''ഞങ്ങള്‍ക്ക് അവനെ മറക്കാന്‍ പറ്റില്ല, അതൊരു തീരാവേദനയാണ്, അത് ആര്‍ക്കും അറിയില്ല''-മധുവിന്റെ അമ്മയും സഹോദരിയും പറയുന്നു

അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുമ്പോള്‍ വേദനയും ആശങ്കയും പങ്കിട്ട് മധുവിന്റെ കുടുംബം

അട്ടപ്പാടി മധു വധക്കേസില്‍, വിചാരണ നടപടികളെപ്പോലും ബാധിക്കുന്ന തരത്തില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്ന സാഹചര്യത്തില്‍, വേദനയും ആശങ്കയും പങ്കിട്ട് മധുവിന്റെ കുടുംബം. കേസ് അന്വേഷണം എങ്ങനെ പോകുമെന്ന കാര്യത്തില്‍ ആശങ്കകകളുണ്ടെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും ദ ഫോര്‍ത്തിനോട് പറഞ്ഞു. പ്രതികള്‍ പൈസ കൊടുത്താണ് സാക്ഷികളെ സ്വാധീനിക്കുന്നത്. നിങ്ങള്‍ക്കും അങ്ങനെ ചെയ്തുകൂടേയെന്നാണ് പലരും ചോദിക്കുന്നത്. അവര്‍ക്കൊന്നും തങ്ങളുടെ വേദന അറിയില്ലെന്നും മധുവിന്റെ അമ്മയുടെ സഹോദരിയും പറയുന്നു

മധുവിന്റെ കുടുംബം
മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും; തീര്‍പ്പുണ്ടായാല്‍ അതിവേഗ വിസ്താരം

കേസ് അന്വേഷണം എങ്ങനെ പോകുമെന്ന കാര്യത്തിലുള്ള ആശങ്കയാണ് മധുവിന്റെ അമ്മ മല്ലി പങ്കുവെയ്ക്കുന്നത്. ''അന്വേഷണം എങ്ങനെ പോകുമെന്ന കാര്യത്തില്‍ പേടിയുണ്ട്. എനിക്ക് പൈസയൊന്നും ഇല്ലാത്തതുകൊണ്ട് അവര്‍ പല കളികളും നടത്തുന്നുണ്ട്. ഞങ്ങള്‍ ആദിവാസികളാണ്. തിരിച്ചുപറയാനൊന്നും അറിയില്ല. നല്ല വിദ്യഭ്യാസവുമില്ല. എങ്ങനെയോ ദൈവപുണ്യത്തില്‍ കുട്ടികളെ പഠിപ്പിച്ചെടുത്തു. എനിക്ക് മലയാളം പറയാന്‍ പോലും അറിയില്ല. ഞങ്ങളുടെ ഭാഷ മാത്രമേ അറിയൂ. ഇതൊക്കെ അവര്‍ക്കറിയാം. അതുകൊണ്ടാണ്, അവരുടെ കളികള്‍ കൊണ്ടാണ് സാക്ഷികള്‍ കൂറുമാറുന്നത്. അല്ലെങ്കില്‍ ഇതൊന്നും സംഭവിക്കില്ല. ഞങ്ങളുടെ ആളുകള്‍ അതൊന്നും പറയില്ല, ചെയ്യില്ല'' -മല്ലി പറഞ്ഞു.

''അനില്‍കുമാര്‍ ഞങ്ങളോട് പൈസ ചോദിച്ചിരുന്നു. അമ്പതിനായിരം രൂപ തന്നാല്‍ സാക്ഷി പറയാമെന്ന് പറഞ്ഞു. അതുപോലെ, ചന്ദ്രനും പൈസ ചോദിച്ചു. ചന്ദ്രനെ പ്രതികള്‍ സമീപിച്ച് പൈസ വാഗ്ദാനം ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപ തരാം, അനുകൂലമായി മൊഴി പറയമെന്നാണ് അവര്‍ ചന്ദ്രനോട് അവര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമാണ് ചന്ദ്രന്‍ ഞങ്ങളോട് പറഞ്ഞത്. ആശങ്കയുണ്ട്. ഞങ്ങളുടെ ബന്ധുക്കള്‍ ഇങ്ങനെ കൂറുമാറിപ്പോയി. മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. ഒരുപാട് ആളുകള്‍ വന്ന് കോടികള്‍ തന്നിട്ടുപോയി, അതൊക്കെ ഉള്ളപ്പോള്‍, സാക്ഷികളെ പിടിക്കാന്‍ എന്തിനാണ് വൈകുന്നത്? പൈസ കൊടുത്തിട്ട് ആളുകളെ ഞങ്ങളുടെ പക്ഷത്ത് ആക്കണ്ടേയെന്നാണ് പലരും പറയുന്നത്. അവര്‍ക്ക് ഞങ്ങളുടെ വേദന അറിയില്ല. അതൊരു തീരാവേദനയാണ്. അങ്ങള്‍ക്ക് അവനെ മറക്കാന്‍ പറ്റില്ല'' -മല്ലി പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in