കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തിയപ്പോള്‍
കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തിയപ്പോള്‍

നിപ പ്രതിരോധ പ്രവർത്തനം ശക്തം; കേന്ദ്രസംഘം കുറ്റ്യാടിയിൽ

നിപ വൈറസ് ബാധയേറ്റ് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശനം നടത്തിയത്

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ക്കായി കേന്ദ്ര സംഘം കുറ്റ്യാടിയിലെത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായാണ് കേന്ദ്ര സംഘത്തിന്റെ പരിശോധന. വൈറസ് ബാധയേറ്റ് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീട്ടിലാണ് സംഘം സന്ദർശിച്ചത്. മരിച്ച വ്യക്തികളുടെ വീടിന് പുറമേ ബന്ധു വീടുകളിലും രോഗബാധിതന്‍ പോയിരിക്കാന്‍ സാധ്യതയുള്ള പറമ്പുകളും സന്ദര്‍ശിച്ചു.

കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തിയപ്പോള്‍
നിപ സമ്പർക്കപ്പട്ടിക വലുതാവും, ഇന്ന് വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് ആദ്യ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം: ആരോഗ്യമന്ത്രി

വവ്വാൽ സർവേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. സംഘത്തിലുളളത് ഹനുൽ തുക്രൽ, എം സന്തോഷ്‌ കുമാർ, ഗജേന്ദ്രസിങ് എന്നിവരാണ് . മരിച്ച വ്യക്തിയുടെ വീടും പരിസരവും പരിശോധിച്ച ശേഷം സംഘം തോട്ടത്തിലെത്തി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു.

സമീപത്തുള്ള തറവാട് വീട് സന്ദർശിച്ച സംഘം മരിച്ച വ്യക്തിക്ക് രോഗ ബാധയേൽക്കുന്നതിന് മുൻപ് ചെയ്ത ജോലിയെക്കുറിച്ചുള്ള വിവരങ്ങളും യാത്ര ചെയ്ത സ്ഥലങ്ങളും ചോദിച്ചറിഞ്ഞു. ജില്ലാ മെഡിക്കൽ ടെക്നിക്കൽ അസിസ്റ്റന്റ്, കുറ്റ്യാടി താലൂക്ക് ആശുപത്രി സൂപ്രണ്ട്, കുറ്റ്യാടി, മരുതോങ്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.

കേന്ദ്ര സംഘം കുറ്റ്യാടിയില്‍ പരിശോധന നടത്തിയപ്പോള്‍
ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകളുടെ എണ്ണം നാലായി, മലപ്പുറത്തെ സാംപിള്‍ നെഗറ്റീവ്

വീണ്ടുമൊരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് നിപ ബാധിതരുടെ എണ്ണം നാലായി മാറിയിരുന്നു. കോഴിക്കോട് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 39 വയസുകാരനിലാണ് വൈറസിന്റെ സാന്നിധ്യം ഒടുവില്‍ കണ്ടെത്തിയത്. നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ 950 പേരുടെ സമ്പർക്കപ്പട്ടിക തയാറാക്കിയിട്ടുണ്ട്. 234 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. പട്ടികയിലുള്ളവരിൽ 287 പേർ ആരോഗ്യപ്രവർത്തകരാണ്.

നിപ വൈറസ് ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പില്‍നിന്ന് വിട്ടുപോയ സ്ഥലങ്ങളുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോഴിക്കോട് കളക്ടറേറ്റിൽ നടന്ന സർവകക്ഷി അവലോകനത്തിനുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി .

സമ്പർക്ക പട്ടികയിൽ മലപ്പുറത്തുനിന്ന് 23 പേർ

കോഴിക്കോട് ജില്ലയിൽ മരിച്ചയാൾ ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടികയിൽ മലപ്പുറം ജില്ലയിൽനിന്നുള്ള 23 പേർ. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് പട്ടികയിലുള്ളത്.

ജില്ലാ നിപ കൺട്രോൾ സെല്ലിൽനിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

നിപ സംശയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് നേരത്തെ വ്യക്തമായിരുന്നു. സ്രവസാമ്പിൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലാണ് പരിശോധനയ്ക്ക് വിധേമാക്കിയത്.

അതിർത്തിയിൽ പരിശോധന ശക്തമാക്കി തമിഴ്നാട്

കോഴിക്കോട് ജില്ലയിൽ നിപ്പ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധന ശക്തമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. നാടുകാണിയിലെ ടോൾ ചെക് പോസ്റ്റിന് സമീപമാണ് തമിഴ്നാട് ആരോഗ്യ വകുപ്പ് 24 മണിക്കൂർ പരിശോധന നടത്തുന്നത്.

നാടുകാണിചുരം കയറിയെത്തുന്ന യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ചും വേണ്ട നിർദ്ദേശങ്ങൾ നൽകിയുമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ശരീരോഷ്മാവ് കൂടുതലായി കാണുന്നവരെ നാടുകാണിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകുകയാണ് ചെയ്യുന്നത്.

രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങൾ അടങ്ങുന്ന നോട്ടീസ് തമിഴിലും മലയാളത്തിലും അച്ചടിച്ച് നൽകുന്നുണ്ട്. ചുരം വഴിയെത്തുന്ന തദ്ദേശീയരെയും പരിശോധിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in