യുഎപിഎ ചുമത്തിയ കേസുകളിൽ മുൻകൂർ ജാമ്യ ഹര്‍ജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി
യുഎപിഎ ചുമത്തിയ കേസുകളിൽ മുൻകൂർ ജാമ്യ ഹര്‍ജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന 20-ാം പ്രതി പെരിന്തൽമണ്ണ സ്വദേശി അഹമ്മദ് കുട്ടി പൊതിയിലിന്‍റെ മുൻകൂർ ജാമ്യ ഹര്‍ജി തള്ളിയാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.
ഇതേ കേസിൽ പ്രതികളായ മറ്റുള്ളവർക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിനാൽ നിയമത്തിലെ 43 -ാം വകുപ്പനുസരിച്ച് മുൻകൂർ ജാമ്യ ഹര്‍ജി നിലനിൽക്കില്ലെന്ന് എൻഐഎ വാദിച്ചു. അതേസമയം, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമത്തിലും സമാനമായ വകുപ്പുണ്ടെന്നും ഇത് പ്രകാരം മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്നും ഹര്‍ജിക്കാരനും ചൂണ്ടിക്കാട്ടി. കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മുൻകൂർ ജാമ്യം അനുവദിക്കാവുന്നതാണെന്നും വ്യക്തമാക്കി.
എന്നാൽ, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നിന്ന് വ്യത്യസ്തമാണ് എൻഐഎ നിയമത്തിലെ സമാന വ്യവസ്ഥയെന്നും രണ്ട് നിയമങ്ങളും താരതമ്യം ചെയ്യാനാവില്ലെന്നും എൻഐഎ വ്യക്തമാക്കി. തുടർന്ന്, ഇരു നിയമങ്ങളിലെയും വകുപ്പുകളും സുപ്രീംകോടതി വിധികളും പരിശോധിച്ച ഡിവിഷൻ ബെഞ്ച് യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യ ഹര്‍ജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.
കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് പ്രഥമദൃഷ്ട്യ ബോധ്യമാകുന്ന അത്യപൂർവ സാഹചര്യത്തിൽ മാത്രമാണ് ഇത്തരം കേസുകളിൽ കോടതിക്ക് മുൻകൂർ ജാമ്യം നൽകാൻ അധികാരമുള്ളത്. എന്നാൽ, ഈ കേസിൽ ഇത്തരമൊരു സാഹചര്യമില്ല. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നറിഞ്ഞു കൊണ്ടു തന്നെ പ്രതി ചെയ്ത കുറ്റകൃത്യമാണ്. ഹര്‍ജിക്കാരനെതിരെയുള്ള തെളിവുകളിലടക്കം ഇതുവരെ ചോദ്യം ചെയ്യാൻ കഴിയാത്തതിനാലാണ് ഇതുവരെ കുറ്റപത്രം നൽകാനാവാത്തത്. അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ അനിവാര്യമെന്ന യി രു ന്നു എൻഐഎയുടെ വാദം.