'ജഡ്ജസ് പ്ലീസ് നോട്ട്...' സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മുതൽ
ചിത്രം: അജയ് മധു

'ജഡ്ജസ് പ്ലീസ് നോട്ട്...' സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മുതൽ

രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാതാരം നിഖില വിമൽ ആണ് മുഖ്യാതിഥി

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. രാവിലെ ഒൻപത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാകയുയർത്തുന്നതോടെയാകും കലാമേള ആരംഭിക്കുക. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് നടക്കും.

ഗോത്രവർഗ കലയായ മംഗലം കളി സംസ്ഥാന സ്കൂൾ കലോത്സവചരിത്രത്തിൽ ആദ്യമായി കൊല്ലത്ത് അവതരിപ്പിക്കും. കാസർഗോഡ് ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഗേൾസ് സ്കൂളിലെ വിദ്യാർഥികളാണ് മംഗലം കളി അവതരിപ്പിക്കുന്നത്.

പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, പി.എ മുഹമ്മദ് റിയാസ്, കെ ബി ഗണേഷ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. എം പിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ എം ആരിഫ് എന്നിവരും എത്തും.

സിനിമാതാരം നിഖില വിമൽ ആണ് മുഖ്യാതിഥി. ആശാ ശരത്തും സ്കൂൾ കുട്ടികളുമാണ് സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരം നടത്തുക.

'ജഡ്ജസ് പ്ലീസ് നോട്ട്...' സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മുതൽ
കലോത്സവത്തിനായി കൊല്ലം കളര്‍ഫുള്‍; കാണാം ചിത്രങ്ങള്‍

ഇരുപത്തിമൂന്ന് വേദികളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുക. പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് ഹൈസ്കൂൾ മോഹിനിയാട്ടവും ഹയർസെക്കൻഡറി സംഘനൃത്തവുമാണ് ഇന്നത്തെ ഇനങ്ങൾ. മാർഗം കളി, കുച്ചിപ്പുടി, ഭരതനാട്യം, കഥകളി, ചാക്യാർ കൂത്ത്, നങ്ങ്യാർ കൂത്ത് തുടങ്ങിയ ഇനങ്ങളിലും ഇന്ന് കലാപ്രതിഭകൾ മാറ്റുരയ്ക്കും.

സംസ്കൃത കലോത്സവത്തിനും അറബിക് കലോത്സവത്തിനും ഇന്ന് തന്നെ തുടക്കമാകും. ഇവയ്ക്കായി പ്രത്യേക വേദി സജ്ജമാക്കിയിട്ടുണ്ട്. വാദ്യോപകരണങ്ങളുടെ മത്സരം, കാർട്ടൂൺ, രചനാ മത്സരങ്ങും ഇന്ന് ആരംഭിക്കും. വൈകിട്ട് അഞ്ചരയ്ക്ക് നീലാമ്പരി പാർക്കിൽ നടക്കുന്ന കലാ സാംസ്കാരിക പരിപാടിയിൽ കഴിഞ്ഞ കലോത്സവത്തിലെ മികച്ച മാധ്യമങ്ങൾക്കുള്ള പുരസ്ക്കാരം വിതരണം ചെയ്യും. മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പുരസ്ക്കാരം 'ദ ഫോർത്തിന്' ആയിരുന്നു.

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിന് ജനുവരി എട്ടിന് സമാപനം കുറിക്കും. എട്ടിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ആണ് സമാപന ചടങ്ങിലെ മുഖ്യാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കും.

logo
The Fourth
www.thefourthnews.in