സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?

സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?

പലസ്തീൻ വിഷയത്തിലെ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ ലീഗ് പങ്കെടുത്താൽ അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ് സിപിഎം

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് ഒരു മുന്നണി മാറ്റത്തിന് സാധ്യതയുണ്ടോ? ഇന്നേവരെ ഒരു ഘട്ടത്തിലും ഒപ്പം നിൽക്കാത്ത മുസ്ലിം ലീഗിലെ രണ്ട് നേതാക്കൾ സർക്കാരിനും സിപിഎമ്മിനും പരസ്യ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നു. പലവട്ട ആലോചനകളിലും ഫലം കാണാതിരുന്ന ലീഗ് കൂട്ടായ്മയ്ക്ക് വഴിയൊരുങ്ങിയാൽ അത് മുതലെടുക്കാനാണ് സിപിഎം നീക്കം. ' കോൺഗ്രസിന്റെ കക്ഷത്തെ കീറുസഞ്ചിയല്ല ലീഗെന്ന് തെളിഞ്ഞു' എന്ന ലീഗിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്റെ പ്രസ്താവന നൽകുന്ന സൂചനയും ഇതാണ്. പലസ്തീൻ വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ ലീഗ് പങ്കെടുത്താൽ അത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം.

സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?
കരുണാകരന് പിന്നിൽ നിൽക്കുന്ന പോലീസുകാരന്‍, അതാകാനായിരുന്നു ആഗ്രഹം: ചാണ്ടി ഉമ്മന്‍
കെ സുധാകരന്‍
കെ സുധാകരന്‍

കെ സുധാകരന്‍റെ 'പട്ടി' പ്രയോഗത്തിൽ ലീഗിനുള്ളിൽ അസ്വസ്ഥതകൾ രൂപപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ലീഗിലുണ്ടായ അസ്വസ്ഥതകൾ പരിഹരിക്കാനും അവരെ അനുനയിപ്പിക്കാനുമുള്ള ശ്രമം കെ സുധാകരൻ ഒരു വശത്ത് തുടങ്ങിയിരിക്കുകയാണ്. യുഡിഎഫിൽ ഇത് സംബന്ധിച്ച തർക്കങ്ങൾ മുറുകുമ്പോഴും ലീഗ് സിപിഎം ക്ഷണം നിരസിച്ചില്ല. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനമുണ്ടാവുമെന്നാണ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞത്. ഇതോടെ കാലങ്ങളായി അകലത്തിൽ നിൽക്കുന്ന സിപിഎമ്മും ലീഗും തമ്മിലുള്ള കൂട്ടായ്മയ്ക്ക് വഴിയൊരുക്കുന്നതാവുമോ പലസ്തീൻ റാലി എന്ന തരത്തിൽ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നു. കോൺഗ്രസുമായി പല വിഷയങ്ങളിൽ ലീഗിനുണ്ടായിട്ടുള്ള അഭിപ്രായ ഭിന്നതകൾ മുതലെടുക്കാൻ സിപിഎമ്മിനാവുമോ എന്നതാണ് രാഷ്ട്രീയചിന്തകരും ഉറ്റുനോക്കുന്നത്.

അടുത്ത ജന്മത്തിൽ പട്ടിയാകണമെന്ന് കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ല
കെ സുധാകരന്‍

നവംബർ 11ന് കോഴിക്കോട് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയാണ് തുടക്കം. പിന്നാലെ സിപിഎം ലീഗിനെ ക്ഷണിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച അതൃപ്തി കോൺഗ്രസ് ലീഗ് നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ അതിനിടയിലാണ് കെ സുധാകരന്റെ പട്ടി പ്രയോഗം. അടുത്ത ജന്മത്തിൽ പട്ടിയാകണമെന്ന് കരുതി ഇപ്പോൾ തന്നെ കുരക്കേണ്ടതില്ലെന്നായിരുന്നു പലസ്തീൻ റാലിയിൽ പങ്കെടുക്കുമെന്ന ഇ ടിയുടെ പ്രസ്താവനയോട് കെ സുധാകരൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ ലീഗ് നേതാക്കൾ കടുത്ത അമർഷം നേരിട്ട് അറിയിക്കുകയും ചെയ്തു. തുടർന്ന് കെ സുധാകരൻ തന്നെ മുൻകയ്യെടുത്ത് അനുനയം നീക്കം തുടങ്ങിയിരിക്കുകയാണ്.

താൻ ഇടി യെ ഉദ്ദേശിച്ചോ ലീഗിനെ ഉദ്ദേശിച്ചോ അല്ല ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം ലീഗ് നേതാക്കളെ ധരിപ്പിച്ചു. എന്നാൽ മഞ്ഞുരുകിയില്ലെന്നതാണ് ലീഗ് നേതൃത്വത്തിൽനിന്ന് ലഭിക്കുന്ന സൂചന. ലീഗ് യുഡിഎഫിന്റെ ഭാഗമാണെന്ന് കെ സുധാകരൻ പറയേണ്ട കാര്യമില്ലെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. കൂട്ടായാണ് യുഡിഎഫിൽ തീരുമാനങ്ങൾ എടുക്കുന്നത്. ലീഗ് എന്നും യുഡിഎഫിന്റെ ഭാഗമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുനീർ വ്യക്തമാക്കി. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാൽ ഈ വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് എല്ലാ ഘടകകക്ഷികൾക്കും ബാധകമാണെന്ന നിലപാടാണ് കെ സുധാകരൻ പങ്കുവച്ചത്.

മുമ്പ് ഏകസിവിൽ കോഡ് വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ യുഡിഎഫ് തീരുമാന പ്രകാരം ലീഗ് അതിൽനിന്ന് വിട്ട് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലീഗ് എടുക്കുന്ന തീരുമാനം മുന്നണി ബന്ധത്തെ ബാധിക്കുമെന്നതിനാൽ ആ തീരുമാനം വളരെ നിർണായകമാണ്. ന്യൂനപക്ഷങ്ങളെ പരമാവധി കൂടെ നിർത്തുകയെന്ന ഉദ്ദേശത്തോടെയാണ് പാർട്ടിക്കുള്ളിൽ പലസ്തീൻ വിഷയത്തിലും ഹമാസിനെ സംബന്ധിച്ചും വിരുദ്ധ അഭിപ്രായങ്ങളുണ്ടായിട്ടും സിപിഎം പലസ്തീൻ ഐക്യദാർഢ്യ റാലിക്കൊരുങ്ങുന്നതെന്നാണ് വിലയിരുത്തൽ. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിനകത്തും യുഡിഎഫിലും വിരുദ്ധ അഭിപ്രായങ്ങളാണുള്ളത്.

ഇതിൽ ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസിന് ഹിന്ദു ബേസിനെ സംരക്ഷിക്കുന്ന ലൈൻ ദേശീയരാഷ്ട്രീയത്തിൽ പ്രയോഗിക്കേണ്ടി വരും. എന്നാൽ വളരെ സ്ട്രോങ്ങായി മുസ്ലിം കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന നിലപാടുകൾ ലീഗിന് എടുക്കേണ്ടി വരും. അന്താരാഷ്ട്ര വിഷയങ്ങളിലുൾപ്പെടെ കോൺഗ്രസ് സ്വീകരിക്കുന്ന കോംപ്രമൈസിങ് ലൈൻ അവരെ അസ്വസ്ഥതപ്പെടുത്തും
എന്‍ പി ചെക്കുട്ടി
ശശി തരൂര്‍
ശശി തരൂര്‍

പലസ്തീൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഒരു സമുദായത്തെ പിന്തുണയ്ക്കുന്ന പാർട്ടിയെന്ന നിലയിൽ മുസ്ലിം ലീഗിന് ഉത്തരവാദിത്തമേറുമ്പോഴും യുഡിഎഫിനുള്ളിൽ പരിമിതികളുമുണ്ട്. ശശി തരൂരിന് നൽകുന്ന പിന്തുണയിൽ കോൺഗ്രസിലെ മറ്റ് നേതാക്കൾക്ക് ലീഗുമായി അകൽച്ച രൂപപ്പെട്ടിരുന്നു. സംവരണ വിഷയത്തിലും മറ്റ് ദേശീയ അന്തർദേശീയ വിഷയങ്ങളിലും കോൺഗ്രസെടുക്കുന്ന മൃദു ഹൈന്ദവ നിലപാടുകളിൽ ലീഗിനും അമർഷമുണ്ട്.

''ഇതിൽ ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസിന് ഹിന്ദു ബേസിനെ സംരക്ഷിക്കുന്ന ലൈൻ ദേശീയ രാഷ്ട്രീയത്തിൽ പ്രയോഗിക്കേണ്ടി വരും. എന്നാൽ വളരെ സ്ട്രോങ്ങായി മുസ്ലിം കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന നിലപാടുകൾ ലീഗിന് എടുക്കേണ്ടി വരും. അന്താരാഷ്ട്ര വിഷയങ്ങളിലുൾപ്പെടെ കോൺഗ്രസ് സ്വീകരിക്കുന്ന കോംപ്രമൈസിങ് ലൈൻ അവരെ അസ്വസ്ഥതപ്പെടുത്തും,'' മാധ്യമപ്രവർത്തകനും ചിന്തകനുമായ എൻ പി ചെക്കുട്ടി അഭിപ്രായപ്പെടുന്നു.

എൻ പി ചെക്കുട്ടി
എൻ പി ചെക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നും വളരെ മെച്ചപ്പെട്ട അവസ്ഥയിലാണ് എൽഡിഎഫ്. ലീഗിന് വോട്ടും പിന്തുണയുമുള്ളതിനാൽ അത് കൂടുതൽ പ്രയോജനപ്പെടുത്താനായിരിക്കും അവരുടെ നീക്കം. പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ പ്രമേയം വളരെ ബാലൻസ്‌ഡ് ആണ്. എന്നാൽ ആളുകൾ നോക്കുമ്പോൾ പലസ്തീൻ വിഷയത്തിലടക്കം അവരുടെ ഇടപെടലിൽ പ്രോ ബി ജെ പി ലൈൻ ഉണ്ടെന്ന് തോന്നിക്കും. എല്ലാക്കാലത്തും കോൺഗ്രസിൽ റൈറ്റ് വിങ് പൊസിഷനിലുള്ള ആളുകൾ ഉണ്ടായിരുന്നു. പക്ഷേ എക്കാലത്തും ഗ്രാസ്റൂട്ട് റിയാലിറ്റിയിൽ മനസ്സിലാക്കിയുള്ളതായിരുന്നു യുഡിഎഫ് പ്രതികരണങ്ങളും നിലപാടുകളും. എന്നാൽ ഇപ്പോൾ ആ ബാലൻസ് നഷ്ടപ്പെട്ടിരിക്കുന്നു. അതിൽ കാസ്റ്റ് എലമന്റ് വളരെ പ്രധാനമാണ്. ഒരു കമ്മ്യൂണിറ്റിയിൽനിന്ന് ഉള്ളവരാണ് നേതാക്കളെല്ലാം. നേരത്തെ എല്ലാ ജാതിയിൽ നിന്നുള്ളവരുമുണ്ടായിരുന്നു. 35 ശതമാനം വരുന്ന ഈഴവ-തീയ സമുദായം, 25 ശതമാനം വരുന്ന മുസ്ലിങ്ങൾ, എന്നാൽ ഇവരുടെ പ്രതിനിധാനം യുഡിഎഫിൽ 15 സതമാനത്തിൽ അധികം വരുന്നില്ല. ഇത് തന്നെയാണ് പല കാര്യങ്ങളിലുമുള്ള നിലപാടുകളിലും പ്രതിഫലിക്കുന്നത്. ഇത് ലീഗിനെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

അതിന് പുറമെ പട്ടി പ്രയോഗമെല്ലാം അമർഷം കൂട്ടാനേ സഹായിക്കൂ. പട്ടിയോട് സാംസ്‌കാരികമായി തന്നെ അവേർഷൻ ഉള്ളവരാണ് മുസ്ലിം ജനത. ആ പദപ്രയോഗം സ്വാഭാവികമായും അവരെ വളരെയധികം വേദനിപ്പിക്കുന്നതായിരിക്കുമെന്നും ചെക്കുട്ടി കൂട്ടിച്ചേർത്തു.

എന്നാൽ ലീഗ് സിപിഎമ്മിന്റെ ഭാഗമാവുമോ? മലബാറിൽ ലീഗ് കഴിഞ്ഞാൽ ഏറ്റവുമധികം മുസ്ലീം പ്രാതിനിധ്യമുള്ള പാർട്ടി സിപിഎമ്മാണ്. അതിനാൽ ലീഗ്-സിപിഎം കൂട്ട് കെട്ട് ലീഗിന് അപകടമുണ്ടാക്കുമെന്ന ധാരണ ലീഗ് നേതാക്കൾക്കും അണികൾക്കുമുള്ളിലുണ്ട്. വർഷങ്ങൾക്ക് മുമ്പ് മുസ്ലിം പ്രാതിനിധ്യം കൂടുതലുണ്ടായിരുന്നത് സിപിഎമ്മിനായിരുന്നു. എന്നാൽ ലീഗ് കടന്നുവരികയും അടിത്തറയുണ്ടാക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രീയം ഒരു പരിധിവരെ ഉയർത്തിക്കൊണ്ട് വരാനും ലീഗിന് കഴിഞ്ഞു. മുസ്ലിം അണികളുള്ള രണ്ട് പാർട്ടികൾ ഒരേ കുടക്കീഴിൽ വന്നാൽ അത് സിപിഎമ്മിലേക്കുള്ള അണികളുടെ ഒഴുക്കിന് കാരണമാവുമെന്ന വിലയിരുത്തൽ ലീഗിനുള്ളിൽ നേരത്തെ തന്നെയുണ്ട്. ചർച്ചകൾ പലവട്ടമുണ്ടായെങ്കിലും അത്തരമൊരു മുന്നണിമാറ്റ സാഹസത്തിന് ലീഗ് തയ്യാറാവാതിരുന്നതിന് കാരണവും അതുതന്നെ. ലീഗിൽ മുതിർന്ന നേതാക്കൾക്ക് മാത്രമാണ് പാർട്ടി നേതൃത്വത്തിലേക്കും തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിലേക്കും തിരഞ്ഞെടുക്കപ്പെടാറ്.

എന്നാൽ സിപിഎമ്മിലേക്ക് പോയാൽ നിയമസഭ- ലോക്സഭാ സീറ്റുൾപ്പെടെ പല വിധ ആനുകൂല്യങ്ങൾ ലീഗിലെ യുവനിരയെ തേടിയെത്തുമെന്നും അത് ലീഗിൽ നിന്നുള്ള കൊഴിഞ്ഞ് പോക്കിന് മറ്റൊരു കാരണമാവുമെന്ന വിലയിരുത്തലുമുണ്ട്. 87ലെ തിരഞ്ഞെടുപ്പ് മുതൽ സിപിഎമ്മിനൊപ്പംനിന്ന കാന്തപുരം നേട്ടങ്ങളുണ്ടാക്കിയ ഉദാഹരണമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. സമസ്ത ശോഷിച്ചും വന്നു. എന്നാൽ ഇപ്പോൾ സമസ്തയിലെ ചില നേതാക്കൾ സിപിഎമ്മിനൊപ്പം നിൽപ്പ് ഉറപ്പിച്ചിരിക്കുകയാണ്. പ്രായോഗിക രാഷ്ട്രീയത്തിൽ സിപിഎമ്മിനൊപ്പം നിന്നാൽ അത് ഗുണം ചെയ്യുമെന്ന കാഴ്ചപ്പാടിലാണ് ഇത്തരം നീക്കങ്ങളെല്ലാം.

'57ലെ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കുനിന്ന് മത്സരിച്ചപ്പോഴും ലീഗിന് രണ്ട് പാർലമെന്റ് സീറ്റ് ലഭിച്ചിട്ടുണ്ട്. ഇന്നും അതേ നിലയിലാണ് തുടരുന്നത്. അഞ്ചാം മന്ത്രിസ്ഥാനത്തിനായി ചോദിച്ച് അവഹേളിക്കപ്പെട്ടതാണ് ലീഗ്. ആ സാഹചര്യത്തിൽ സിപിഎമ്മിനൊപ്പം പോയാൽ അത്തരത്തിൽ സ്ഥിതി മെച്ചപ്പെടുത്താൻ ഒരുപക്ഷേ ലീഗിന് കഴിഞ്ഞേക്കും. സിപിഎമ്മിനും അതുകൊണ്ട് താൽക്കാലികമായ ഗുണം ലഭിക്കും. ഉദാഹരണത്തിന് കോഴിക്കോട് സീറ്റ് മുസ്ലീം ലീഗിനെ കൂട്ടുപിടിച്ചാൽ സിപിഎമ്മിന് നേടാവുന്നതേയുള്ളൂ. ഏതെങ്കിലും തരത്തിൽ പൂർണമായോ അല്ലെങ്കിൽ ലീഗിൽ നിന്ന് ഒരു ഗ്രൂപ്പിനെയോ അടർത്തിയെടുക്കാൻ കഴിഞ്ഞാൽ അത് സിപിഎമ്മിന് ഗുണമാണ്. പ്രത്യേകിച്ചും ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒന്നായി കാണണമെന്ന ഇഎംഎസ് പറഞ്ഞ തിയറി സിപിഎം ഉപേക്ഷിച്ചിട്ടുണ്ട്.

താൽക്കാലികമായെങ്കിലും ലാഭമുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ ലീഗിനെ ഒപ്പം നിൽത്താൻ അവർ ശ്രമിക്കും. പക്ഷേ ചരിത്രം പരിശോധിച്ചാൽ അറിയാം ഇതിന് മുമ്പ് ലീഗുമായി പല കൂട്ടുകെട്ടുകളുണ്ടായി. 57 ൽ ഒറ്റയ്ക്കാണ് തിരഞ്ഞെടുപ്പിനെ ലീഗ് നേരിട്ടത്. 65ൽ കോൺഗ്രസ് ബന്ധം ഉണ്ടാവുന്നു. 67ൽ സിപിഎമ്മുമായി കൂട്ടുകെട്ട്. പിന്നീട് 69ൽ കോൺഗ്രസുമായി വീണ്ടും ചേരുന്നു. എന്നാൽ ബാബറി മസ്ജിദ് വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച അഴകൊഴമ്പൻ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസിൽനിന്ന് വേർപിരിയാൻ തീരുമാനമെടുക്കുന്നു. എന്നാൽ സിപിഎം കൂടെക്കൂട്ടിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പെടുമെന്ന് കണ്ടപ്പോൾ യുഡിഎഫിന്റെ ഭാഗമായി തിരിച്ചുപോയി. നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ ഉൾപ്പെടെ വാഗ്ദാനങ്ങൾ കോൺഗ്രസ് വച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായതുമില്ല. എന്നിരുന്നാലും യുഡിഎഫിനകത്ത് ഉണ്ടാവുന്ന എല്ലാ തലവേദനകൾക്കുമിടയിലും ലീഗിന് ഏറ്റവും ഉചിതമായ കംഫർട്ടബിളായ സഖ്യം കോൺഗ്രസുമായി തന്നെയായിരിക്കമെന്ന് പറയേണ്ടി വരുമെന്നും എൻ പി ചെക്കുട്ടി കൂട്ടിച്ചേർത്തു.

സിപിഎം ഇലയിട്ടു, ഉണ്ണാൻ ലീഗ് വരുമോ?
മഹുവ മൊയ്ത്രയ്ക്കെതിരായ പരാതി അന്വേഷിക്കേണ്ടത് ആര്? ചരിത്രം ഇങ്ങനെ

കോൺഗ്രസിനെയും ലീഗിനെയും രണ്ട് തട്ടിൽ നിർത്തി ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളിൽ സിപിഎം മുന്നോട്ടുപോവുകയാണ്. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് നിലപാടുകളിൽ ലീഗ് നേതൃത്വത്തിന് തന്നെ വിയോജിപ്പുകളുള്ളപ്പോൾ അതിനെ എങ്ങനെ പ്രായോഗിക രാഷ്ട്രീയത്തിൽ തങ്ങൾക്ക് ഗുണകരമാക്കാമെന്ന ആലോചനയിലാണ് സിപിഎം. പലസ്തീൻ ഐക്യദാർഢ്യ റാലിയും അതിൽ പങ്കെടുക്കണമോ എന്നുള്ള ലീഗിന്റെ തീരുമാനവും പ്രസക്തവും നിർണായകവുമാവുന്നതും അതുകൊണ്ട് തന്നെ.

logo
The Fourth
www.thefourthnews.in