കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച? ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച? ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്

സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കാനാണ് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ രണ്ടു സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ മൂന്നിടത്ത് ധാരണയിലെത്താനായിട്ടില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു സൂചന. കെപിസിസി നിര്‍വാഹക സമിതിയോഗത്തില്‍ കൂടിയാലോചിച്ച് തയാറാക്കിയ സാധ്യത പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കു വിട്ടു. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നാളെ ഡല്‍ഹിക്ക് പോകും. പാര്‍ട്ടി അധ്യക്ഷനു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

നാളെ ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തുന്ന സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് സാധ്യതാ പട്ടിക കൈമാറുമെന്നാണ് സൂചന. പിന്നീട് മറ്റു നേതാക്കള്‍ക്കൊപ്പമാകും ഹൈക്കമാന്‍ഡിനെ കാണുക. സിറ്റിങ് എംപിമാര്‍ക്കെല്ലാം സീറ്റ് നല്‍കാനാണ് കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനമായത്. എന്നാല്‍ രണ്ടു സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ മൂന്നിടത്ത് ധാരണയിലെത്താനായിട്ടില്ല. അവിടെ മൂന്നംഗ പാനല്‍ രൂപീകരിച്ചാണ് പട്ടിക ഹൈക്കമാന്‍ഡിന് നല്‍കുന്നത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച? ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്
എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും

കണ്ണൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലാണ് തീരുമാനമാകാത്തത്. കണ്ണൂരില്‍ കെ സുധാകരനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുമാണ് നിലവിലെ എംപിമാര്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിക്കാതെ പോയ ഏക സീറ്റാണ് ആലപ്പുഴ. കണ്ണൂരില്‍ സുധാകരന്റെയും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെയും പേരുകളാണ് ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ താന്‍ മത്സരത്തിനില്ലെന്ന് സുധാകരന്‍ ആദ്യം വ്യക്തമാക്കിയതോടെ ഇവിടെ ആരെ പരിഗണിക്കുമെന്ന ആലോചനയിലാണ് നേതൃത്വം.

ഇതോടെ സുധാകരനൊപ്പം കെ ജയന്ത്, വി പി അബ്ദുള്‍ റഷീദ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു വന്നു. ഇതിനിടെ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയാറാണെന്നു സുധാകരന്‍ നിലപാട് മാറ്റുകയും ചെയ്തു. ഇതോടെ മൂന്നു പേരുടെയും പേരുകള്‍ പാനലാക്കി ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന ആവശ്യം പലകോണുകളില്‍ നിന്ന് ഉയര്‍ന്നതോടെ അബിന്‍ വര്‍ക്കിയുടെ പേരും ഉള്‍പ്പെടുത്തിയാണ് പാനല്‍ തയാറാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച? ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്
മുസ്ലീംലീഗിന് രണ്ട് സീറ്റ് തന്നെ, മൂന്നാം സീറ്റിന് പകരം രാജ്യസഭാ പ്രതിനിധി; യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

ആലപ്പുഴയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മത്സരിക്കാന്‍ എത്തുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. കെസി ഇല്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ജില്ലയിലെ മുതിര്‍ന്ന നേതാവായ എഎ ഷുക്കൂറിന്റെയും പേരുകള്‍ പരിഗണനയിലുണ്ട്. ഈ മൂന്നു സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സംസ്ഥാന നേതൃത്വം നാളെ ഹൈക്കമാന്‍ഡിനെ കാണുക. മറ്റു സീറ്റുകളില്‍ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ചൊവ്വാഴ്ച? ഹൈക്കമാന്‍ഡിന് ലിസ്റ്റ് കൈമാറാന്‍ നേതാക്കള്‍ ഡല്‍ഹിയിലേക്ക്
പൊന്നാനിയില്‍ സമദാനി, മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍; മുസ്ലീം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

സിപിഎമ്മും സിപിഐയും കേരളാ കോണ്‍ഗ്രസും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ഇടതുപക്ഷം പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നുകഴിഞ്ഞു. ഇന്നലെ ബിജെപി 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി. ശേഷിച്ച സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. യുഡിഎഫാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തില്‍ പിന്നില്‍ നില്‍ക്കുന്നത്. ഘടകകക്ഷിയായ മുസ്ലീം ലീഗും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ സാഹചര്യത്തില്‍ എത്രയും വേഗം പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ചൊവ്വാഴ്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രം ഏറെക്കുറേ വ്യക്തമാകും.

logo
The Fourth
www.thefourthnews.in