ഡിവൈഎഫ്ഐ നടത്തിയത് ജീവൻരക്ഷ തന്നെ, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത് ജീവനോടെ രക്ഷപ്പെട്ടതിനാലല്ലേ: മുഖ്യമന്ത്രി

ഡിവൈഎഫ്ഐ നടത്തിയത് ജീവൻരക്ഷ തന്നെ, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത് ജീവനോടെ രക്ഷപ്പെട്ടതിനാലല്ലേ: മുഖ്യമന്ത്രി

ഒരു പ്രത്യേക സമയത്ത് കുട്ടികളെ പരിപാടിക്കായി എത്തിക്കുന്നത് ഗുണകരമല്ലെന്നും അത് ആവര്‍ത്തിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കണ്ണൂരില്‍ തന്നെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദിച്ച സംഭവത്തെ വീണ്ടും ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിവൈഎഫ്‌ഐ നടത്തിയത് ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണ്. താന്‍ കണ്ടതാണ് പറഞ്ഞത്, താന്‍ മാത്രമല്ല, ബസിനുള്ളിലെ എല്ലാ മന്ത്രിമാരും കണ്ടതാണ്.

ബസിനു മുന്നിലേക്ക് ചാടിയ പ്രതിഷേധക്കാരെ ഡിവൈഎഫ്‌ഐക്കാര്‍ തള്ളി മാറ്റുകയായിരുന്നു.അല്ലെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നു ഞാന്‍ പറയേണ്ടതില്ലല്ലോ. എന്നാല്‍, തള്ളി മാറ്റിയശേഷം ക്രൂരമായ മര്‍ദനമേറ്റെന്നും പോലീസ് വധശ്രമത്തിനു ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരേ കേസെടുത്തല്ലോ എന്ന ചോദ്യത്തിന്, അതു രണ്ടും രണ്ടാണ്, ഡിവൈഎഫ്‌ഐക്കാര്‍ അങ്ങനെ രക്ഷാപ്രവര്‍ത്തനം നടത്തിയത് കൊണ്ടാണല്ലോ പിന്നീടുള്ള സംഭവങ്ങള്‍ നടന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

നവകേരള സദസിനായി വിദ്യാര്‍ഥികളെ പൊരിവെയിലത്ത് നിര്‍ത്തിയെന്ന വാര്‍ത്ത മുഖ്യമന്ത്രി തള്ളി. എന്നാൽ ഒരു പ്രത്യേക സമയത്ത് കുട്ടികളെ പരിപാടിക്കായി എത്തിക്കുന്നത് ഗുണകരമല്ലെന്നും അത് ആവര്‍ത്തിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവകേരള സദസ്സ് രണ്ടു ജില്ലകള്‍ പിന്നിട്ട് ഇന്ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുകയാണ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ചരിത്രം സൃഷ്ടിച്ച ജനപങ്കാളിത്തവും സ്വീകാര്യതയും സമാനതകളില്ലാത്ത ബഹുജനമുന്നേറ്റം എന്ന നിലയിലേയ്ക്ക് നവകേരള സദസ്സിനെ മാറ്റിയിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലെയും പര്യടനം ഡിസംബര്‍ 23 ന് തിരുവനന്തപുരത്ത് പൂര്‍ത്തിയാക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ബഹുജനസംവാദ പരിപാടി എന്ന റെക്കോര്‍ഡിലേക്കാണ് നവകേരള സദസ്സ് ഉയരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം എല്‍ എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം എല്‍ എ മാര്‍ ബഹിഷ്‌കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്. ഒരു ബഹിഷ്‌കരണാഹ്വാനവും ഏശിയില്ല. മാത്രമല്ല, വലിയ തോതില്‍ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്‌കരണാഹ്വാനവും അടിസ്ഥാനരഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞ് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.

ഡിവൈഎഫ്ഐ നടത്തിയത് ജീവൻരക്ഷ തന്നെ, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത് ജീവനോടെ രക്ഷപ്പെട്ടതിനാലല്ലേ: മുഖ്യമന്ത്രി
'വ്യാജ തിരിച്ചറിയൽ കാർഡ് 'എ' ഗ്രൂപ്പിന് വേണ്ടി'; നിർമിച്ചത് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയെന്ന് പോലീസ്

നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രതിപക്ഷനേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്.

എന്തുതരം ഭാഷയാണ് അദ്ദേഹം ഉപയോഗിക്കുന്നത്? എന്തൊക്കെ ആരോപണങ്ങളാണുന്നയിക്കുന്നത്? 'ഉദ്യോഗസ്ഥരെക്കൊണ്ട് കള്ളപ്പിരിവ് നടത്തിയാണോ' എന്നാണദ്ദേഹം ചോദിക്കുന്നത്. ഈ പരിപാടിയില്‍ എവിടെയാണ് കള്ളപ്പിരിവ്? അങ്ങനെ നേടിയ പണം? ജനങ്ങള്‍ പങ്കെടുക്കുന്നതിലെ അസഹിഷ്ണുതയാണ് കാണിക്കുന്നത്.

ഡിവൈഎഫ്ഐ നടത്തിയത് ജീവൻരക്ഷ തന്നെ, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത് ജീവനോടെ രക്ഷപ്പെട്ടതിനാലല്ലേ: മുഖ്യമന്ത്രി
തടവുകാരെ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേല്‍; കരാർ അംഗീകരിച്ചതിന് പിന്നാലെയും ആക്രമണം ശക്തം

ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?എം എല്‍ എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവുമെന്ന് ജനങ്ങളോട് വിശദീകരിക്കണം.

ലഭിക്കുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിക്കുന്നത്. ആരാണ് അദ്ദേഹത്തിന് ഇത്തരം നുണകള്‍ പറഞ്ഞുകൊടുക്കുന്നത് എന്ന് അറിയില്ല. ജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കാനും അവ പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കാനുമുള്ള സംവിധാനം ഫലപ്രദമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ പരാതിയുണ്ടെങ്കില്‍ അതാണ് പറയേണ്ടത്. അല്ലാതെ, ഈ സുപ്രധാന പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ഇതിനെതിരെ ആക്രമണോത്സുകമായ ആക്രോശങ്ങള്‍ മുഴക്കുകയല്ല.

എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ലെന്ന് പറയുന്നത്? കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍ഗോഡ് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്. എന്തുകൊണ്ടാണ്, തങ്ങളുടെ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ ഇങ്ങനെ മുന്നോട്ടു വരുന്നത്? അവ ശ്രദ്ധിക്കപ്പെടും; പരിഹരിക്കപ്പെടും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാണ്. ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതും അവ പരിഹരിക്കുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

ഡിവൈഎഫ്ഐ നടത്തിയത് ജീവൻരക്ഷ തന്നെ, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേറ്റത് ജീവനോടെ രക്ഷപ്പെട്ടതിനാലല്ലേ: മുഖ്യമന്ത്രി
സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോരയാത്രകള്‍ക്ക് നിയന്ത്രണം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതപ്പെയ്ത്ത്

നവകേരള സദസ്സിന് മുന്‍പ് നടന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയും.

വയനാട് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് പൂര്‍ത്തിയാകും. നാളെ കോഴിക്കോട് ജില്ലയിലാണ്. ഇന്നലെ തലശ്ശേരിയില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. മന്ത്രിസഭയാകെ ജനങ്ങള്‍ക്കിയടയിലൂടെ 35 ദിവസം സഞ്ചരിക്കുന്ന അതിവിപുലമായ പരിപാടിയാണ് നവകേരള സദസ്സ്. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ ഭരണം സ്തംഭിക്കില്ലേ എന്നായിരുന്നു ആദ്യം ചിലര്‍ ചോദിച്ചത്. ഭരണം കൃത്യമായി മുന്നോട്ടു പോകുന്നു, സെക്രട്ടറിയേറ്റ് പതിവുപോലെ പ്രവര്‍ത്തിക്കുന്നു; മന്ത്രിസഭാ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നു. അപ്പോള്‍ പുതിയ ആക്ഷേപം ഒരു കൂട്ടര്‍ ഇന്ന് എഴുതിയത്, 'ഹോട്ടലില്‍ മന്ത്രിസഭാ യോഗം' എന്നാണ്. ക്ഷീരമുള്ള അകിടില്‍ ചോര തേടുന്ന സ്വഭാവം എന്നേ ഇതിനെ വിളിക്കാനാവൂ. അത്തരം വിലകുറഞ്ഞ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല.

എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ നവകേരള സദസ്സിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുള്ള നഗരസഭയാണത്. അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് അവിടെ ഭരണത്തില്‍.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്, യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ്. അതായത്, ജനപ്രതിനിധികള്‍ക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമില്ല എന്ന്. ഈ ഭീഷണിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെ. ജനാധിപത്യത്തിന്റെ ഏതളവുകോല്‍ വെച്ചാണ് ഇതിനെ അളക്കുക?

ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ചുനില്‍ക്കുമ്പോള്‍, നാടൊന്നായി ഒരേ വികാരം പങ്കിടുമ്പോള്‍ യുഡിഎഫിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റിനിര്‍ത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചുവെന്നുകൂടി തെളിയിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in