എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും

എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും

20 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടുമ്പോള്‍ യുഡിഎഫില്‍ കോട്ടയം സീറ്റില്‍ മാത്രമാണ് തീരുമാനമായിട്ടുള്ളത്

കേരളത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത്പക്ഷം സംസ്ഥാനത്ത് ആദ്യ മുന്‍തൂക്കം നേടുകയാണ്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കുടി പ്രഖ്യാപിച്ചതോടെ കേരളത്തിലെ 20 സീറ്റുകളിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് ഒരുങ്ങി.

കേരളത്തിലെ സീറ്റുകളില്‍ മത്സരിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സിപിഐയും പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുന്‍പ് കോട്ടയത്തെ ഇടത് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും പ്രഖ്യാപിച്ചിരുന്നു.

വി ജോയ് (ആറ്റിങ്ങല്‍), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം), എം മുകേഷ് (കൊല്ലം), സി എ അരുണ്‍കുമാർ (മാവേലിക്കരം) ഡോ. ടി എം തോമസ് ഐസക്ക് (പത്തനംതിട്ട), എ എം ആരിഫ് (ആലപ്പുഴ), തോമസ് ചാഴികാടന്‍ (കോട്ടയം), ജോയ്‌സ് ജോർജ് (ഇടുക്കി), കെ ജെ ഷൈന്‍ (എറണാകുളം), സി രവീന്ദ്രനാഥ് (ചാലക്കുടി), വി എസ് സുനില്‍കുമാർ (തൃശൂർ), കെ രാധാകൃഷ്ണന്‍ (ആലത്തൂർ), എ വിജയരാഘവന്‍ (പാലക്കാട്), കെ എസ് ഹംസ (പൊന്നാനി), വി വസീഫ് (മലപ്പുറം), എളമരം കരീം (കോഴിക്കോട്), ആനി രാജ (വയനാട്), കെ കെ ശൈലജ (വടകര), എം വി ജയരാജന്‍ (കണ്ണൂർ), എം വി ബാലകൃഷ്ണന്‍ (കാസർഗോഡ്) എന്നിങ്ങനെയാണ് എല്‍ഡിഎഫ് സ്ഥാനാർഥി പട്ടിക.

എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും
കോഴിക്കോട്ട് എളമരം കരീം, വടകര കെ കെ ശൈലജ, പത്തനംതിട്ട തോമസ് ഐസക്; സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ച് സിപിഎം

20 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്‍തൂക്കം നേടുമ്പോള്‍ യുഡിഎഫില്‍ കോട്ടയം, കൊല്ലം സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച ചാഴിക്കാടനെ നേരിടാന്‍ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കളത്തിലിറക്കിയിരിക്കുന്നത്. ആർഎസ്‍പിയുടെ സീറ്റായ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ തന്നെ.

കോണ്‍ഗ്രസ് സിറ്റിങ് എംപിമാര്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇത്തവണ മത്സരത്തിനില്ലെന്ന തീരുമാനം പിന്‍വലിച്ചുകൊണ്ട് കെ സുധാകരന്‍ കണ്ണൂർ സ്ഥാനാർഥിയായേക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്ന സൂചനകള്‍. സിറ്റിങ് എംപിമാരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിലും വ്യക്തത കൈവന്നിട്ടില്ല. കഴിഞ്ഞ തവണ കൈവിട്ട ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കാനായി കെ സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമോയെന്ന ആകാംഷയും നിലനില്‍ക്കുന്നു. കെ സി വേണുഗോപാല്‍ സ്ഥാനാർഥിയായാല്‍ ആലപ്പുഴയിലും മത്സരം കടുക്കുമെന്ന് കരുതാം. 2014ല്‍ ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ വിജയം. 2019ല്‍ എ എം ആരിഫിലൂടെ മണ്ഡലം സിപിഎം തിരിച്ചുപിടിക്കുകയായിരുന്നു.

എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും
തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഐ

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ അന്തിമതീരുമാനമാകാത്തതാണ് കോണ്‍ഗ്രസിന്റെ സീറ്റ് നീർണയം വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. മൂന്നാം സീറ്റില്‍ കഴിഞ്ഞ ദിവസമായിരുന്നു ലീഗ്-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ചർച്ച നടത്തിയത്. ചർച്ചയിലെല്ലാം പോസിറ്റീവാണെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സീറ്റ് നിർണയത്തില്‍ പാണക്കാട് വെച്ച് ഇന്ന് തീരുമാനം ഔദ്യോഗിക പ്രഖ്യാപിച്ചേക്കും.

പരമാവധി സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ 'സിനീയേഴ്സിനെ' എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ സ്ഥാനാർഥി തിരഞ്ഞെടുപ്പില്‍ അതീവ സൂക്ഷ്മതയോടെയാകും കോണ്‍ഗ്രസിന്റെ നീക്കം. കാരണം, കഴിഞ്ഞ തവണ കോണ്‍ഗ്രസിന് രാജ്യത്ത് ആകെ ലഭിച്ച 52 സീറ്റുകളില്‍ 15 എണ്ണവും കേരളത്തില്‍ നിന്നായിരുന്നു. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ എംപിമാരില്‍ 30 ശതമാനം പങ്കുവഹിക്കുന്നത് കേരളമാണെന്ന് സാരം. ഇത് ഇത്തവണയും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്.

എല്‍ഡിഎഫിന്റെ ശക്തരായ സ്ഥാനാർഥികളെ നേരിടാന്‍ ഇത്തവണ 'രാഹുല്‍ തരംഗം' കൂട്ടിനില്ലെന്ന ബോധ്യവും കോണ്‍ഗ്രസിനുണ്ടാകും. അതിനാല്‍ എംപിമാരുടെ പ്രവർത്തനം പരിശോധിച്ചും ജയസാധ്യത പരിഗണിച്ചും സ്ഥാനാർഥി പട്ടികയില്‍ ട്വസ്റ്റുകള്‍ കൊണ്ടുവരാനും കോണ്‍ഗ്രസ് മുതിർന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.

എല്‍ഡിഎഫ് ഒരു ചുവട് മുന്നില്‍; ലീഗ് 'കണ്‍ഫ്യൂഷനില്‍' കോണ്‍ഗ്രസ്, സ്ഥാനാർഥികളെ കാത്ത് ബിജെപിയും
വടക്കുംനാഥന്റെ തട്ടകം സുരേഷ് ഗോപിയെ ഏറ്റെടുക്കുമോ? ഇല്ലെന്ന് പറയാനുള്ള രാഷ്ട്രീയകാരണങ്ങള്‍

സംസ്ഥാനത്ത് ബിജെപിയുടെ കാര്യവും വ്യത്യസ്തമല്ല. തൃശൂരില്‍ സുരേഷ് ഗോപിയായിരിക്കും മത്സരിക്കുക എന്നത് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഏറക്കുറെ ഉറപ്പിച്ച സ്ഥാനാർഥിത്വമാണ്. മറ്റ് മണ്ഡലങ്ങളില്‍ ഇത്തരത്തിലുള്ള സൂചനകള്‍ പോലും ഇതുവരെ പ്രത്യക്ഷത്തിലില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച കേരള പദയാത്ര ഇന്നലെ സമാപിച്ച സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍ ഉടനുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
The Fourth
www.thefourthnews.in