പനിച്ച് വിറച്ച് കേരളം; ഇന്ന് അഞ്ച് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പനിച്ച് വിറച്ച് കേരളം; ഇന്ന് അഞ്ച് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ഈ മാസം ഇതുവരെ 36 പേരാണ് പനി ബാധിച്ച് മരിച്ചത്. പനിക്കേസുകളില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി

പനി ബാധിച്ച് തുടര്‍ച്ചയായുള്ള മരണങ്ങള്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. നാല് പേര്‍ ഇന്ന് പനി ബാധിച്ച് മരിച്ചു. ഈ മാസം ഇതുവരെ 36 പേരാണ് പനി ബാധിച്ച് മരിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. പനിക്കേസുകളില്‍ ഇനിയും വര്‍ധന ഉണ്ടായേക്കാമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

എറണാകുളത്ത് മൂവാറ്റുപുഴ സ്വദേശി സമദ്, കൊല്ലം ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അഭിജിത്ത്, ചവറ സ്വദേശി അരുണ്‍ കൃഷ്ണ, പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി അഖില എന്നിവരാണ് ഇന്ന് മരിച്ചത്. രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയാണ് മരണ കാരണം.

പനിച്ച് വിറച്ച് കേരളം; ഇന്ന് അഞ്ച് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പനി പടരുന്നു; ആന്റിബയോട്ടിക്സ് കഴിച്ചുള്ള സ്വയം ചികിത്സ വേണ്ടെന്ന് ഐഎംഎ

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമായി 12,876 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയെത്തിയത്. മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നു. ഡെങ്കിപ്പനി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ് (64), പാലക്കാടാണ് (28) തൊട്ടുപിന്നില്‍.

പനി ബാധിതരുടെ എണ്ണവും സംശയാസ്പദമായ മരണങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ നിരീക്ഷണ സെല്‍ രൂപീകരിച്ച് ഡോക്‌സിസൈക്ലിന്‍ ഗുളികകളുടെ വിതരണം ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മരുന്നുകളുടെയും ടെസ്റ്റ് കിറ്റുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മോണിറ്ററിങ് സെല്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, കോവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. സംസ്ഥാനത്ത് ആശങ്കയുണര്‍ത്തും വിധം ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

പനിച്ച് വിറച്ച് കേരളം; ഇന്ന് അഞ്ച് മരണം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പനി പടരുന്നു; ഇന്‍ഫ്ലുവന്‍സ വകഭേദത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഐസിഎംആര്‍

എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്നും പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങാനും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഡെങ്കിപ്പനി വ്യാപനം തടയാന്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങൾ ഇക്കാര്യത്തിൽ വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. ചെടിച്ചട്ടികളിലും ഫ്രിഡ്ജിന്റെ ട്രെയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ ഇടവരുത്തരുത്. തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പിന്തുണയുമുണ്ടാകണം.

വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്‌സിസൈക്ലിന്‍ സൗജന്യമായി ലഭ്യമാണ്. സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in