കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്

കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്

'ഇന്ത്യയിലെ' ചില കരുത്തരായ വനിതാ നേതാക്കളെക്കുറിച്ചും അവരുടെ നിലപാടുകള്‍ മുന്നണിയെ എങ്ങനെ സഹായിക്കുമെന്നും നോക്കാം.

വൈരുദ്ധ്യങ്ങളും അഭിപ്രായ വ്യത്യസങ്ങളും നിരവധിയുണ്ടെങ്കിലും പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിയില്‍ കരുത്തരായ ഒരുപിടി നേതാക്കളുണ്ട്. തപ്പിത്തടഞ്ഞാണ് മുന്നോട്ടു പോക്കെങ്കിലും, ഒന്നു കച്ചമുറുക്കി ഇറങ്ങിയാല്‍ രാജ്യത്തിന്റെ വിധി തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള , കഴിവുതെളിയിച്ച നേതാക്കളുടെ വന്‍ നിരയാണ് 'ഇന്ത്യ' മുന്നണി. പാര്‍ലമെന്റിന് അകത്തും പുറത്തും ഭരണകൂടത്തിന് എതിരെ നിരന്തര സമരങ്ങള്‍ തീര്‍ക്കുന്ന 'ഇന്ത്യ'യിലെ' പ്രധാനപ്പെട്ട കരുത്തരായ വനിതാ നേതാക്കളെക്കുറിച്ചും അവരുടെ നിലപാടുകള്‍ മുന്നണിയെ എങ്ങനെ സഹായിക്കുമെന്നും നോക്കാം.

സോണിയ ഇല്ലാതെ എന്ത് 'ഇന്ത്യ!'

സോണിയ ഗാന്ധി മുതല്‍ കനിമൊഴി വരെയുള്ള അനുഭവ പരിചയമുള്ള വനിതാ നേതാക്കള്‍ നിരവധിയുണ്ട് ഇന്ത്യ മുന്നണിയില്‍. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികളും ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും അലട്ടന്നുണ്ടെങ്കിലും സോണിയ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മറുവാക്കില്ലാത്ത നേതാവാണ്. ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന നിരവധി നേതാക്കളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ സോണിയ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്.

കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്
21-ാം വയസിലെ ക്രൂരത, മകളെയും ഗർഭസ്ഥ ശിശുവിനെയും നഷ്ടപ്പെട്ട വേദന; തളരാതെ പോരാടുന്ന ബില്‍ക്കിസ് എന്ന ഫീനിക്സ്

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിന്റെ പടനയിക്കുന്നത് സോണിയയാണ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍, കോണ്‍ഗ്രസിന് വേണ്ടി പ്രചാരണ റാലികള്‍ നടത്താന്‍ സോണിയ ഗാന്ധി പലവട്ടം എത്തിയിരുന്നു. തെലങ്കാനയിലാണ് ഏറ്റവും കൂടുതല്‍ റാലികളില്‍ സോണിയ പങ്കെടുത്തത്. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ആവേശക്കളരിയില്‍ ഡികെ ശിവകുമാറിനും സിദ്ധരാമയ്യക്കുമൊപ്പം സോണിയയും കളം നിറഞ്ഞു നിന്നു. 'ഇന്ത്യ' മുന്നണി രൂപീകരണ ചര്‍ച്ചയിലും സജീവമായിരുന്നു. പട്‌നയില്‍ നടന്ന ആദ്യ യോഗം മുതല്‍ മുന്നണിയിലെ പ്രധാനപ്പെട്ട എല്ലാ യോഗങ്ങളിലും സോണിയ പങ്കെടുത്തിരുന്നു.

മമത ബാനര്‍ജി, ദി ഫയര്‍ബ്രാന്‍ഡ്!

മുന്നണിയിലെ 'ഫസ്റ്റ് ലേഡി' സോണിയ ഗാന്ധിയാണെങ്കിലും 'ഫയര്‍ ബ്രാന്‍ഡ്' മമത ബാനര്‍ജിയാണ്. ബിജെപിയുമായി നിരന്തരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന വനിതാ നേതാവ് എന്നു വേണമെങ്കില്‍ മമതയെ വിശേഷിപ്പിക്കാം. ലോക്‌സഭയില്‍ പശ്ചിമ ബംഗാളില്‍ നിന്ന്‌ 18 സീറ്റാണ് ബിജെപിക്കുള്ളത്, തൃണമൂലിന് 22. ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ 2021-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പക്ഷേ, മമത ബാനര്‍ജി ബിജെപിയെ ചെറുത്തുതോല്‍പ്പിച്ചു. 213 സീറ്റിന്റെ കരുത്തിലാണ് ബംഗാളില്‍ മമത വീണ്ടും അധികാരത്തില്‍ വന്നത്. 2011-ല്‍ സിപിഎം കോട്ട തകര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സീറ്റെണ്ണം. പക്ഷേ, 77 സീറ്റുമായി ബിജെപി മുഖ്യപ്രതിപക്ഷമാണ്. ബിജെപി-തൃണമൂല്‍ ഏറ്റുമുട്ടല്‍ ശക്തമാണ് ബംഗാളില്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ചോരപ്പുഴ ഒഴുക്കിയിരുന്നു. നിരവധി ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്
'പോയ് വരൂ ഉമർ, ഞങ്ങൾ ഇവിടെയുണ്ട്'; അപേക്ഷ പ്രിയദർശിനി അഭിമുഖം

മുന്‍പ് ജഗ്ധീപ് ധന്‍കറും ഇപ്പോള്‍ സി വി ആനന്ദബോസും ഗവര്‍ണര്‍ സ്ഥാനത്തിരുന്നു ആവുംവിധമെല്ലാം മമതയെ പ്രതിരോത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി കസേരയിലേക്കൊരു കണ്ണുണ്ടെങ്കിലും ബിജെപിയുടെ 'ബംഗാള്‍ കടന്നുകയറ്റം' തടയുകയാണ് മമതയുടെ നിലവിലെ പ്രാഥമിക ലക്ഷ്യം.

ബിജെപി കഴിഞ്ഞാല്‍, തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത്‌ വിജയിച്ച പ്രധാന പാര്‍ട്ടിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന് എതിരെ പല വിഷയങ്ങളിലും കോണ്‍ഗ്രസ് ശബ്ദമുയര്‍ത്തുന്നതിന് മുന്‍പേ നിലപാട് വ്യക്തമാക്കി കളംപിടിക്കുന്ന പതിവും മമതയ്ക്കുണ്ട്. ഇന്ത്യ മുന്നണിയില്‍ അഖിലേഷ് യാദവ്, ശരദ് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി മമതയ്ക്കുള്ള അടുത്ത ബന്ധം, സീറ്റ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടെ തുണച്ചേക്കും. മമതയുടെ കടുംപിടുത്തങ്ങളും പരിഭവങ്ങളും പരിഹരിക്കാന്‍ മുന്നണിക്കായാല്‍, പ്രതിപക്ഷ സഖ്യത്തിന്റെ ഗ്രാഫ് ഉയര്‍ത്താന്‍ ദീദിയുടെ ഇടപെടലുകള്‍ സഹായമാകും.

മെഹബൂബ മുഫ്തി, കശ്മീരിന്റെ സ്ത്രീ ശബ്ദം

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്തി ഇന്ത്യ മുന്നണിയുടെ മുഖങ്ങളില്‍ പ്രധാനിയാണ്. ജമ്മു കശ്മീരിലെ ഏക വനിതാ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ, ബിജപിയുമായി സഖ്യമുണ്ടാക്കിയാണ് ഭരിച്ചതെങ്കിലും നിലവില്‍ ബിജെപിയുടെ കണ്ണിലെ പ്രധാന കരടുകളിലൊന്നാണ്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിന് എതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന മെഹബൂബയെ പലഘട്ടങ്ങളിലായി ഭരണകൂടം വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്. 2019 ഒക്ടോബറില്‍ വീട്ടുതടങ്കലിലടച്ച മെഹബൂബയെ സുപ്രീകോടതിയുടെ ഇടപെടലിനെ തുര്‍ന്ന് 2020 ഒക്ടോബറിലാണ് വിട്ടയച്ചത്.

പിഡിപി രൂപീകരിച്ചത് മുന്‍ മുഖ്യമന്ത്രിയും പിതാവുമായ മുഫ്തി മുഹമ്മദ്‌ സയീദ് ആയിരുന്നെങ്കിലും പാര്‍ട്ടിയുടെ തുടക്കം മുതല്‍ പ്രധാന മുഖമായി മെഹബൂബ ഉണ്ടായിരുന്നു. തുടക്ക കാലത്ത്, ജമ്മു കശ്മീരിലെ ഒട്ടുമിക്ക ഗ്രാമങ്ങളും സന്ദര്‍ശിച്ച് പാര്‍ട്ടിയെ വളര്‍ത്തിയ ചരിത്രമുണ്ട് മെഹബൂബയ്ക്ക്. മെഹബൂബ മുഫ്തിയുടെ വൈകാരിക പ്രസംഗങ്ങളും ആള്‍ക്കൂട്ടം സൃഷ്ടിക്കാനുള്ള കഴിവും മുന്നണിക്ക് കരുത്താകും എന്നാണ് സഖ്യം കണക്കുകൂട്ടുന്നത്.

കാട്ടുതീ പോലൊരു കനിമൊഴി, പോരാട്ടം മടുക്കാത്ത ബൃന്ദയും ആനിയും, മുന്നിലുണ്ട് സോണിയയും ദീദിയും; 'ഇന്ത്യ'യുടെ പെണ്‍കരുത്ത്
'ശോഭനയെ അപമാനിച്ചതല്ല, എന്റെ വാക്കുകള്‍ മോദി പുകഴ്ത്തലിനെതിരെ': ശീതള്‍ ശ്യാം

കനിമൊഴി

ലോക്‌സഭയില്‍ ബിജെപിയുമായി നിരന്തരം ഏറ്റുമുട്ടലുകള്‍, അമിത് ഷാ മുതല്‍ നരേന്ദ്ര മോദിവരെ അറിഞ്ഞ വാക്കിന്റെ ചൂട്. മുത്തുവേല്‍ കരുണാനിധി മകള്‍ കനിമൊഴി ഇന്ത്യ മുന്നണിയുടെ മറ്റൊരു തീയാണ്. 56-കാരിയായ കനിമൊഴിയാണ് പാര്‍ലമെന്റില്‍ ഡിഎംകെയുടെ പ്രധാന ശബ്ദം. സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന കനിമൊഴി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാവാണ്. കേന്ദ്രസര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രസംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് കനിമൊഴിയുടെ പാര്‍ലമെന്റിലെ ഇടപെടലുകള്‍.

സഭയ്ക്ക് പുറത്തും പോരാട്ടം കുറവല്ല. സമരങ്ങളും അറസ്റ്റുകളും സ്ഥിരം. ഇന്ത്യ മുന്നണിയിലെ ചര്‍ച്ചകളില്‍ എംകെ സ്റ്റാലിനൊപ്പം കനിമൊഴിയുമുണ്ടാകാറുണ്ട്. ടു ജി സ്‌പെക്ട്രം അഴിമതിയും തീഹാര്‍ വാസവും സ്റ്റാലിനുമായുള്ള അധികാര വടംവലിയുമെല്ലാം രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടുകളാണെങ്കിലും, സ്ത്രീകള്‍ക്കുവേണ്ടിയുള്ള അവകാശ പോരാട്ടങ്ങളിലെ സാന്നിധ്യം കനിമൊഴിയെ പ്രിയങ്കരിയാക്കുന്നു.

ഇടത് പെണ്‍കരുത്ത്

മുന്നിയുടെ നയപരമായ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന രണ്ടു വനിതാ നേതാക്കളാണ് സിപിഎമ്മിന്റെ ബൃന്ദ കാരാട്ടും സിപിഐയുടെ ആനി രാജയും. സ്ത്രീ, പരിസ്ഥിതി, തൊഴിലാളി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന നേതാക്കള്‍. സിപിഎം പോളിറ്റ് ബ്യൂറോയിലെത്തിയ ആദ്യ വനിതയാണ് ബൃന്ദ കാരാട്ട്. രാജ്യസഭ അംഗമായ സമയത്തും സ്ത്രീ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടാന്‍ ബൃന്ദ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

എന്‍എഫ്‌ഐഡബ്ല്യു ജനറല്‍ സെക്രട്ടറിയായ ആനി രാജ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമര വേദികളില്‍ സ്ഥിരം സാന്നിധ്യമാണ്. മണിപ്പൂര്‍ സന്ദര്‍ശിച്ച് കലാപം സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന് രാജ്യദ്രോഹ കുറ്റത്തിന് ആനി രാജയ്ക്ക് എതിരെ കേസെടുത്തിരുന്നു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ നിരന്തരം ശബ്ദമുയര്‍ത്തുന്ന ബൃന്ദയും ആനി രാജയും പറയുന്ന വാക്കുകള്‍ക്ക് ഇന്ത്യ മുന്നണിയുടെ പ്രമുഖ നേതാക്കള്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

മഹുവ മൊയ്ത്ര

മമത ബാനര്‍ജി ബ്രിഗേഡിലെ പ്രധാനിയായ മഹുവ മൊയ്ത്രയും ബിജെപിയും തമ്മിലുള്ള പോര് അവരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുന്നതുവരെ എത്തിച്ചു. ബിജെപി കടന്നാക്രമിച്ച വനിതാ നേതാക്കളില്‍ മുന്‍പന്തിയിലാണ് മഹുവയുടെ സ്ഥാനം. നരേന്ദ്ര മോദിയെ പേരെടുത്തു വിമര്‍ശിക്കാന്‍ ഒരു മടിയുമില്ലാത്ത നേതാവ്. പല വിഷയങ്ങളിലും മമത ബാനര്‍ജി നിലപാട് വ്യക്താക്കുന്നതിനു മുന്‍പുതന്നെ മഹുവ നിലപാട് സ്വീകരിക്കാറുണ്ട്. പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയാലും താന്‍ പോരാട്ടം തുടരുമെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ചു തിരിച്ചെത്തുമെന്നും മഹുവ പ്രഖ്യാപിച്ചിട്ടുണ്ട്.

Mahua Moitra
Mahua Moitra

ഇനിയുമുണ്ട് നിരവധി മുഖങ്ങള്‍, എന്‍സിപിയുടെ സുപ്രിയ സുലെ, എഎപിയുടെ അതിഷി മര്‍ലെന, അവസാനം വന്നു ചേര്‍ന്ന വൈ എസ് ശര്‍മിള അങ്ങനെ പട്ടിക നീളുകയാണ്. സ്ത്രീ സാന്നിധ്യം മതിയായ അളവില്‍ ഉണ്ടോയെന്ന് ചോദിച്ചാല്‍, ഇല്ലെന്നാകും ഉത്തരം. എന്നിരുന്നാലും ഉള്ളവരെല്ലാം തീയാണ് എന്ന കാര്യത്തില്‍ സംശയമില്ല. യുപിയില്‍ നിന്ന് മായാവതി കൂടി ഈ പട്ടികയില്‍ വന്നുചേര്‍ന്നാല്‍, ആളിപ്പടര്‍ന്നു കാട്ടുതീയാകാന്‍ അധിക നേരമൊന്നും വേണ്ട.

logo
The Fourth
www.thefourthnews.in