ട്രാക്കിൽ കിതച്ച് വന്ദേഭാരത്; വഴിയിൽ സ്ഥിരമായി കുടുങ്ങി അഞ്ച് ട്രെയിനുകൾ

ട്രാക്കിൽ കിതച്ച് വന്ദേഭാരത്; വഴിയിൽ സ്ഥിരമായി കുടുങ്ങി അഞ്ച് ട്രെയിനുകൾ

വന്ദേഭാരത് ഒരോ സ്റ്റേഷനിലുമെത്തുന്നത് 10 മിനിട്ട് മുതല്‍ 20 മിനിട്ട് വരെ വൈകി

സംസ്ഥാനത്ത് സര്‍വീസ് ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും ട്രയല്‍ റണ്ണിലെ സമയക്രമവും വേഗതയും പാലിക്കാനാകാതെ വന്ദേഭാരത് എക്‌സ്പ്രസ്. ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡേക്കും തിരിച്ചും സഞ്ചരിക്കുമ്പോള്‍ സമയവും വേഗതയും പാലിക്കാന്‍ പിടിച്ചിടുന്നത് നിരവധി സാധാരണ യാത്രാ ട്രെയിനുകളെയാണ്.

വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍‌, എറണാകുളം ഇന്റര്‍സിറ്റി, ഏറനാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് വന്ദേഭാരതിന് വഴിയൊരുക്കുന്നതിനായി സ്ഥിരമായി വൈകിയോടുന്നത്. ചില ദിവസങ്ങളില്‍ കേരള എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകളും വന്ദേഭാരതിന് കടന്നുപോകാനായി പിടിച്ചിടുന്നു.

വന്ദേഭാരതിന്റെ സമയക്രമം മൂലം മറ്റ് ട്രെയിനുകളെ സ്ഥിരമായി ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ ജീവിതം ആകെ താളം തെറ്റി

ലിയോണ്‍സ് ജെ സെക്രട്ടറി ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ്

ക്യത്യത പാലിച്ച് സര്‍വീസ് പൂര്‍ത്തിയാക്കാനാകുന്നില്ലെന്നതാണ് വന്ദേഭാരത് കേരളത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 10 മിനുട്ട് മുതല്‍ 20 മിനുട്ട് വരെ വൈകിയാണ് ഓരോ സ്റ്റേഷനിലുമെത്തുന്നത്. കുറഞ്ഞ സമയം കൊണ്ട് ഉയര്‍ന്നവേഗം കൈവരിക്കാൻ കഴിവുള്ളതിനാൽ, മറ്റിടങ്ങളിൽ വേഗത വർധിപ്പിച്ച് സമയപരിധിക്കുള്ളില്‍ ഒരുകണക്കിന് സർവീസ് അവസാനിപ്പിക്കുകയാണു ചെയ്യുന്നത്.

വന്ദേഭാരതിന്‍റെ സമയക്രമം പുനഃക്രമീകരിച്ചതുകൊണ്ട് മാത്രം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ല

പാസഞ്ചേഴ്‌സ് അസോസിയേഷന്‍

നിലവില്‍ തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനുകള്‍ക്ക് ഇടയിലാണ് വന്ദേഭാരതിന് കൂടുതല്‍ സമയം വേണ്ടിവരുന്നത്. ട്രാക്കിലെ വളവുകളും വേഗനിയന്ത്രണങ്ങളുമാണ് സര്‍വീസിന് തിരിച്ചടിയാകുന്നത്. ക്രോസ് ഓവര്‍ പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ 15 കിലോമീറ്റര്‍ വേഗത മാത്രമാണ് നിലവില്‍ ട്രെയിനുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ലൂപ് ലൈന്‍ പ്ലാറ്റ്ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുള്ള ഭാഗത്തും 15 കിലോമീറ്ററില്‍ താഴെ വേഗത്തിലാണ് സഞ്ചരിക്കുന്നത്.

ആധുനികവത്കരണം പൂര്‍ത്തിയാകാത്ത സിഗ്നല്‍ സംവിധാനമാണ് വേഗതയെ ബാധിക്കുന്ന മറ്റൊരു വിഷയം. സംസ്ഥാനത്തിനു പുറത്ത് ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ട്രെയിനുകളുടെ ക്രമീകരണം എളുപ്പത്തില്‍ സാധ്യമാകും. കേരളത്തില്‍ നിലവില്‍ ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമാണ് സിഗ്നലിങ് സാധ്യമാകുന്നത്. ഇതും ട്രെയിന്റെ വേഗതയെ ബാധിക്കുന്നുണ്ട്.

ഓഫീസ് സമയം കണക്കാക്കി സര്‍വീസ് നടത്തുന്ന എറണാകുളം ഇന്റര്‍സിറ്റിയെയും വേണാട് എക്‌സ്പ്രസിനെയും ആശ്രയിക്കുന്ന യാത്രക്കാരെയാണ് വന്ദേഭാരത് സര്‍വീസ് പ്രധാനമായും കുഴപ്പത്തിലായിരിക്കുന്നത്. നേരത്തെ ഓഫീസ് സമയത്ത് എത്തിയിരുന്ന ട്രെയിനുകളുടെ സമയക്രമം ആകെ താളം തെറ്റിയ അവസ്ഥയിലാണ് ഇപ്പോള്‍. വന്ദേഭാരതിന്റെ സമയക്രമം മറ്റു ട്രെയിനുകളെ സ്ഥിരമായി ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ ജീവിതം ആകെ താളം തെറ്റിച്ചതായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ജെ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇതിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് ചൂണ്ടിക്കാട്ടുന്നു.

'' വന്ദേഭാരതിന്റെ നിലവിലെ സമയം പുനഃക്രമീകരിച്ചാല്‍ മറ്റ് ട്രെയിനുകള്‍ വൈകുന്നതും പിടിച്ചിടുന്നതും മൂലം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് ഇവരുടെ വാദം. വന്ദേഭാരതില്‍ യാത്ര ചെയ്യുന്നത് സ്ഥിരം യാത്രക്കാരല്ലെന്നതിനാല്‍ നിലവില്‍ 5.20ന് ആരംഭിക്കുന്ന സര്‍വീസ് അഞ്ച് മണിക്ക് ആക്കിയാല്‍ പോലും അവരെ കാര്യമായി ബാധിക്കില്ല. എന്നാല്‍ ജോലിക്കും മറ്റുമായി സ്ഥിരം യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് വന്ദേഭാരതിന് വേണ്ടി പല ട്രെയിനുകളും പിടിച്ചിടുകയും സമയമാറ്റം വരുത്തുകയും ചെയ്യുന്നത് ദുരിതത്തിലാക്കുന്നു,'' അദ്ദേഹം ചൂണ്ടികാണിക്കുന്നു.

വന്ദേഭാരതിന്‍റെ സമയക്രമം പുനഃക്രമീകരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലാണ്

വന്ദേഭാരതിന്റെ സമയക്രമം പുനഃക്രമീകരിച്ചതു കൊണ്ട് മാത്രം നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകില്ലെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ജയകുമാർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ഏത് സമയക്രമം ഏര്‍പ്പെടുത്തിയാലും കേരളത്തിലെ ട്രാക്കുകളുടെ ശേഷി അനുസരിച്ച് കൃത്യമായ സമയക്രമം പാലിക്കാന്‍ സാധിക്കില്ല. ട്രാക്കുകളുടെ ശേഷിയെക്കാന്‍ കൂടുതല്‍ വണ്ടികളാണ് ഓടുന്നത് അതിനാല്‍ ട്രാക്കുകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കി വളവുകള്‍ ഉള്‍പ്പെടെ നികത്തി ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കുകയെന്നത് മാത്രമാണ് ഏക പരിഹാരമെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു.

റെയില്‍വെ ട്രാക്കിനൊപ്പം കാലഹരണപ്പെട്ടുപോയ സിഗ്നല്‍ സംവിധാനവും ട്രെയിനുകളുടെ വേഗത കുറയാനുള്ള പ്രധാന കാരണങ്ങളിലെന്നാണ്. പലയിടത്തും ഇപ്പോഴും പഴയ സിഗ്നല്‍ സംവിധാനമാണ്

വളവുകളും വേഗനിയന്ത്രണങ്ങളും മൂലം ട്രെയിനുകള്‍ കടന്നു പോകുന്നതിനായി കൂടുതല്‍ സമയം വേണ്ടി വരുന്നത് തിരുവനന്തപുരം-ഷൊര്‍ണൂര്‍ സെക്ഷനിലാണ്. ക്രോസ് ഓവര്‍ പോയിന്റായ എറണാകുളം മെയിന്റനന്‍സ് യാര്‍ഡിനും എറണാകുളം നോര്‍ത്തിനുമിടയില്‍ 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്. ലൂപ് ലൈന്‍ പ്ലാറ്റ്‌ഫോമുകളുള്ള ഷൊര്‍ണൂര്‍ യാര്‍ഡ് മുതലുള്ള ഭാഗത്തും 15 കിലോമീറ്ററില്‍ താഴെ വേഗത്തിലാണ് സഞ്ചരിക്കുന്നത്.

ട്രാക്കിൽ കിതച്ച് വന്ദേഭാരത്; വഴിയിൽ സ്ഥിരമായി കുടുങ്ങി അഞ്ച് ട്രെയിനുകൾ
ടിക്കറ്റ് വരുമാനത്തില്‍ റെക്കോർഡ്; 6 ദിവസം കൊണ്ട് വന്ദേഭാരത് നേടിയത് 2.7 കോടി രൂപ

റെയില്‍വേയ്ക്ക് പറയാനുള്ളത്

വന്ദേഭാരത് നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. സമയക്രമം പുനഃക്രമീകരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ റെയില്‍വേയുടെ പരിഗണനയിലാണ്. ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നിശ്ചിത വേഗപരിധിയില്‍ ഓടാന്‍ സാധിക്കാത്തതാണ് വന്ദേഭാരത് വൈകാന്‍ കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം.

ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വന്ദേഭാരതിന് കൂടുതല്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം സംഭവിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ പരിഹാരം കാണാന്‍ ശ്രമമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in