'കേസ് അപൂർവങ്ങളിൽ അപൂർവം, പ്രതി സമൂഹത്തിനാകെ ഭീഷണി, ദയ അർഹിക്കുന്നില്ല'; പോക്സോ കോടതി വധശിക്ഷ വിധിക്കുന്നത് ആദ്യം

'കേസ് അപൂർവങ്ങളിൽ അപൂർവം, പ്രതി സമൂഹത്തിനാകെ ഭീഷണി, ദയ അർഹിക്കുന്നില്ല'; പോക്സോ കോടതി വധശിക്ഷ വിധിക്കുന്നത് ആദ്യം

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് ആലമിനെതിരെ 16 വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും 13 വകുപ്പുകളിലാണ് ശിക്ഷ ലഭിച്ചത്

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി സമൂഹത്തിനാകെ ഭീഷണിയാണെന്ന് ശിക്ഷ വിധിച്ച പോക്സോ കോടതി. കേസ് അപൂർവങ്ങളില്‍ അപൂർമാണെന്ന് പറഞ്ഞ കോടതി, പ്രതി ദയ അർഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജഡ്ജി കെ സോമൻ വധശിക്ഷ വിധിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഒരു പോക്സോ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. ഇത്തരത്തിൽ കേസ് മാത്രമല്ല ശിക്ഷാവിധിയും നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. പോക്സോ നിയമം പ്രാബല്യത്തിൽ വന്നതിന്റെ പതിനൊന്നാം വാർഷിക ദിനത്തിലും ശിശുദിനത്തിലുമാണ് മാതൃകാ വിധി വന്നിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.

പ്രതിക്കെതിരെ 16 വകുപ്പുകളാണ് ചുമത്തിയിരുന്നതെങ്കിലും 13 വകുപ്പുകളിലാണ് ശിക്ഷ നല്‍കിയത്. കൊലപാതകക്കുറ്റത്തിന് 302-ാം വകുപ്പ് പ്രകാരം വധശിക്ഷ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ടും പോക്‌സോയിലെ മൂന്നും വകുപ്പുകള്‍ പ്രകാരം മൊത്തം അഞ്ച് ജീവിതാവസാനം വരെ തടവ് (ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ലൈംഗികാവയങ്ങളില്‍ പരുക്കേല്‍പ്പിക്കല്‍, ആവര്‍ത്തിച്ചുള്ള ലൈംഗികാക്രമണം, കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങൾക്ക്), നാല് കുറ്റങ്ങൾക്ക് 10 വര്‍ഷം തടവ് (ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 346, 366, 366 എ, 328 വകുപ്പുകൾ പ്രകാരം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിക്കലിന് അഞ്ചു വര്‍ഷം തടവ്, 297 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവ്, ബാലനീതി നിയമപ്രകാരം മൂന്നുവർഷം തടവ് എന്നിവ ശിക്ഷയിൽ ഉള്‍പ്പെടുന്നു.

നിയമപ്രകാരം പോക്സോ കോടതിക്ക് വിധി പ്രഖ്യാപിക്കാന്‍ മാത്രമാണ് അവകാശം. വധശിക്ഷ നടപ്പാകണമെങ്കില്‍ വിധി ഹൈക്കോടതി ശരിവയ്ക്കേണ്ടതുണ്ട്.

മുന്‍കൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താല്‍പ്പര്യം തീര്‍ക്കാന്‍ വേണ്ടി കുട്ടിയെ ഉപയോഗിച്ചതാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സമാന കുറ്റകൃത്യം നേരത്തെയും ചെയ്തതിനാല്‍ പ്രതി പീഡോഫീലിക്കാണ്. ഒരുതരത്തിലും മാനസാന്തരത്തിനു സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കുട്ടിയുടെ നിഷ്‌കളങ്കത സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വലിയ അളവില്‍ മദ്യം നല്‍കിയതിനാല്‍ കുട്ടിക്ക് കരയാന്‍ പോലും കഴിഞ്ഞില്ല.

കുട്ടിയുടെ ജനനേന്ദ്രിയം തകര്‍ത്തു, മുഖം മാലിന്യത്തില്‍ താഴ്ത്തി, മാലിന്യം നിക്ഷേപിക്കാന്‍ പോകുന്ന ലാഘവത്തോടെയാണ് മാര്‍ക്കറ്റില്‍ നിന്ന് പ്രതി ക്രൂരമായ കുറ്റക്യത്യം നടത്തി ഇറങ്ങി വന്നത്. ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അനുകൂലമായ ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

'കേസ് അപൂർവങ്ങളിൽ അപൂർവം, പ്രതി സമൂഹത്തിനാകെ ഭീഷണി, ദയ അർഹിക്കുന്നില്ല'; പോക്സോ കോടതി വധശിക്ഷ വിധിക്കുന്നത് ആദ്യം
കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; അസ്ഫാഖ് ആലത്തിന് വധശിക്ഷ

അസ്ഫാഖ്  ആലത്തിനു വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും സതീദേവി കൂട്ടിച്ചേർത്തു. അന്വേഷണം കൃത്യസമയത്ത് പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെയും പ്രതിയെ പിടികൂടാൻ സഹായിച്ച നാട്ടുകാരെയും സതീദേവി അഭിനന്ദിച്ചു.

ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്.ഇക്കഴിഞ്ഞ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in