വെള്ളനാട് കരടി ചത്ത സംഭവത്തില്‍ വീഴ്ച; രക്ഷാദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല

വെള്ളനാട് കരടി ചത്ത സംഭവത്തില്‍ വീഴ്ച; രക്ഷാദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല

വെടിവയ്ക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിലും വീഴ്ച സംഭവിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

വെള്ളനാട് കരടി മുങ്ങിച്ചത്ത സംഭവത്തില്‍ രക്ഷാ ദൗത്യ നടപടികളില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള വന്യമൃഗങ്ങളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചുവെന്ന് ജില്ലാ വനം വകുപ്പ് ഓഫീസറുടെ റിപ്പോർട്ട്. വെടിവയ്ക്കുന്നതിന് മുന്നോടിയായുള്ള നിരീക്ഷണത്തിലും വീഴ്ച സംഭവിച്ചു. കരടി ചത്ത സംഭവത്തില്‍ ഇന്നലെ മുതല്‍ വനം വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ രക്ഷാദൗത്യത്തില്‍ പാളിച്ച പറ്റിയെന്ന് വ്യക്തമാക്കുന്നത്.

വെള്ളനാട് കരടി ചത്ത സംഭവത്തില്‍ വീഴ്ച; രക്ഷാദൗത്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ല
കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം; മയക്കുവെടി വച്ചതുള്‍പ്പെടെ രക്ഷാദൗത്യത്തില്‍ വീഴ്ച

വെള്ളത്തില്‍ വച്ച് രണ്ട് തവണ മയക്കുവെടി വച്ചതാണ് കരടി മുങ്ങാന്‍ കാരണമായതെന്നും വെടിവയ്ക്കുമ്പോള്‍ കരടിയുടെ സുരക്ഷ കൃത്യമായി ഉറപ്പ് വരുത്തിയില്ലെന്നും പ്രദേശവാസികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇത് ഒരുപരിധി വരെ ശരിവയ്ക്കും വിധമാണ് വനം വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്തുണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുള്ള വന്യമൃഗത്തെ പിടികൂടുമ്പോള്‍ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍. ഇത് ലംഘിക്കപ്പെട്ടു. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്പോള്‍ കയര്‍വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാനാവാഞ്ഞതും വീഴ്ചയാണ് എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

മയക്കുവെടി ഏല്‍ക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ ആന്റി ഡോട്ട്, പ്രയോഗിക്കാമെന്നിരിക്കെ വെള്ളനാട് അതുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും അനുമതി വാങ്ങിയാണ് മയക്ക് വെടിവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രണ്ട് ദിവസത്തിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും.

logo
The Fourth
www.thefourthnews.in