പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പെട്ടെന്ന് നശിക്കുന്നതും നിറം മങ്ങുന്നതുമായ ബില്ലുകള്‍ നല്‍കുന്നത് നിയമവിരുദ്ധം: ഉപഭോക്തൃ കോടതി

നിര്‍മാണ വൈകല്യമുള്ള ലാപ്‌ടോപ്പിനു പകരം പുതിയതോ അതിന്റെ വിലയോ ഉപഭോക്താവിന് നല്‍കണമെന്നും നഷ്ടപരിഹാരമായി 70,000 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു

വായിക്കാന്‍ കഴിയാത്തതും ഈട് നിൽക്കാത്തതുമായ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം കുമാരപുരം കൃഷ്ണവിലാസം എം എസ് സജീവ് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് വിധി.

അഭിഭാഷകനായ പരാതിക്കാരന്‍ 2020 ഡിസംബറിലാണ് എച്ച്പി ലാപ്‌ടോപ്പ് തൃപ്പൂണിത്തുറയിലെ റിലയന്‍സ് ഡിജിറ്റലില്‍നിന്ന് വാങ്ങിയത്. ഒരു മാസത്തിനകം ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് തകരാറിലായി. സര്‍വീസ് സെന്‌ററില്‍ കൊടുത്തപ്പോള്‍ അത് മാറ്റിനല്‍യെങ്കിലും പിന്നീട് സ്‌ക്രീന്‍ തകരാറിലായി. വാങ്ങി 14 ദിവസം കഴിഞ്ഞതിനാല്‍ ലാപ്‌ടോപ്പ് മാറ്റിത്തരാന്‍ കഴിയില്ലെന്ന് എതിര്‍കക്ഷി അറിയിച്ചു. ലാപ് ടോപ്പ് തുടര്‍ച്ചയായി തകരാറിലായതിനാല്‍ അഭിഭാഷകനെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ബാധിപ്പിച്ചുവെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു.

നിര്‍മാണവൈകല്യമുള്ള ലാപ്‌ടോപ്പിനു പകരം പുതിയതോ അതിന്റെ വിലയോ ഉപഭോക്താവിന് നല്‍കണമെന്നും നഷ്ടപരിഹാരമായി 70,000 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം 30 ദിവസത്തിനകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിലവാരമുള്ള കടലാസില്‍ ഗുണമേന്മയുള്ള മഷിയില്‍ തയാറാക്കിയ വ്യക്തമായ ബില്‍ എതിര്‍കക്ഷി ഉപഭോക്താവിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതീകാത്മക ചിത്രം
ഓയൂർ തട്ടിക്കൊണ്ടുപോകല്‍: മൂന്ന് പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി

'2020 ഡിസംബര്‍ 16ന് എതിര്‍ കക്ഷി നല്‍കിയ ബിൽ ഇപ്പോള്‍ വായിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നിലവാരം കുറഞ്ഞ കടലാസില്‍ ഗുണനിലവാരമില്ലാത്ത മഷി ഉപയോഗിച്ചുള്ള ബില്ലായിരുന്നു പരാതിക്കാരന് ലഭിച്ചത്. 2019ലെ ഉപഭോക്തൃസംരക്ഷണ ചട്ട പ്രകാരമുള്ള 12 ഇനങ്ങളുള്ള ബിൽ ലഭിക്കാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തവും ഈട് നിൽക്കുന്നതുമായ ബിൽ ഉപഭോക്താവിന് നല്‍കണമെന്ന് 2019 ജൂലൈയില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ വ്യാപാരികള്‍ ബാധ്യസ്ഥരാണ്. മങ്ങിപ്പോകുന്ന ബില്ലുകള്‍ ഉപഭോക്താവിന്റെ അവകാശ സംരക്ഷണത്തിന് ഏറെ തടസ്സങ്ങള്‍ ഉണ്ടാകുന്നു,'' കമ്മീഷന്‍ ഉത്തരവില്‍ വിലയിരുത്തി.

ലാപ്‌ടോപ്പ് വാങ്ങി ചുരുങ്ങിയ കാലയളവിനുള്ളില്‍ തുടര്‍ച്ചയായി തകരാറുണ്ടായാല്‍ നിര്‍മാണ വൈകല്യമാണ്. പുതിയ ലാപ്‌ടോപ്പോ അതിന്‌റെ വിലയോ കിട്ടാന്‍ ഉപഭോക്താവിന് അവകാശമുണ്ടെന്നും ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ശ്രീവിദ്യ ടി എന്‍ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in