സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോരയാത്രകള്‍ക്ക് നിയന്ത്രണം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതപ്പെയ്ത്ത്

സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോരയാത്രകള്‍ക്ക് നിയന്ത്രണം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതപ്പെയ്ത്ത്

തലസ്ഥാനത്ത് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. കേരളത്തിന് സമീപത്തായി തമിഴ്‌നാടിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. ഞായറാഴ്ചയോടുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗൗരീശപട്ടം, തേക്ക്‌മൂട് കോളനി, മുറിഞ്ഞപാലം, പട്ടം എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കോസ്മോപൊളിറ്റൻ ആശുപത്രിയിലും വെള്ളം കയറിയിട്ടുണ്ട്. ചെമ്പഴന്തി, ശ്രീകാര്യം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ വൈകീട്ട് ആരംഭിച്ച മഴ ജില്ലയില്‍ ഇന്ന് രാവിലെയും തുടരുകയാണ്.

പത്തനംതിട്ടയിലും ഇന്നലെ പെയ്ത ശക്തമായ മഴയില്‍ കോന്നി കൊക്കാത്തോട് മേഖലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഒരു വീട് പൂര്‍ണമായും തകരുകയും പത്തിലധികം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇലന്തൂര്‍ ചുരുളിക്കോട് മലവെള്ളപ്പാച്ചിലുണ്ടായി. മലയോര മേഖലകളിലെ രാത്രിയാത്രക്ക് കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം സെന്ററുകള്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. ഇടുക്കി നെടുങ്കണ്ടം കല്ലാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്ററാണ് തുറന്നത്. സെക്കൻഡില്‍ അഞ്ച് ക്യുസെക്‌സ് വെള്ളം തുറന്നു വിട്ടു. ചിന്നാര്‍, കല്ലാര്‍, പന്നിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊൻമുടി അണക്കെട്ടിൻ്റെ മൂന്ന് ഷട്ടറുകളും തുറന്നു.

സംസ്ഥാനത്ത് അതിശക്തമായ മഴ; മലയോരയാത്രകള്‍ക്ക് നിയന്ത്രണം, പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതപ്പെയ്ത്ത്
ഒമ്പത്‌ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പലയിടത്തും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെങ്കിലും മീൻപിടുത്തത്തിന് വിലക്കില്ല.

logo
The Fourth
www.thefourthnews.in