'വനിതാ സംവരണ ബിൽ പാസാക്കണം'; കെ കവിതയുടെ നിരാഹാര സമരം ഡൽഹിയിൽ; 12 പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ; വിട്ടുനിന്ന് കോൺഗ്രസ്

'വനിതാ സംവരണ ബിൽ പാസാക്കണം'; കെ കവിതയുടെ നിരാഹാര സമരം ഡൽഹിയിൽ; 12 പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ; വിട്ടുനിന്ന് കോൺഗ്രസ്

ഡൽഹി മദ്യനയക്കേസിൽ കവിത ഇഡിക്ക് മുന്നില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് പ്രതിപക്ഷ പാർട്ടികളുടെ ശക്തി പ്രകടനമായി ഡഷഹിയിലെ സമരം

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്നാവശ്യപ്പെട്ട്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവുമായ കെ കവിതയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നിരാഹാര സമരം. സ്ത്രീ സംവരണമാണ് സമരക്കാരുടെ ആവശ്യമെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തിപ്രകടനം കൂടിയാണ് ജന്തര്‍മന്തറില്‍ നടന്നത്. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണയുമായി എത്തിയപ്പോള്‍ കോണ്‍ഗ്രസിന്‌റെ അഭാവം ശ്രദ്ധേയമായി. ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് കെ കവിതയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെനറ് ഡയറക്ടറേറ്റ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് ഡല്‍ഹിയിലെ സമരം.

'വനിതാ സംവരണ ബിൽ പാസാക്കണം'; കെ കവിതയുടെ നിരാഹാര സമരം ഡൽഹിയിൽ; 12 പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ; വിട്ടുനിന്ന് കോൺഗ്രസ്
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് വരെ ഇടത് പാര്‍ട്ടികള്‍ ബിആര്‍എസിനോപ്പം നില്‍ക്കുമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തി ഒന്‍പത് വര്‍ഷമായിട്ടും ബില്‍ അവതരിപ്പിച്ചിട്ട് പോലുമില്ല. പാര്‍ലമെന്റില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ലോക്സഭ എം പിമാരില്‍ 14 ശതമാനം മത്രമാണ് വനിതകള്‍. രാജ്യസഭില്‍ 11 ശതമാനവും. അതിനാൽ ഈ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

ഇന്ത്യയ്ക്ക് ലോകത്തെ മറ്റ് വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് കവിത പറഞ്ഞു. അതിനാല്‍ വനിതാ സംവരണ ബില്ലിന് കൂടുതല്‍ പ്രധാന്യമുണ്ട്. ബിജെപിക്ക് പാര്‍ലമെന്റില്‍ നല്ല ഭൂരിപക്ഷമുണ്ട്. അതിനാല്‍ ബില്‍ പാസാക്കാനുളള സുവര്‍ണാവസരമാണ് ബിജെപിക്ക് ഇതെന്നും കവിത കൂട്ടിച്ചേര്‍ത്തു.

'വനിതാ സംവരണ ബിൽ പാസാക്കണം'; കെ കവിതയുടെ നിരാഹാര സമരം ഡൽഹിയിൽ; 12 പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ; വിട്ടുനിന്ന് കോൺഗ്രസ്
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയ്ക്കെതിരായ ഇ ഡി നീക്കം ബിആര്‍എസിനെ ലക്ഷ്യമിട്ടോ ?

സിപിഎമ്മിന് പുറമെ, ആം ആദ്മി പാര്‍ട്ടി, അകാലിദള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു, സമാജ് വാദി പാര്‍ട്ടി ആര്‍എല്‍ഡി തുടങ്ങി 12 പാര്‍ട്ടികളും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്തു. പ്രതിപക്ഷത്തിന്‌റെ ഈ ശക്തി പ്രകടനത്തിന് പന്നാലെയാണ് നാളെ കവിത ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുക. വ്യാഴാഴ്ച ഹാജരാകണമെന്നായിരുന്നു ആദ്യം സമന്‍സ് അയച്ചതെങ്കിലും കവിത സമയം നീട്ടി ചോദിക്കുയായിരുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് കവിതയുടെ അടുത്ത അനുയായിയടക്കം അറസ്റ്റിലാണ്. സിബിഐയ്ക്ക് പിന്നാലെ ഇഡിയും മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. ഇഡിയുടെ നീക്കം രാഷ്ട്രീയ വേട്ടയാടലെന്നാണ് കവിത കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

സ്ത്രീസംവരണ ബില്ലുമായി ബന്ധപ്പെട്ട് സമരം നടത്തുമെന്ന് കവിത നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ രാഷട്രീയ പാര്‍ട്ടികളെയും വനിതാ സംഘടനകളെയും കവിത ക്ഷണിക്കുകയും ചെയതു. 18 പാര്‍ട്ടികള്‍ എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും 12 പാര്‍ട്ടികളുടെ പ്രതിനിധികളാണ് സമരത്തിനെത്തിയത്. ഇതില്‍ കോണ്‍ഗ്രസിന്‌റെ അഭാവമാണ് ശ്രദ്ധേയം. ബിജെപി വിരുദ്ധപക്ഷത്തെ ഒരു കക്ഷിമാത്രമാണ് കോണ്‍ഗ്രസ് എന്നായിരുന്നു വ്യാഴാഴ്ച കവിതയുടെ പ്രതികരണം. വിശാല ദേശീയ ലക്ഷ്യം മുന്നില്‍ കണ്ടാണ് തെലങ്കാന രാഷ്ട്ര സമിതി, ഭാരത് രാഷ്ട്ര സമിതിയായത്. ഇതിന് ശേഷം ബിജെപി വിരുദ്ധ പക്ഷത്ത് പാര്‍ട്ടി നിലയുറപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in