ടിക്കറ്റ് വരുമാനത്തില്‍ റെക്കോർഡ്; 6 ദിവസം കൊണ്ട് വന്ദേഭാരത് നേടിയത് 2.7 കോടി രൂപ

ടിക്കറ്റ് വരുമാനത്തില്‍ റെക്കോർഡ്; 6 ദിവസം കൊണ്ട് വന്ദേഭാരത് നേടിയത് 2.7 കോടി രൂപ

കാസര്‍ഗോഡ് നിന്ന് തിരുവന്തപുരത്തേക്കുള്ള സര്‍വിസുകളില്‍നിന്നാണ് കൂടുതല്‍ വരുമാനം

സര്‍വിസ് ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോൾ ടിക്കറ്റ് വരുമാനത്തില്‍ റെക്കോര്‍ഡിട്ട് വന്ദേഭാരത് എക്‌സ്പ്രസ്‌. ഏപ്രില്‍ 28 മുതല്‍ മെയ് മൂന്നു വരെയുള്ള ആറ് ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ റെയില്‍വേക്ക് ലഭിച്ചത് 2.7 കോടി രൂപ. ട്രയല്‍ റണ്ണിലെ സമയക്രമവും വേഗതയും വന്ദേഭാരതിന് സർവിസിൽ പാലിക്കാനാകുന്നില്ലെന്ന് പരാതി ഉയരുമ്പോഴാണ് ഈ നേട്ടം.

മെയ് മൂന്നു വരെ തിരുവനന്തപുരം-കാസര്‍ഗോഡ് സര്‍വിസില്‍ നിന്ന് 1.10 കോടി രൂപയും തിരിച്ചുള്ളതിൽ 1.17 കോടി രൂപയുമാണ് ലഭിച്ചത്. ഈ ദിവസങ്ങളിൽ 31,412 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതില്‍ 27,000 പേര്‍ മാത്രമാണ് യാത്ര ചെയ്തത്. അതിനാല്‍ ടിക്കറ്റ് കാൻസലേഷന്‍ ഇനത്തിലെ തുക തിരിച്ചുനൽകിയാൽ മാത്രമേ അന്തിമ കളക്ഷന്‍ എത്രയെന്ന് ഔദ്യോഗികമായി പറയാന്‍ കഴിയൂയെന്ന് റെയില്‍വേ അധികൃതര്‍ 'ദ ഫോർത്തി'നോട് പറഞ്ഞു.

ടിക്കറ്റ് വരുമാനത്തില്‍ റെക്കോർഡ്; 6 ദിവസം കൊണ്ട് വന്ദേഭാരത് നേടിയത് 2.7 കോടി രൂപ
ട്രാക്കിൽ കിതച്ച് വന്ദേഭാരത്; വഴിയിൽ സ്ഥിരമായി കുടുങ്ങി അഞ്ച് ട്രെയിനുകൾ

കൂടുതല്‍ യാത്രക്കാര്‍ എക്‌സിക്യൂട്ടീവ് ക്ലാസിലാണ് യാത്ര ചെയ്തതെന്നാണ് റെയില്‍വേ നല്‍കുന്ന വിവരം. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഈ ആഴ്ചയിലെ എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നു. ഇപ്പോഴും എക്‌സിക്യൂട്ടീവ് ടിക്കറ്റിന് മികച്ച ഡിമാന്റാണുള്ളത്.

മറ്റ് പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് എന്ന പരാതി ഒരു ഭാഗത്ത് ഉയരുമ്പോഴാണ് യാത്രക്കാര്‍ വന്ദേഭാരതിന് ഇത്രയും സ്വീകാര്യത നല്‍കിയത്. തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ ചെയര്‍കാറിന് 1590 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിന് 2815 രൂപയുമാണ്. 16 കോച്ചുകളിലായി 1024 ചെയര്‍ കാര്‍ സീറ്റുകളും 104 എക്‌സിക്യൂട്ടീവ് ക്ലാസ് സീറ്റുകളുമാണ് വന്ദേഭാരത് എക്‌സ്പ്രസിലുള്ളത്.

logo
The Fourth
www.thefourthnews.in