പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേരളത്തിലെ ജയിലുകളിൽ 59% വിചാരണത്തടവുകാർ: പരിഹാരം കാണണമെന്ന് ഹൈക്കോടതി

വിചാരണ കാലാവധിയില്‍ തടവില്‍ ദീര്‍ഘകാലം കഴിയേണ്ടിവരുന്ന സാഹചര്യം ഉണ്ടാവരുത്.
Updated on
2 min read

കേരളത്തില്‍ വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. വിചാരണത്തടവുകാരനായി 13 വര്‍ഷം ജയിലില്‍ കഴിഞ്ഞ വ്യക്തിയുടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2020 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ തടവുപുള്ളികളില്‍ 59 % പേരും വിചാരണത്തടവുകാരാണെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം. വിചാരണ കാലാവധിയില്‍ തടവില്‍ ദീര്‍ഘകാലം കഴിയേണ്ടിവരുന്ന സാഹചര്യം ഉണ്ടാവരുത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. തടവുകാര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാവേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി. തടവിലാക്കപ്പെട്ട തിയതിയുടെ മുന്‍ഗണനാക്രമത്തില്‍ വിചാരണ നടത്താനും അര്‍ഹമായവര്‍ക്ക് ജാമ്യം അനുവദിക്കാനും വിചാരണാ കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ജയില്‍ മോചിതരാവുന്ന തടവുപുള്ളികളുടെ പുനരധിവാസം, തടവുകാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ എടുക്കുന്ന കാലതാമസം എന്നിവയും കോടതി ചൂണ്ടിക്കാട്ടി

ജയില്‍ മോചിതരാവുന്ന തടവുപുള്ളികളുടെ പുനരധിവാസം, തടവുകാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ എടുക്കുന്ന കാലതാമസം എന്നിവയും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍, ജയില്‍ വകുപ്പ് എന്നിവ തയ്യാറാവണം. ജയില്‍ മോചിതരാകുന്ന തടവുകാരുടെ പുനരധിവാസത്തിനായി ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ കാര്യക്ഷമമായി ഇടപെടണം. കൃത്യസമയത്ത് അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിന് അര്‍ഹരായ തടവുകാരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ജയില്‍ അധികാരികളെ ബോധവല്‍ക്കരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തടവുകാര്‍ക്ക് അപ്പീല്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെ കാലതാമസം ഉണ്ടാവുന്നു. ഇത് പരിഹരിക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പാരാ ലീഗല്‍ വോളന്റിയര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം. ഇതിനായി ജയില്‍ അധികൃതരെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കുന്നു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന തടവുകാര്‍ക്ക് അപ്പീല്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെ കാലതാമസം ഉണ്ടാവുന്നു.

ഭവനഭേദനം, കൊലപാതക കുറ്റങ്ങള്‍ ചുമത്തി തിരുവനന്തപുരത്ത് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ 2005 മുതല്‍ പരിഗണനയിലുള്ള കേസിലെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍. കേസിലെ ഒന്നാം പ്രതിയെ 2005 ല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണയ്ക്കിടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. 2009 ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ 2017 വരെയുള്ള നീണ്ട എട്ടു വര്‍ഷം വിചാരണാ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. രേഖകളുടെ അഭാവമായിരുന്നു നടപടികള്‍ നീളാന്‍ ഇടയാക്കിയത്. രേഖകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വര്‍ഷങ്ങളോളം തീര്‍പ്പായില്ല. പിന്നീട് 2013 ജൂണില്‍ അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹൈക്കോടതി അനുവാദം നല്‍കി. ഇതിന് ശേഷവും പ്രതിയുടെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടിരുന്നു. 2014 മാര്‍ച്ചില്‍ വിചാരണ ആരംഭിച്ചെങ്കിലും മതിയായ രേഖകളുടെ അഭാവത്താല്‍ കേസ് നീളുകയായിരുന്നു.

പ്രതീകാത്മക ചിത്രം
വിചാരണ തടവ് നീണ്ടുപോവരുത്; ജാമ്യ ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക നിയമം വേണമെന്ന് സുപ്രീം കോടതി

2017 ഫെബ്രുവരിയില്‍ വിചാരണ ആരംഭിച്ചു. നാലു മാസങ്ങള്‍ക്കു ശേഷം ഹൈക്കോടതി പ്രതി കുറ്റം ചെയ്‌തെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2020ലായിരുന്നു അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ കേസില്‍ ജീവപര്യന്തം തടവിനോടടുത്ത് പതിമൂന്നു വര്‍ഷക്കാലം ഇയാള്‍ വിചാരണ തടവുകാനായിരുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ പശ്ചാത്തലത്തിൽ തടവിലാക്കപ്പെട്ട തിയ്യതിയനുസരിച്ച് ക്രിമിനൽ കേസുകളിലെ വിചാരണകൾക്ക് മുൻഗണന നൽകുന്ന മാർഗനിർദേശങ്ങൾ പരിഗണിക്കുന്നതിനായി വിധിയുടെ പകർപ്പ് ചീഫ് ജസ്റ്റിസ് മുമ്പാകെ സമർപ്പിക്കാൻ കോടതി രജിസ്ട്രാർക്ക് നിർദേശം നൽകുകയും ചെയ്തു. തടവുകാരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ ഒരു മാനദണ്ഡത്തിന്റെ അഭാവത്തെക്കുറിച്ചുള്ള കോടതിയുടെ ആശങ്ക സര്‍ക്കാരിനെയും പോലീസ്, ജയില്‍, കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറലിനെയും അറിയിക്കാന്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കണമെന്നും രണ്ട് മാസങ്ങള്‍ക്ക് ശേഷം വിഷയം കോടതി വീണ്ടും പരിശോധിക്കുമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in