സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം

മൗണ്ട് സെന്റ് തോമസ് ആസ്ഥാനമാക്കി വരുന്ന പുതിയ അതിരൂപതയെ അംഗീകരിക്കില്ലന്ന് വൈദികർ കത്തിലൂടെ വ്യക്തമാക്കി

സീറോ- മലബാർ സഭാ സിനഡിന് അന്ത്യശാസനവുമായി എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതി. പുതിയ സഭാ തലവനെ തെരഞ്ഞെടുക്കാനുള്ള സിനഡ് സമ്മേളനം ഇന്ന് സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ സമ്മർദ്ദവുമായി അതിരൂപത വൈദികർ രംഗത്തെത്തിയത്.

സിനഡ് മെത്രാന്മാര്‍ക്കും അതിരൂപതാ സംരക്ഷണ സമിതി തുറന്ന കത്തയച്ചു. സീറോ-മലബാർ സഭയുടെ ആസ്ഥാനം എണാകുളം - അങ്കമാലി അതിരൂപതയിൽ നിന്ന് മാറ്റിയാൽ അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രം നടത്താൻ സിനഡ് അനുവദിച്ചേ തീരൂ എന്ന് അതിരൂപത സംരക്ഷണ സമിതി. മൗണ്ട് സെന്റ് തോമസ് ആസ്ഥാനമാക്കി വരുന്ന പുതിയ അതിരൂപതയെ അംഗീകരിക്കില്ലന്ന് വൈദികർ കത്തിലൂടെ വ്യക്തമാക്കി.

എറണാകുളം- അങ്കമാലി അതിരൂപതയിലെ അജപാലന പ്രതിസന്ധി പരിഹരിക്കാനുള്ള ഉത്തരവാദിത്തം സിനഡിനാണ് ന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രശ്നങ്ങളുടെ പ്രഭവ കേന്ദ്രം 2021 ആഗസ്റ്റിലെ സിനഡില്‍ നടപടിക്രമം ലംഘിച്ചു കൊണ്ടെടുത്ത സിനഡല്‍ രീതിയിലുള്ള വി.കുര്‍ബ്ബാനാനുഷ്ഠാന രീതിയാണ്. 2001-ല്‍ സിനഡ് തന്നെ നിശ്ചയിച്ച നടപടിക്രമം തെറ്റിച്ചു കൊണ്ട് സ്വേച്ഛാധിപത്യപരമായി അടിച്ചേല്പിച്ച 50-50 കുര്‍ബാന അര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ കഴിഞ്ഞ 60 വര്‍ഷമായി തുടരുന്ന ജനാഭിമുഖ കുര്‍ബ്ബാനയെ ഇല്ലാതാക്കാനുള്ള കുടിലശ്രമമായിരുന്നു. ഇത് നീതി നിഷേധമാണ്.

വൈദിക-സന്ന്യസ്ത- അല്മായ പ്രതിനിധികളോട് നിയമാനുസൃതം ആലോചിച്ചിട്ടു വേണമായിരുന്നു ഭേദഗതി നടപ്പിലാക്കാന്‍. സിനഡ് ചെയ്ത തെറ്റ് തിരുത്താന്‍ 2023 ആഗസ്റ്റ് മാസത്തില്‍ സിനഡ് നിശ്ചയിച്ച ബിഷപ്സ് കമ്മിറ്റിയും വൈദികരുടെ പ്രതിനിധികളുടെ ആഡ് ഹോക് കമ്മിറ്റിയുമായി ധാരണയിലെത്തിയ നിർദ്ദേശങ്ങൾ സിനഡ് പോസിറ്റീവ് കുറിപ്പോടെ വത്തിക്കാനിലേക്ക് അയക്കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് രണ്ടാം വട്ടം അതിരൂപത സന്ദര്‍ശിച്ച പേപ്പല്‍ ഡെലഗേറ്റ് ആര്‍ച്ച്ബിഷപ്പ് സിറില്‍ വാസിൽ അതിരൂപതയിലെ വൈദികരുമായും സന്യസ്ത - അല്മായ പ്രതിനിധികളുമായും ലിറ്റര്‍ജി വിഷയത്തില്‍ വിശാലമായ കൂടിയാലോചന നടത്തിയതും തുടര്‍ന്ന് വൈദികരില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അഡ് ഹോക് കമ്മറ്റി അംഗങ്ങളുമായി ബിഷപ്സ് കമ്മിറ്റി എത്തിച്ചേര്‍ന്ന ധാരണകളിന്മേല്‍ ചര്‍ച്ച ചെയ്ത് ഒരു പരിഹാര ഫോര്‍മുല രൂപപ്പെടുത്തകയും ചെയ്തത് എന്ന് കത്തിൽ പറയുന്നു.

ഇക്കാര്യത്തില്‍ സിനഡ് കമ്മിറ്റി അംഗങ്ങളുമായും റോമിലെ പൗരസ്ത്യ കാര്യാലയവുമായും പേപ്പൽ ഡലഗേറ്റ് തുടര്‍ ചര്‍ച്ചകളും നടത്തുകയുണ്ടായി. സിനഡല്‍ കുര്‍ബാന ബസലിക്കായിലും മൈനര്‍ സെമിനാരിയിലും മലയാറ്റൂര്‍ കുരിശുമുടിയിലും ചില നിബന്ധനകള്‍ക്ക് വിധേയമായി നടപ്പിലാക്കുവാനുള്ള നിർദ്ദേശവും മേജർ അതിരൂപത മെത്രാപ്പോലീത്തക്ക് അതിരൂപതയിലെ ശുശ്രൂഷകള്‍ക്ക് ജനാഭിമുഖവും സിനഡിന്‍റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായുള്ള കുര്‍ബാന അര്‍പ്പണത്തിന് സിനഡല്‍ രീതിയും അവലംബിക്കാവുന്ന പരിഹാര നിര്‍ദ്ദേശവും ഈ ഉടമ്പടിയിലുണ്ട്.

സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം
തിരഞ്ഞെടുക്കേണ്ടത് പാത്രിയര്‍ക്കീസിനെയോ മേജര്‍ ആര്‍ച്ച്ബിഷപ്പിനെയോ? പുതിയ ആസ്ഥാനം എവിടെ? വ്യക്തത ഇല്ലാതെ സീറോ മലബാര്‍ സഭ

ബഹുഭൂരിപക്ഷം വരുന്ന വൈദികരുടെയും അല്മായരുടെയും താല്പര്യങ്ങള്‍ പരിഗണിച്ചു കൊണ്ട് പ്രശ്ന പരിഹാരം സാധ്യമാകാനുള്ള പരിശ്രമമാണ് ഇവിടെ ഉണ്ടായത്. ദിനരാത്രങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ ഫലം കാണുന്ന അവസാന ശ്രമത്തില്‍ ഏതോ കറുത്ത കൈകള്‍ സകലതും അട്ടിമറിച്ചു എന്നും കത്ത് കുറ്റപ്പെടുത്തുന്നു. സിനഡിലെയോ പൗരസ്ത്യ കാര്യാലയ ത്തിലെയോ ഏതോ ഉന്നതനായിരിക്കും ഈ അട്ടിമറി നടത്തിയിരിക്കുക എന്നാണ് വൈദികർ ഉയർത്തുന്ന ആരോപണം. പരിഹാര ഫോര്‍മുല ഒപ്പുവെയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരിഹാരത്തിനായി സിനഡിനെ സമീപിക്കാന്‍ ആര്‍ച്ച്ബിഷപ്പ് സിറില്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് സിനഡ് മെത്രാന്മാര്‍ക്ക് തുറന്ന കത്ത് എഴുതുന്നത് എന്ന് വൈദികർ പറയുന്നു.

സീറോ-മലബാർ സഭാ സിനഡിന് എറണാകുളം - അങ്കമാലി അതിരൂപത സംരക്ഷണ സമിതിയുടെ അന്ത്യശാസനം
സീറോ-മലബാര്‍ സഭ പുതിയ തലവന്‍ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം; നടപടിക്രമങ്ങള്‍ ഇങ്ങനെ

എറണാകുളം - അങ്കമാലി അതിരൂപത സീറോമലബാര്‍ സഭയുടെ ആസ്ഥാന രൂപത എന്ന സ്ഥാനം delink ചെയ്തു പ്രശ്ന പരിഹാരം കണ്ടെത്തുന്നത് അത്ര വിവേകപൂര്‍വമായ നടപടിയല്ലന്ന് കത്തിലൂടെ മുന്നറിയിപ്പ് നൽകുന്നു. മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ സഭയുടെ നിലവിലെ ആസ്ഥാനം എറണാകുളമാണ്. ഈ സംവിധാനം തകര്‍ത്തു കൊണ്ട് കാക്കനാട് മൗണ്ട് സെന്‍റ് തോമസിനെ കേന്ദ്രീകരിച്ച് പുതിയൊരു ആസ്ഥാനം രൂപീകരിക്കുവാനുള്ള ശ്രമം ഉണ്ടായാല്‍ തന്നെ അതൊടൊപ്പം എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ നടക്കുന്ന ജനാഭിമുഖ കുര്‍ബാന തുടരുവാന്‍ നിരുപാധികമായി സിനഡ് അംഗീകാരം നല്കേണ്ടി വരും. അല്ലെങ്കില്‍ അത്തരം ഡിലിങ്കിംഗ് അതിരൂപതാംഗങ്ങള്‍ അംഗീകരിക്കില്ല.

പക്ഷേ, ഇപ്രകാരം ചെയ്യുന്നത് വളരെ നിസ്സാരമായി പരിഹരിക്കാവുന്ന ലിറ്റര്‍ജി പ്രശ്നം വഷളാക്കിയ സിനഡിന്‍റെ പരാജയത്തിന്‍റെ ചരിത്രസാക്ഷ്യമാകും. 2023 ഡിസംബര്‍ 7 ന് മാര്‍പാപ്പ നല്കിയ വിഡിയോ സന്ദേശം സൂക്ഷ്മമായി വിലയിരുത്തിയാല്‍ സത്യ വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ അതിലടങ്ങിയട്ടുള്ളതായി മനസ്സിലാക്കാം. മാര്‍പാപ്പയെ ഇക്കാര്യത്തില്‍ അനാവശ്യമായി വലിച്ചിഴച്ചതിനെക്കുറിച്ചു നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സിനഡ് തയ്യാറാവണം എന്നും വൈദികർ ആവശ്യപ്പെടുന്നു. സിനഡാലിറ്റി ചൈതന്യം പാലിച്ചു അജപാലന ശുശ്രൂഷ നടത്തിയ മാര്‍ ആന്‍റണി കരിയിലിനെ പുറത്താക്കി ഏകാധിപതിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഭരണത്തിലേക്ക് കൊണ്ടുവന്നതിന്‍റെ വിലയാണ് ഇപ്പോള്‍ സഭ കൊടുത്തു കൊണ്ടിരിക്കുന്നത് എന്ന് വൈദികർ പറയുന്നു. സിനഡിലെ ചില മെത്രാന്മാരുടെ ദുര്‍വാശികള്‍ക്ക് വളം വെച്ചു കൊടുത്തു പ്രശ്ന പരിഹാരം നീട്ടി കൊണ്ടുപോയാല്‍ ചരിത്രം സിനഡിന് മാപ്പു നല്‍കുകയില്ലന്നും, സത്യസന്ധനും ധാര്‍മ്മികനും പക്ഷം ചേരാത്തവനുമായ ഒരാളെയായിരിക്കണം പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുക്കേണ്ടത് എന്നും സിനഡിന് നൽകിയ കത്തിൽ വൈദികർ വ്യക്തമാക്കുന്നു. കത്തിന്‍റെ കോപ്പി വത്തിക്കാനിലേക്കും ഇന്ത്യയിലെ വത്തിക്കാൻ നുണ്‍ഷ്യോയ്ക്കും നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in