പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം  തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന്റെ പിന്തുണ ചാണ്ടി ഉമ്മന് തന്നെ

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മക്കളായ അച്ചു ഉമ്മന്റെയും മറിയം ഉമ്മന്റെയും പേരുകള്‍ സമൂഹമാധ്യമങ്ങളിലടക്കം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ചാണ്ടി ഉമ്മന്‍ തന്നെ മത്സരിക്കട്ടെയെന്ന മറിയം ഉമ്മന്റെ പ്രഖ്യാപനം ചാണ്ടി ഉമ്മന് തന്നെയാണ് കുടുംബത്തിന്റെ പിന്തുണയെന്നത് ഉറപ്പാക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു ഉമ്മന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം സഹതാപതരംഗം അനുകൂലമാക്കാന്‍ യുഡിഎഫും തയ്യാറെടുപ്പ് തുടങ്ങി.

പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം  തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ എട്ടിന്

കോണ്‍ഗ്രസിലും ചാണ്ടി ഉമ്മന്റെ പേരില്‍ രണ്ടഭിപ്രായം ഇല്ല. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ആരാണ് നേതാവെന്ന ചര്‍ച്ച കോട്ടയത്തെ കോണ്‍ഗ്രസില്‍ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് പുറത്തു കാണിക്കാതെ നേതാക്കള്‍ മുന്നോട്ട് പോകുകയാണ്. ജില്ലാ യുഡിഎഫ് നേരത്തെ തന്നെ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. നിലവിലെ സഹതാപതരംഗം വോട്ടായി മാറ്റാനും വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടി കേരള രാഷ്ട്രീയത്തില്‍ ഉയത്തെഴുനേല്‍പ്പിനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ചാണ്ടി ഉമ്മനപ്പുറത്തേക്ക് ഒരു പേര് ഉയര്‍ന്ന് വരാനും സാധ്യതയില്ല.

പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം  തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിൽ ജെയ്ക് തന്നെയാകുമോ ഇടത്‌ സ്ഥാനാർഥി?

ആരാണ് സ്ഥാനാര്‍ത്ഥി എന്നതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് ശരിയല്ലെന്നും എല്ലാം പാര്‍ട്ടി പറയുമെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. സംസാരിക്കേണ്ടപ്പോള്‍ സംസാരിക്കും. നേതാക്കള്‍ വിളിച്ചാല്‍ അവരുമായി ആശയവിനിമയം നടത്തും. എല്ലാം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

പുതുപ്പള്ളിയിലും 'തൃക്കാക്കര' തന്ത്രം മെനയാന്‍ കോണ്‍ഗ്രസ്; നേതൃത്വം  തീരുമാനിക്കട്ടെയെന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് 27 നാള്‍; സ്ഥാനാര്‍ഥി ഉടനെന്ന് വി ഡി സതീശന്‍, സജ്ജമെന്ന് എം വി ഗോവിന്ദന്‍

അതേസമയം തൃക്കാക്കരയില്‍ വിജയം നേടിയതുപോലെ തന്നെ പുതുപ്പള്ളിയിലും ജയിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. സഹതാപതരംഗത്തിലൂടെ വമ്പിച്ച വിജയം നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമം. പി ടി തോമസിന് ഒരുവോട്ട് എന്നതായിരുന്നു തൃക്കാക്കരയിലെ കോണ്‍ഗ്രസിന്റെ സ്ട്രാറ്റജി. അതിന് സമാനമായ രീതിയിലാകും പുതുപ്പള്ളിയിലും തന്ത്രങ്ങള്‍ മെനയുക.

ഉമ്മന്‍ ചാണ്ടി അനുസ്മരണങ്ങളും പള്ളിയിലെ പ്രാര്‍ത്ഥനകളും കല്ലറയിലേക്കുള്ള തീര്‍ത്ഥാടനവും എല്ലാം ഇതിന്റെ ഭാഗമായി ഉയര്‍ത്തിക്കാട്ടും. ഇതിനോടകം മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതലകള്‍ നല്കി കഴിഞ്ഞു. അയര്‍ക്കുന്നം ബ്ലോക്കില്‍ കെ സി ജോസഫും പുതുപ്പള്ളി ബ്ലോക്കില്‍ തിരുവഞ്ചൂരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കഴിഞ്ഞ ദിവസം തെള്ളകത്ത് വിഡി സതീശന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെ യോഗവും ചേര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in