വിറ്റത്‌ നിലവാരം കുറഞ്ഞ 'കേള്‍വി സഹായി'; വ്യാപാരിക്ക് 74,900 രൂപ പിഴ

വിറ്റത്‌ നിലവാരം കുറഞ്ഞ 'കേള്‍വി സഹായി'; വ്യാപാരിക്ക് 74,900 രൂപ പിഴ

എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

നിലവാരം കുറഞ്ഞ 'കേള്‍വി സഹായി' വിറ്റതിനും തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ശേഷവും അതിന്റെ വില തിരികെ നല്‍കാത്തതിനും വ്യാപാരിക്ക് 74,900 രൂപ പിഴ ശിക്ഷ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. എറണാകുളം വൈറ്റിലയിലെ ധ്വനി ഹിയറിങ് സെന്റര്‍ ഉടമയ്ക്കാണ് പിഴശിക്ഷ വിധിച്ചത്. എറണാകുളം കുമ്പളം സ്വദേശി കൃഷ്ണരാജ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. വ്യാപാരിയുടെ നടപടി സേവനത്തിലെ അപര്യാപ്തതയും അധാര്‍മിക വ്യാപാര രീതിയുമാണെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കമ്മീഷന്‍ പറഞ്ഞു.

കൃഷ്ണരാജിന്റെ മാതാവിന്റെ കേള്‍വി ശക്തി കുറഞ്ഞതിനാല്‍, ധ്വനി ഹിയറിങ് സെന്ററില്‍ നിന്നും 14,900 രൂപ നല്‍കി ഹിയറിങ് എയ്ഡ് വാങ്ങി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഉപകരണം പ്രവര്‍ത്തനരഹിതമായി. അംഗപരിമിതയും പ്രായാധിക്യവുമുള്ള മാതാവിന് കോടതിയില്‍ വരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മകന്‍ പരാതിയുമായി കമ്മീഷനെ സമീപിച്ചത്.

വിറ്റത്‌ നിലവാരം കുറഞ്ഞ 'കേള്‍വി സഹായി'; വ്യാപാരിക്ക് 74,900 രൂപ പിഴ
മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ശിവ്‌രാജ് സിങ് ചൗഹാന് സീറ്റ് ലഭിച്ചേക്കും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കില്ല

എന്നാല്‍ പരാതിക്കാരന്‍ അല്ല ഉപകരണം വാങ്ങിയതെന്ന വിചിത്രമായ വാദമാണ് വ്യാപാരി കോടതിയില്‍ ഉന്നയിച്ചത്. സാങ്കേതികമായ കാര്യങ്ങള്‍ ഉന്നയിച്ച് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ വീഴ്ചയും അധാര്‍മികവുമായി വ്യാപാര രീതിയുമാണെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

വ്യാപാരത്തില്‍ ധാര്‍മികത പുലര്‍ത്തുക എന്നത് നിയമപരമായി ആവശ്യം മാത്രമല്ല, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വിപണി കൂടി സൃഷ്ടിക്കുകയാണ്. അംഗപരിമിതരായവരുടെ സങ്കടങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി കാണണമെന്നും കോടതി നിരീക്ഷിച്ചു.

ഹിയറിങ് എയിഡിന്റെ വിലയായ 14,900 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് വ്യാപാരി നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്റ് ഡിബി ബിനു മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

logo
The Fourth
www.thefourthnews.in