കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍

കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍

വാക്‌സിന്‌റെ സ്വാധീനവും ആന്‌റിബോഡി ലെവലും കുറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കോവിഡ് കൂടാനുള്ള സാധ്യതയുണ്ട്. ഏതു രീതിയിലുള്ള പനിയാണ് എന്നറിയാനുള്ള സാധ്യതാപട്ടികയില്‍ ഇനി കോവിഡും ഉള്‍ക്കൊള്ളിക്കേണ്ടി വരും

രാജ്യത്തെ കോവിഡ് രോഗബാധ ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ തിരിച്ചെത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. കോവിഡിനോടുള്ള ഭീതി പലര്‍ക്കും മാറിയെങ്കിലും കൊറോണ വൈറസ് ഇവിടെനിന്നു പോയിട്ടില്ലെന്നതും വൈറസിന് കൂടുതല്‍ ജനിതകമാറ്റം സംഭവിച്ച് നമുക്കൊപ്പംതന്നെ കാണുമെന്നതും വാസ്തവമാണ്. രോഗത്തെ പ്രതിരോധിക്കാനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കുക മാത്രമേ നമുക്കുമുന്നില്‍ പോംവഴിയുള്ളു.

എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഒക്കെയാണ് പോസിറ്റീവായി വരുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്നില്ല

ഇപ്പോള്‍ പടരുന്നത് ജെഎന്‍ 1

കെറോണ വൈറസില്‍ തുടങ്ങി ഇപ്പോള്‍ ജെഎന്‍ 1 വരെ എത്തി നില്‍ക്കുകയാണ് കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിനുണ്ടായ ജനിതക വ്യതിയാനങ്ങള്‍. ഏറ്റവും കൂടുതല്‍ വില്ലനായത് കോവിഡ് രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെല്‍റ്റ വൈറസ് ആയിരുന്നു. മൂന്നാം തരംഗത്തിലെ ഒമിക്രോണ്‍ ആകട്ടെ രോഗപ്പകര്‍ച്ചയുടെ ആധിക്യം കൂട്ടി. കോവിഡ് വാക്‌സിന്‍ വന്നതോടെ ആളുകളുടെ രോഗപ്രതിരോധശേഷി കൂടി. പ്രതിരോധശേഷി ഉണ്ടാകുമ്പോള്‍ രോഗനിരക്ക് കുറയുകയും പിന്നീട് മറ്റൊരു വകഭേദമായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന രീതിയാണ് കോവിഡ് വൈറസിന്‌റേത്. സാര്‍സ് കോവ് 2 ഒരു ആര്‍എന്‍എ വൈറസ് ആയതിനാല്‍ത്തന്നെ ജനിതകമാറ്റം സഹജസ്വഭാവമാണ്.

ഇപ്പോള്‍ പടരുന്നത് കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎന്‍1 വൈറസാണെന്നാണ് പഠനങ്ങളില്‍നിന്നു മനസിലാക്കാന്‍ സാധിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ബി പത്മകുമാര്‍ ദ ഫോര്‍ത്തിനോടു പറഞ്ഞു. ഇത് അപകടകാരിയല്ല, എങ്കില്‍പ്പോലും മുന്‍പത്തെ ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടതുപോലെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വൈറസ് ആണ്. വെന്‌റിലേറ്ററിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്ന രീതിയലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ ഇത് ഉണ്ടാക്കുകയില്ല.

കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍
കോവിഡിന്‌റെ പുതിയ വകഭേദം ജെഎന്‍1 കേരളത്തിലും; സ്ഥിരീകരിച്ചത് 79 വയസുള്ള സ്ത്രീയില്‍

പിറോള വൈറസ്(ബിഎ.2.86) വകഭേദത്തിന്‌റെ പിന്‍ഗാമിയാണ് ലക്‌സംബര്‍ഗില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജെഎന്‍ 1. രാജ്യത്ത് ജെഎന്‍ 1ന്‌റേതായി രണ്ട് കേസുകളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാന ലക്ഷണങ്ങള്‍, രുചിയും മണവും നഷ്ടമാകുന്നില്ല

ജെഎന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത ആരിലും ഗുരുതര ലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാന ലക്ഷണങ്ങള്‍ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ആദ്യതരംഗങ്ങളില്‍കണ്ട രുചിയും മണവും നഷ്ടമാകുന്നതു പോലുള്ള ലക്ഷണങ്ങള്‍ ജെഎന്‍1-ല്‍ ആരിലും പ്രകടമായതായി റിപ്പോര്‍ട്ടുകളില്ല. പനിയുടെ ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍മാത്രമേ ഈ കോവിഡ് വകഭേദത്തിലും കാണുന്നുള്ളു.

പരിശോധനകളില്ല, കൃത്യമായ കണക്കുകളും

സംസ്ഥാനത്തിന്‌റെ പല ഭാഗങ്ങളിലും കോവിഡ് രോഗികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ രേഖപ്പെടുത്തുന്നില്ല. കോവിഡിനു സമാന ലക്ഷണങ്ങളുമായി കൂടുതല്‍പേര്‍ വന്നുതുടങ്ങിയപ്പോഴാണ് കോവിഡ് പരിശോധനതന്നെ ചെയ്തുതുടങ്ങിയത്. അതുവരെ ഇന്‍ഫ്‌ളുവന്‍സ ലൈക്ക് ഇന്‍നസ് (ഐഎല്‍ഐ) എന്ന രീതിയിലാണ് എല്ലാ പനികളും എടുത്തിരുന്നത്. കോവിഡിന്‌റെ ടെസ്റ്റുകള്‍ വീണ്ടും ചെയ്തുതുടങ്ങിയപ്പോഴാണ് ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് വൈറസാണ് എന്ന് സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന കോവിഡ് രോഗികളുടെ കണക്കുകള്‍ എടുത്തു തുടങ്ങിയിട്ടില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്നും ഡോ. പത്മകുമാര്‍ പറഞ്ഞു.

കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍
കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചു; എച്ച്1എന്‍1 കേസുകള്‍ കൂടിയത് 900 ശതമാനത്തിലധികം, കോവിഡ് ബാധയിലും മുന്നില്‍

കോവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണംതന്നെ തുലോം കുറവാണ്. മെഡിക്കല്‍ കോളേജുകളില്‍ പനിയുമായി എത്തുന്നവരില്‍ നടത്തുന്ന പരിശോധനാപട്ടികയില്‍ കോവിഡ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോ. പത്മകുമാര്‍ പറയുന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ എന്നിവയാണ് പരിശോധനയിലുള്ളത്. കൂടുതല്‍ കണ്ടെത്തുന്നതും ഈ പനികള്‍തന്നെയാണ്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കില്‍പ്പോലും ഐസലൈഷന്‍ റൂമുകള്‍ സജ്ജീകരിക്കുക പോലുള്ള നിര്‍ദേശങ്ങളൊന്നും ഇതുവരെ സര്‍ക്കാരില്‍നിന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭിച്ചിട്ടില്ല. മുന്‍പ് ഉപയോഗിച്ചിരുന്ന വാര്‍ഡുകളെല്ലാം പഴയപടി മറ്റു വാര്‍ഡുകള്‍ക്കായി വിട്ടുകൊടുത്തു. കോവിഡ് രോഗികള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ എല്ലായിടത്തും നിര്‍ത്തലാക്കി. കോവിഡിന്‌റേതായ പരിശോധനകള്‍ മെഡിക്കല്‍ കോളേജുകളിലൊന്നും കാര്യമായി ആരംഭിച്ചിട്ടുമില്ല.

ജെഎന്‍1 വൈറസ് അപകടകാരിയല്ല, എങ്കില്‍പ്പോലും മുന്‍പത്തെ ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടതുപോലെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള വൈറസ് ആണ്

കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം വളരെ ചെറിയ രീതിയില്‍ വന്നുപോകുകയായിരുന്നു. സ്വാഭാവികമായും ഉണ്ടാകുന്ന ക്ഷീണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. പനി മാറാതെ വന്നപ്പോള്‍ സ്വകാര്യ ലാബില്‍ പോയി പരിശോധിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ വരുന്നവരില്‍ കോവിഡ് ഒഴികെയുള്ള ടെസ്റ്റുകള്‍ ചെയ്യുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ ഒക്കെയാണ് പോസിറ്റീവായി വരുന്നത്. മെഡിക്കല്‍ കോളേജുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്നില്ല. പല പനികള്‍ ടെസ്റ്റ് ചെയ്യുന്ന ലിസ്റ്റില്‍ ഇപ്പോള്‍ കോവിഡ് ഉള്‍പ്പെടുത്തിയിട്ടുമില്ല.

കോവിഡ് കേസുകള്‍ ഇനിയും കൂടാം

നേരത്തെ എടുത്ത വാക്‌സിന്‌റെ സ്വാധീനവും ആന്‌റിബോഡി ലെവലും കുറഞ്ഞിട്ടുണ്ടാകും. അതുകൊണ്ട് കോവിഡ് കൂടാനുള്ള സാധ്യതയുണ്ട്. ഏതു രീതിയിലുള്ള പനിയാണ് എന്നറിയാനുള്ള സാധ്യതാപട്ടികയില്‍ ഇനി കോവിഡും ഉള്‍ക്കൊള്ളിക്കേണ്ടി വരും. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ആയതുകൊണ്ട് റീഇന്‍ഫെക്ഷനുള്ള സാധ്യതയുണ്ട്. നേരത്തേയുള്ള വാക്‌സിന്‍ എത്ത്രതോളം ഫലപ്രദമാണെന്ന് അറിയില്ല. എങ്കിലും നേരത്തെ എടുത്ത വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പനിയെന്നു കണ്ടാല്‍ ഇപ്പോള്‍ കോവിഡ് പരിശോധന നടത്താന്‍ ആരും മുതിരുന്നില്ലെന്നതാണ് വാസ്തവം. എന്തെങ്കിലും ഗുരുതരാവസ്ഥകള്‍ പ്രകടമാകുന്നവരോ അല്ലെങ്കില്‍ സാധാരണ മരുന്നുകള്‍ എടുത്തിട്ടും പനി മാറാത്തവരോ ഒക്കെയാണ് കോവിഡ് പരിശോധന നടത്തുന്നത്. ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ പോലും പലപ്പോഴും കോവിഡിന്‌റേതായ സുരക്ഷാനടപടികള്‍ സ്വീകരിക്കുന്നുമില്ല.

കോവിഡ് ഇനിയും കൂടാം; ഇപ്പോള്‍ പടരുന്നത് ജെഎന്‍1, പരിശോധന നടത്താതെ സര്‍ക്കാര്‍ ആശുപത്രികള്‍
കോവിഡ് വൈറസ് ശ്വാസകോശത്തില്‍ രണ്ടു വര്‍ഷംവരെ നിലനില്‍ക്കാം

ഇപ്പോള്‍ പനിയുടെ വ്യാപനം വളരെക്കൂടിയിട്ടുണ്ട്. കൊതുകുജന്യ പനികളാണ്, പ്രത്യേകിച്ച് ഡങ്കിയാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡെങ്കി ഒരു കാരണവശാലും വിട്ടു പോകുന്നില്ല. ജലദോഷപ്പനി വന്നിട്ട് ചുമയും കഫക്കെട്ടും മാറാതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ വളരെ വ്യാപകമാണ്. മറ്റ് ഗുരുതര രോഗമുള്ളവര്‍ കോവിഡിനെതിരെ കൂടുതല്‍ ശ്രദ്ധിക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം.

logo
The Fourth
www.thefourthnews.in