'83 വയസായി ഇനിയെങ്കിലും അവസാനിപ്പിക്കുമോ?', ശരദ് പവാറിനോട് അജിത്; പ്രായമാണോ മാനദണ്ഡമെന്ന് സുപ്രിയാ സുലെ

'83 വയസായി ഇനിയെങ്കിലും അവസാനിപ്പിക്കുമോ?', ശരദ് പവാറിനോട് അജിത്; പ്രായമാണോ മാനദണ്ഡമെന്ന് സുപ്രിയാ സുലെ

എൻസിപി ദേശീയ അധ്യക്ഷൻ താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ

''83 വയസായില്ലെ, രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകുമോ?'' എന്‍സിപി ഭിന്നിപ്പിച്ച് ബിജെപി സഖ്യത്തിന്‌റെ ഭാഗമായ അജിത് പവാര്‍ പിതൃസഹോദരനും തന്‌റെ രാഷ്ട്രീയ ഗുരുവുമായ ശരദ് പാവാറിനോട് ചോദിച്ച ചോദ്യമാണിത്. യഥാര്‍ത്ഥ എന്‍സിപി തന്‌റെതെന്ന് അവകാശവാദവുമായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു അജിത് പവാര്‍ ശരദ് പവാറിനെ കടന്നാക്രമിച്ചത്. എണ്‍പത് വയസിന് ശേഷവും കര്‍മനിരതരായ പ്രമുഖരുടെ പേരെടുത്തു പറഞ്ഞാണ് സുപ്രിയാ സുലെ അജിത് പവാറിന് മറുപടി നല്‍കിയത്.

മറ്റ് പാര്‍ട്ടികളില്‍ ഒരു പ്രായമായാല്‍ ആളുകള്‍ വിരമിക്കുമെന്ന് പറഞ്ഞ അജിത് പവാര്‍, പുതിയ ആളുകള്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കണമെന്നും വ്യക്തമാക്കി. ''ഐഎഎസ് ഉദ്യോഗസ്ഥര്‍ 60ാം വയസില്‍ വിരമിക്കുന്നു. ബിജെപിയില്‍ രാഷ്ട്രീയ നേതാക്കള്‍ 75ാം വയസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. നിങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക? എല്ലാവര്‍ക്കും ഒരു പ്രവര്‍ത്തനകാലമുണ്ട്. 25 മുതല്‍ 75 വയസുവരെയാണ് ഏറ്റവും പ്രവര്‍ത്തനക്ഷമമായ കാലം. 83 വയസായി, ഇനിയെങ്കിലും അവസാനിപ്പിക്കുമോ? ഞങ്ങളെ ആശിര്‍വദിക്കൂ, താങ്കളുടെ ദീര്‍ഘായുസിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം,'' 63 കാരനായ അജിത് പവാര്‍ പറഞ്ഞു. കരുത്തരുടെ കുടുംബത്തില്‍ പിറക്കാത്തത് തങ്ങളുടെ തെറ്റാണോ എന്നും അജിത് പവാര്‍ ചോദിച്ചു.

കരുത്തരുടെ കുടുംബത്തില്‍ പിറക്കാത്തത് തങ്ങളുടെ തെറ്റാണോ എന്നും അജിത് പവാര്‍

'83 വയസായി ഇനിയെങ്കിലും അവസാനിപ്പിക്കുമോ?', ശരദ് പവാറിനോട് അജിത്; പ്രായമാണോ മാനദണ്ഡമെന്ന് സുപ്രിയാ സുലെ
കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

സമാന്തരമായി ചേര്‍ന്ന ശരദ് പവാര്‍ പക്ഷത്തിന്‌റെ യോഗത്തിലാണ് സുപ്രിയ സുലെ അജിത് പവാറിന് മറുപടി നല്‍കിയത്. പ്രായമായവര്‍ ഇനി അനുഗ്രഹം നല്‍കിയാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. അവരെന്തിനാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്? രതന്‍ ടാറ്റയ്ക്ക് 86 വയസുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പുനെവാലയുടെ പ്രായം 84 ആണ്. അമിതാഭ് ബച്ചന് 82 വയസുണ്ട്. ഞങ്ങളെ അപമാനിച്ചോളു, അദ്ദേഹത്തെയല്ല,'' സുപ്രിയ സുലെ പറഞ്ഞു.

ശിവസേനയില്‍ ഏക്‌നാഥ് ഷിന്‍ഡെ കലാപമുയര്‍ത്തിയപ്പോള്‍ ബിജെപിയുമായി ചേരാനുള്ള പാര്‍ട്ടിയുടെ താത്പര്യം ശരദ് പവാര്‍ ചെവിക്കൊണ്ടില്ലെന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി. '' ബിജെപിയുമായി സഹകരിക്കാനുള്ള തീരുമാനം അംഗീകരിക്കാന്‍ ഞങ്ങളെല്ലാവരും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചതാണ്. പ്രഫുല്‍ പട്ടേലും ജയന്ത് പട്ടീലും താനും ഉള്‍പ്പെട്ട സമിതിയെ ബിജെപിയുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ചിരുന്നു. 2017 ല്‍ ശിവസേനയെ ജാതി പാര്‍ട്ടിയെന്ന ആക്ഷേപിച്ചവര്‍ 2019 ല്‍ അവരുമായി സഖ്യമുണ്ടാക്കി. 2019 ല്‍ ബിജെപിയുമായി അഞ്ച് തവണ ചര്‍ച്ച നടന്നു. പൊടുന്നനെയാണ് ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് തന്നെ അറിയിച്ചത്, മുന്‍കാല തീരുമാനങ്ങളെ വിമര്‍ശിച്ച് അജിത് പവാര്‍ പറഞ്ഞു.

ഒരു കാലത്ത് മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അജിത് പവാർ പറഞ്ഞു. 2004ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും മുഖ്യമന്ത്രിപദം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അല്ലായിരുന്നെങ്കിൽ എൻസിപിക്ക് ഇതിനോടകം ഒരു മുഖ്യമന്ത്രി ഉണ്ടാകുമായിരുന്നു എന്നും അജിത് പവാര്‍ കുറ്റപ്പെടുത്തി. അജിത് പവാറിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നോട് പറയുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ശരദ് പവാർ മറുപടി നൽകി.

അജിത് പവാറിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തന്നോട് പറയുകയായിരുന്നു വേണ്ടിയിരുന്നതെന്ന് ശരദ് പവാർ

29 എംഎല്‍എമാര്‍ അജിത് പവാര്‍ പക്ഷത്തിന്‌റെ യോഗത്തില്‍ പങ്കെടുത്തത്. 13 പേര്‍ ശരദ് പവാര്‍ വിളിച്ച യോഗത്തിലും എത്തി. 11 എംഎല്‍എമാര്‍ രണ്ട് യോഗത്തിലും പങ്കെടുത്തില്ല. 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കാട്ടി തിരഞ്ഞെടുപ്പ് ചിഹ്നവും പേരും ആവശ്യപ്പെട്ട് അജിത് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അജിത് പവാറെന്നാണ് കമ്മീഷന് നല്‍കിയ കത്തില്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in