ഒടുവിൽ സർക്കാർ തിരുത്തി; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

ഒടുവിൽ സർക്കാർ തിരുത്തി; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പുകള്‍ തിരുത്തി നല്‍കിയ ശേഷമാണ് സമരം പിന്‍വലിച്ചത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഉറപ്പുകള്‍ തിരുത്തി നല്‍കിയ ശേഷമാണ് ദയാബായി സമരം പിന്‍വലിച്ചത്. സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നിരാഹാര സമരം പതിനേഴാം ദിവസത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഉറപ്പുകള്‍ തിരുത്തി നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ദയാബായി തയാറായത്.

തിരുത്തി നല്‍കിയ മിനുട്‌സ്
തിരുത്തി നല്‍കിയ മിനുട്‌സ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി ചികിത്സയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കും. ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പകല്‍ പരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും രണ്ട് മാസത്തിനുള്ളില്‍ അപേക്ഷ ക്ഷണിച്ച് അഞ്ച് മാസത്തിനുള്ളില്‍ ദുരിത ബാധിതരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്നും രേഖാമൂലമുള്ള പുതിയ ഉറപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

നേരത്തേ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സമര സമിതിയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും ചര്‍ച്ച നടത്തിയിരുന്നു. ജില്ലാ ആശുപത്രിയില്‍ ഏറ്റവും അടിയന്തരമായി ന്യൂറോ സംവിധാനങ്ങളൊരുക്കും എന്നായിരുന്നു ആരോഗ്യ മന്ത്രി ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചത്. എന്നാല്‍ യോഗ തീരുമാനങ്ങള്‍ രേഖയായി നല്‍കിയപ്പോള്‍ ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ന്യൂറോ സംവിധാനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കുമെന്നായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദയാബായി ഇത് അംഗീകരിക്കാന്‍ തയാറായില്ല. സമരമവസാനിപ്പിക്കാന്‍ നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടിലാണ് സര്‍ക്കാര്‍ നിന്നത്, എന്നാല്‍ അത് രേഖയായപ്പോള്‍ ലാഘവത്തോടെയുള്ള സമീപനമായി മാറിയെന്ന് സമര സമിതിയും പ്രതികരിക്കുകയുണ്ടായി.

ഒടുവിൽ സർക്കാർ തിരുത്തി; ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
Exclusive|ദയാബായി നിരാഹാരം തുടരും; വാക്കാല്‍ പറഞ്ഞത് രേഖയിലില്ലെന്ന് സമര സമിതി

സമരമവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആശുപത്രിയില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ദയാബായി പിന്മാറാതെ വന്നതോടെയാണ് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയാറായത്. ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് അനുഭാവപൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു.

logo
The Fourth
www.thefourthnews.in