സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് തെളിവില്ല; പണമായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിബിഐ റിപ്പോർട്ട്

സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് തെളിവില്ല; പണമായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിബിഐ റിപ്പോർട്ട്

പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ

സോളാർ കേസിൽ പരാതിക്കാരി ജയിലിൽ കിടന്നപ്പോൾ എഴുതിയ കത്തിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമുളള സിബിഐയുടെ കണ്ടെത്തലിൽ വെട്ടിലായി പിണറായി സർക്കാർ. കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് കെ ബി ഗണേശ് കുമാര്‍ എംഎല്‍എ, ഗണേഷിന്റെ ബന്ധുവും കേരള കോൺ​ഗ്രസ് (ബി) മുൻ ജനറൽ സെക്രട്ടറിയുമായ ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നറിയപ്പെടുന്ന ടിജി നന്ദകുമാര്‍ എന്നിവരുടെ ഇടപെടൽ സംബന്ധിച്ച സിബിഐ സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ പകർപ്പ് ദ ഫോർത്തിന് ലഭിച്ചു.

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയുളള ലൈംഗിക ആരോപണം സംബന്ധിച്ച് തെളിവുകളില്ലെന്നാണ് സിബിഐ റിപ്പോർട്ട്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈം​ഗിക ആരോപണം ഉണ്ടായിരുന്നില്ലെന്നാണ് ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ. കൂടാതെ, ക്ലിഫ് ഹൗസിനുള്ളില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവും കണ്ടെത്താനും സിബിഐക്കു കഴിഞ്ഞിട്ടില്ല.

പീഡിപ്പിച്ച കാര്യം സാക്ഷിയായി പറയണമെന്നു പരാതിക്കാരി പിസി ജോര്‍ജിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മൊഴി നല്‍കുമ്പോള്‍ പിസി ജോര്‍ജ് പീഡനം കണ്ടില്ലെന്നാണ് മൊഴി നല്‍കിയത്. ഇതാണ് കേസിൽ നിര്‍ണായകമായി മാറിയത്. പരാതിക്കാരിയുടെ ആദ്യ കത്തിനു പുറമേ അവര്‍ പലപ്പോഴായി രാഷ്ട്രീയനേതാക്കളുടെ പേര്‍ എഴുതിച്ചേര്‍ക്കുന്നതിനായി തയാറാക്കിയ നാലു കത്തുകളും സിബിഐ തെളിവായി ശേഖരിച്ചിരുന്നു.

സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് തെളിവില്ല; പണമായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിബിഐ റിപ്പോർട്ട്
സോളാര്‍ തിരിച്ചടിക്കുന്നു, ഷോക്കേറ്റ് ഗണേഷ് കുമാര്‍

മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് ദല്ലാൾ എന്നറിയപ്പെടുന്ന ടിജി നന്ദകുമാര്‍ ആണെന്നു പരാതിക്കാരിയുടെ ഡ്രൈവറും കേസിലെ പ്രധാന സാക്ഷിയും സിബിഐക്ക് മൊഴി നല്‍കി. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു.

പരാതിക്കാരി മറ്റൊരു കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ഗണേഷ് കുമാറിന്റെ ബന്ധു കത്ത് കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐക്ക് ലഭിച്ച മൊഴി. ഇക്കാര്യം ശരണ്യ മനോജിന്റെ മൊഴിയിൽ വ്യക്തമാണ്. പരാതിക്കാരിയിൽനിന്ന് ഈ കത്ത് ടി ജി നന്ദകുമാർ സ്വന്തമാക്കിയത് 50 ലക്ഷം രൂപ നൽകിയാണന്ന് ശരണ്യ മനോജ് മൊഴി നൽകിയതായാണ് സിബിഐയുടെ റിപ്പോർട്ടിൽ പറയുന്നത്.

സോളാർ: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരോപണത്തിന് തെളിവില്ല; പണമായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിബിഐ റിപ്പോർട്ട്
സോളാര്‍ കേസ് ഗൂഢാലോചന സഭ നിർത്തിവച്ച് ചർച്ച ചെയ്യും; റിപ്പോർട്ട് സർക്കാരിന്റെ കൈവശമില്ലെന്ന് മുഖ്യമന്ത്രി

പരാതിക്കാരി ജയിലിൽവച്ച് എഴുതിയ കത്ത് ആദ്യം കൈക്കലാക്കിയത് മനോജാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. പിന്നീട് ഈ കത്ത് നന്ദകുമാറിന് നൽകാൻ പരാതിക്കാരി മനോജിനോട് നിർദേശിച്ചു. അതുപ്രകാരം കത്ത് കൈമാറുകയും ചെയ്തു. എന്നാൽ, കത്ത്‌ കൈമാറും മുമ്പുതന്നെ പരാതിക്കാരി നന്ദകുമാറിൽനിന്ന് 50 ലക്ഷം രൂപ വാങ്ങിയിരുന്നതായി മനോജ് മൊഴി നൽകി. ഈ കത്ത് നന്ദകുമാർ 50 ലക്ഷം രൂപവാങ്ങി ഒരു വാർത്താ ചാനലിന് വിറ്റുവെന്നാണ് മൊഴി. പിന്നീട് നന്ദകുമാർ എറണാകുളത്തുവച്ച് പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയതായും റിപ്പോർട്ടിലുണ്ട്.

പിന്നീട് പരാതിക്കാരിയെ കേസുമായി മുന്നോട്ടുപോകാന്‍ സഹായിച്ചതും നന്ദകുമാറായിരുന്നു. മുഖ്യമന്ത്രിയുടെയടുത്ത് പരാതിക്കാരിയെ എത്തിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് കേസ് സിബിഐക്കു വിടുന്നതിനായി ഇടനിലക്കാരനായി പ്രവർത്തിച്ചതും ഇയാളായിരുന്നു.

2013 മുതല്‍ പലപ്പോഴായി ആകെ അഞ്ചു സെറ്റ് കത്തുകള്‍ സോളാര്‍ അതിജീവിത തന്നെ എഴുതി തയാറാക്കിയതായാണു സിബിഐ പറയുന്നു. തന്നെ പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടിയുളള ഈ കത്തുകൾ മറ്റ് ഉന്നത വ്യക്തികൾക്ക് വില്‍പ്പന നടത്തുകയായിരുന്നു പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിബിഐയുടെ കണ്ടെത്തലിലുണ്ട്. ടിജി നന്ദകുമാറിന്റെ കൈവശം തന്നെ 19 പേജും 25 പേജും വരുന്ന രണ്ട് കത്തുകളുണ്ടായിരുന്നു.

ക്ലിഫ് ഹൗസില്‍ പീഡനം നടന്നെന്നു പരാതിയില്‍ പറയുന്ന സമയത്ത് പിസി ജോര്‍ജിനെ ദൃക്‌സാക്ഷി ആക്കാനായിരുന്നു ശ്രമം. ഉമ്മന്‍ ചാണ്ടി ധരിച്ചിരുന്ന കള്ളി മുണ്ട് അടക്കം വസ്ത്രങ്ങളുടെ അടയാളങ്ങളായിരുന്നു ആ കുറിപ്പിലുണ്ടായിരുന്നത്. സിബിഐ കേസ് ഏറ്റെടുത്തശേഷം 2022ല്‍ പരാതിക്കാരി പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ വീട്ടില്‍ എത്തിയാണ് ഈ കുറിപ്പ് കൈമാറിയത്. പരാതിക്കാരി കറുത്ത നിറത്തിലുള്ള ഷിഫോണ്‍ സാരി ആയിരുന്നു ധരിച്ചിരുന്നതെന്ന് കള്ളസാക്ഷിപറയണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

ലൈംഗികാരോപണസംഭവത്തിൽ പരാതിക്കാരി പറയുന്നത് കളവാണെന്ന് സോളാർ കമ്പനി മുൻ ജനറൽ മാനേജരായിരുന്ന രാജശേഖരൻ നായരും സിബിഐക്ക്‌ മൊഴിനൽകി. പരാതിക്കാരിക്ക് ഉമ്മൻ ചാണ്ടിയെ കാണാൻ അപ്പോയ്ന്റ്മെന്റ് ലഭ്യമാക്കിയതായി അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പൻ മൊഴിനൽകിയിരുന്നു. എന്നാൽ, പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് താൻ സാക്ഷിയായിരുന്നില്ലെന്നാണ് അദ്ദേഹം കോടതിയിൽ മൊഴി നൽകിയത്.

സംഭവദിവസം സന്ദീപും തനിക്കൊപ്പം ക്ലിഫ്ഹൗസിൽ എത്തിയെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. എന്നാൽ ആ ദിവസം സന്ദീപ് എത്തിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പിസി ജോർജ്, ടെന്നി ജോപ്പൻ, ശ്രീജിത്ത്, സന്ദീപ് അടക്കമുളളവരുടെ മൊഴികളും പരസ്പര വിരുദ്ധമാണെന്ന് സിബിഐ കണ്ടെത്തി.

logo
The Fourth
www.thefourthnews.in