സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു

ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം സമാനകളില്ലാത്ത ക്രൂരതയെന്ന് പ്രോസിക്യൂഷന്‍. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയ അസ്ഫാക് ആലത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നും വാദിക്കുമെന്നും പബ്ലിക് പ്രോസിക്യുട്ടർ മോഹൻ രാജ് പറഞ്ഞു. പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മാനസിക നില പരിശോധന റിപ്പോര്‍ട്ടുണ്ടോയെന്നും പ്രതി മാനസിക പരിവര്‍ത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് മാനസികനില സംബന്ധിച്ച ജില്ലാ പ്രൊബേഷഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കോടതി തേടി. ജയിലിലെ സ്വഭാവ റിപ്പോര്‍ട്ടും കോടതി തേടി.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി പ്രതി കുറ്റക്കാരനെന്ന വിധി പുറപ്പെടുവിച്ചുതൊണ്ട് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ വ്യക്തമാക്കി. വധശിക്ഷ വരെ കിട്ടാവുന്ന പോക്സോ നിയമത്തിലെ നാല് വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, തട്ടികൊണ്ടുപോകൽ , ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് തെളിഞ്ഞത്. ഒൻപതിനാണ് ശിക്ഷാവിധി.

അസ്ഫാക് ആലമിനെതിരെയുള്ള അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും അതിവേഗമാണ് പോലീസ് പൂർത്തിയാക്കിയത്. സംഭവം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധി വരുന്നത്. ജൂലൈ 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആലുവയില്‍ താമസമാക്കിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ ജ്യൂസ് വാങ്ങിക്കൊടുത്ത് വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാര്‍ക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില് നിന്നാണ് അഞ്ചുവയസുകാരിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. മൃതദേഹം കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമര്‍ത്തിയിരുന്നു.

സമാനതകളില്ലാത്ത ക്രൂരത; അസ്ഫാക്കിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ
ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലം കുറ്റക്കാരൻ

കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അസ്ഫാക്കിനെ പോലീസ് പിടികൂടി. അടുത്ത ദിവസം രാവിലെ കുട്ടിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, ഇരുവരെയും ആലുവ മാര്‍ക്കറ്റില്‍ വച്ച് കണ്ട ആലുവ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അസ്ഫാക്ക് കുറ്റം സമ്മതിക്കുകയായിരുന്നു.

പലതവണ തെറ്റായ മൊഴിനല്‍കി പോലീസിനെ വഴിതെറ്റിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും വിദഗ്ധമായ ചോദ്യംചെയ്യലിലൂടെ പോലീസ് കേസ് തെളിയിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.

പിന്നീട് അതിവേഗം തെളിവുകളും സമാഹരിച്ച് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. സംഭവം നടന്ന് 35-ാം ദിവസമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ അടക്കം 15 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുട്ടിയുടെ വസ്ത്രങ്ങള്‍, ചെരുപ്പ്, ഡി എന്‍ എ സാമ്പിളുകള്‍, സി സി ടി വി ദൃശ്യങ്ങള്‍ എന്നിങ്ങനെ പത്തു തൊണ്ടി മുതലുകളും 95 രേഖകളും വിചാരണ വേളയില് ഹാജരാക്കിയിരുന്നു. സാധാരണ പോക്സോ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെ സമയമുണ്ടെങ്കിലും പോലീസ് വേഗത്തില്‍ കുറ്റപത്രം തയ്യാറാക്കുകയായിരുന്നു.

ആലുവ റൂറല്‍ എസ് പി മുന്‍കൈയെടുത്ത് ഓഫീസിന് മുന്നില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ബോര്‍ഡില്‍ 99 എന്ന അക്കം തെളിയുന്ന അന്നാണ് കേസിലെ വിധി എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമന്‍ പ്രസ്താവിച്ചത്. ജി മോഹന്രാജാണ് സ്പെഷ്യല് പബ്ലിക്ക് പ്രോസിക്യൂട്ടര്‍. 16 അംഗ സംഘമാണ് വേഗത്തില് കേസ് അന്വേഷിച്ചത്.

അസ്ഫാഖ് ആലത്തിന് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ അമ്മ വിധി പ്രസ്താവിക്കുന്നതിന് മുമ്പേ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുറത്തിറങ്ങിയാല്‍ പ്രതി ഇനിയും കുട്ടികളെ ഉപദ്രവിക്കുമെന്നുമായിരുന്നു അമ്മയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in