സാക്ഷി മാലിക്
സാക്ഷി മാലിക്

'ജോലി കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കണ്ട, ആവശ്യമെങ്കിൽ രാജിവയ്ക്കാനും മടിയില്ല'; സാക്ഷി മാലിക്

നീതി നേടാനുള്ള വഴിയിൽ ജോലി ഒരു തടസമായാൽ അതുപേക്ഷിക്കാൻ ഒരു നിമിഷം പോലും വൈകില്ല

ലൈംഗികാരോപണ കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരത്തിൽ നിന്ന് ജോലി നഷ്ടപ്പെടാതിരിക്കാൻ പിന്മാറിയെന്ന ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് സാക്ഷി മാലിക്. ജോലി കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്ന് സാക്ഷി മാലിക് പറഞ്ഞു. നീതി കിട്ടാൻ ജോലി തടസ്സമാണെങ്കിൽ ജോലി രാജി വയ്ക്കാനും മടിയില്ലെന്നും ​ഗുസ്തി താരം പ്രതികരിച്ചു.

"ഞങ്ങളുടെ മെഡലുകൾക്ക് 15 രൂപ മാത്രമാണ് വിലയെന്ന് പറഞ്ഞവർ ഇപ്പോൾ ജോലിക്ക് പുറകെയാണ്. ജീവിതം തന്നെ അപകടത്തിലാണ്, അതിന് മുൻപിൽ ജോലി വളരെ ചെറിയ കാര്യമാണ്. നീതി നേടാനുള്ള വഴിയിൽ ജോലി ഒരു തടസമായാൽ അതുപേക്ഷിക്കാൻ ഒരു നിമിഷം പോലും വൈകില്ല. ജോലി കാണിച്ചൊന്നും ഭയപ്പെടുത്താൻ ശ്രമിക്കേണ്ട" സാക്ഷി മാലിക് ട്വിറ്ററിൽ കുറിച്ചു.

സമരം തുടരുന്നതിനിടെ ജോലിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയവർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ജോലിയിൽ തിരികെ പ്രവേശിച്ചത്. അമിത് ഷായുടെ ഇടപെടലിനെ തുടർന്ന് സാക്ഷി മാലിക്ക് ഉൾപ്പെടെയുള്ള താരങ്ങൾ സമരത്തിൽ നിന്ന് പിന്മാറിയിന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ഇതോടെ വിശദീകരണവുമായി സാക്ഷി മാലിക് തന്നെ രംഗത്തെത്തിയിരുന്നു. സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. 

സാക്ഷി മാലിക്
ഗുസ്തി സമരം പൊളിയുന്നു? താരങ്ങൾ ജോലിയിൽ പ്രവേശിച്ചു; പിന്മാറിയില്ലെന്ന് വിശദീകരണം

വാർത്ത അടിസ്ഥാനരഹിതമെന്നായിരുന്നു സാക്ഷിയുടെ വിശദീകരണം. ''ഈ വാർത്ത തികച്ചും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല, ഇനി പിന്മാറുകയുമില്ല. സത്യഗ്രഹത്തോടൊപ്പം റെയിൽവെയിലെ എന്‌റെ ഉത്തരവാദിത്വവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്''- സാക്ഷി മാലിക് ട്വീറ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in