മേഖലകള്‍ക്കപ്പുറത്തേക്ക് വളരാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ചരിത്രമാണ് ആംആദ്മിയുടേത്. ബിജെപിക്കും കോണ്‍ഗ്രസിനും ശേഷം ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയും ആംആദ്മിയാണ്.

അഴിമതിക്കെതിരെ പോരാടി ജയിച്ച നേതാവ് അഴിമതി ആരോപണക്കേസില്‍ ജയിലിലാകുമ്പോള്‍; ബിജെപിയെ മറികടന്ന് നിലനില്‍ക്കുമോ ആം ആദ്മി?
അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

ബിജെപിയുടെ രാമനെ മുന്‍നിര്‍ത്തിയുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന് മറുമരുന്നായി കെജ്‍രിവാള്‍, ഹനുമാനെ രംഗത്തിറക്കിയുള്ള മൃതുഹിന്ദുത്വ സമീപനവും കൈക്കൊണ്ടു. ഹനുമാന്‍ ചാലിസ ചൊല്ലിയും ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചും ബിജെപിയെ എതിരിട്ടു. ഇത് ഹിന്ദുത്വത്തില്‍ ഊന്നി രാഷ്ട്രീയ നേട്ടം കൊയ്യുന്ന ബിജെപിയെ ചൊടിപ്പിക്കാനുള്ള മറ്റൊരു കാരണമായി മാറി. ഇക്കാരണങ്ങളാല്‍ തന്നെ കോണ്‍ഗ്രസിനെ പോലെതന്നെ ബിജെപിയുടെ പൊതുശത്രുവായി ആംആദ്മി മാറുകയായിരുന്നു.

കോണ്‍ഗ്രസിന്റെ പിന്തുണ

2010-14ലെ കെജ്‌രിവാളിന്റെയും പാര്‍ട്ടിയുടെയും പ്രചരണമാണ് കോണ്‍ഗ്രസിനെ ഡല്‍ഹിയില്‍ നിന്നും താഴെയിറക്കാനുള്ള പ്രധാന കാരണം. എന്നാല്‍ കെജ്‌രിവാളിന്റെ അറസ്റ്റിനെ ഏറ്റവും കൂടുതല്‍ പ്രതിരോധിക്കുന്നതും കോണ്‍ഗ്രസാണ്. ഇന്ന് ആംആദ്മിക്ക് എന്താണോ സംഭവിക്കുന്നത് അത് നാളെ തങ്ങള്‍ക്കും സംഭവിക്കുമെന്ന ചിന്ത കോണ്‍ഗ്രസിനുണ്ട്. ആംആദ്മിക്കെതിരായ ആക്രമണം ഇന്ത്യയെ ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തികേന്ദ്രമാക്കി മാറ്റുകയും ചെയ്യുന്നു.

ആംആദ്മി പാര്‍ട്ടിയുടെ അപചയം സംഭവിച്ചാല്‍ 2029 വരെയെങ്കിലും ബിജെപിയുടെ ദേശീയ തലത്തിലുള്ള പൊതു ശത്രു കോണ്‍ഗ്രസ് മാത്രമായിരിക്കും.

ഈ പോരാട്ടത്തില്‍ ബിജെപി വിജയിക്കുകയും കെജ്‌രിവാള്‍ തോല്‍ക്കുകയാണെങ്കില്‍ ആംആദ്മിയുടെ പതനമായി അത് മാറും. തങ്ങളുടെ രാഷ്ട്രീയ ഭൂമിശാസ്ത്രം വികസിപ്പിക്കാനുള്ള ജനപ്രിയരും ശക്തരുമായ നേതാക്കളുടെ ആഗ്രഹാഭിലാഷങ്ങളും ഇല്ലാതാകും. അതുകൊണ്ടുതന്നെ ഈ അറസ്റ്റ് പ്രതിരോധിക്കേണ്ടതും കുറ്റവാളികളല്ലെന്ന് നിയമത്തിന് മുന്നില്‍ തെളിയിക്കേണ്ടുതും ആംആദ്മി പാര്‍ട്ടിയുടെ നിലനില്‍പ്പിന് പ്രധാനമാണ്.

logo
The Fourth
www.thefourthnews.in