കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറില്‍ 115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ സജീവ കേസുകളുടെ എണ്ണം 1749 ആണ്.

കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനു കത്തയച്ചു. വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.

കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍ കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്ന നിലയില്‍ അനാവശ്യഭീതി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും നവംബറില്‍ തന്നെ കോവിഡ് കേസുകളില്‍ ചെറുതായി വര്‍ധനവ് കണ്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കൃത്യമായ ജാഗ്രത നിര്‍ദേശം നല്‍കി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു.

സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിങ് പരിശോധനയ്ക്ക് അയയ്ക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. നവംബര്‍ മുതല്‍ ഹോള്‍ ജിനോമിക് പരിശോധനയ്ക്ക് സാമ്പിളുകള്‍ അയച്ചുവരുന്നു. അതില്‍ ഒരു സാമ്പിളില്‍ മാത്രമാണ് ജെഎന്‍ 1 കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം കരകുളം സ്വദേശിയായ 79 വയസുകാരനാണ് ജെഎന്‍ 1 കണ്ടെത്തിയത്. ഈ രോഗി ഗൃഹചികിത്സ കഴിഞ്ഞ് രോഗമുക്തി നേടിയതായും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്
കോവിഡ് കേസുകളിൽ ഇപ്പോഴുള്ള വര്‍ധനവിന് കാരണമെന്ത്? വിശദീകരിച്ച് ലോകാരോഗ്യ സംഘടന

അതേസമയം കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയ 15 പേരില്‍ ജെഎന്‍ 1 ഉണ്ടെന്ന് സിംഗപ്പൂര്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ഥം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും ഈ കോവിഡ് വകഭേദം ഉണ്ടെന്നാണ്.

കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ച ആളുകള്‍ക്ക് ഗുരുതരമായ മറ്റു രോഗങ്ങളും ഉണ്ടായിരുന്നു. ആരും തന്നെ കോവിഡ് മൂലം മരിച്ചവരല്ല. മറ്റ് ഗുരുതര രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റായവരാണ്. അത് ഇവിടെ രോഗം പടരുന്നുവെ രീതിയില്‍ തെറ്റായി വ്യാഖ്യാനിച്ച് ജനജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് കൊണ്ടുപോകാന്‍ പാടില്ല. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും കോവിഡ് വരാതിരിക്കാന്‍ കരുതല്‍ സ്വീകരിക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്
കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം. കേരളത്തില്‍ കോവിഡ് മരണം ഉള്‍പ്പെടെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകളും ആരംഭിച്ചിരുന്നു.

logo
The Fourth
www.thefourthnews.in