'ഹമാസ്, ജിഹാദ്, നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു'; കേസിന് കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍

'ഹമാസ്, ജിഹാദ്, നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു'; കേസിന് കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍

നിലവില്‍ 153, 153 എ വകുപ്പ് പ്രകാരമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

കളമശേരി സ്‌ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കേന്ദ്ര ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി സെന്ററല്‍ പോലീസ് കേസെടുത്തിരിക്കുന്നു. അപകടസമയത്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന മന്ത്രിയുടെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.

Attachment
PDF
Rajeev chandrshekhar FIR.pdf
Preview

മതപരമായ വിദ്വേഷ പ്രചരണത്തിനും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിനും കളമശേരി സ്‌ഫോടനത്തെ മന്ത്രി ഉപയോഗിക്കുകയായിരുന്നു. 'ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതിയാരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണമാണ് കളമശേരിയില്‍ കണ്ടതെന്നാണ്' മന്ത്രി എക്‌സില്‍ കുറിച്ചത്.

''കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രയേലിനെതിരേ പ്രതിഷേധിക്കുകയാണ്,'' എന്ന പരാമര്‍ശവും അദ്ദേഹം നടത്തി.

'ഹമാസ്, ജിഹാദ്, നിരപരാധികളായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നു'; കേസിന് കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷ പരാമര്‍ശങ്ങള്‍
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

കൂടാതെ അന്ന് രാത്രി തന്നെ മറ്റൊരു പോസ്റ്റിലൂടെ ഇതേ ആരോപണങ്ങള്‍ കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാരിനെതിരെ മാത്രമല്ല, പ്രതിപക്ഷത്തിനെതിരെയും കേന്ദ്ര മന്ത്രി പോസ്റ്റിട്ടിരുന്നു. കേരളത്തില്‍ 'ജിഹാദിന്' ആഹ്വാനം ചെയ്യാനും തീവ്രവാദികളായ ഹമാസിനെ ക്ഷണിച്ച് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്നതിനുമുള്ള കോണ്‍ഗ്രസ്, സിപിഎം, യുപിഎ, 'ഇന്ത്യ' സഖ്യത്തിന്റെ നാണം കെട്ട പ്രവര്‍ത്തികളുടെ ഫലം കൂടിയാണിതെന്ന വര്‍ഗീയ പരാമര്‍ശവും ചന്ദ്രശേഖര്‍ നടത്തിയിട്ടുണ്ട്.

ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തതിനെ കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സിപിഎം നേതാവ് എം സ്വരാജിന്റെയും മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറും ഹമാസിനെ ന്യായീകരിച്ചുള്ള പ്രസ്താവനയിറക്കിയതിന്, സാമുദായിക പ്രീണനം ഭീകരവാദം വളര്‍ത്തുമെന്നുമെന്നാണ് മന്ത്രി പ്രതികരിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന പ്രീണന രാഷ്ട്രീയത്തിന്റെ വില നല്‍കേണ്ടി വരുന്നത് എല്ലാ സമുദായങ്ങളിലെയും നിരപരാധികള്‍ മാത്രമാണെന്നും അതാണ് ചരിത്രം പഠിപ്പിക്കുന്നതെന്നുമുള്ള വാദവും ചന്ദ്രശേഖര്‍ മുന്നോട്ടുവെക്കുന്നു.

'നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടുമുറ്റത്ത് പാമ്പുകളെ വളര്‍ത്താന്‍ കഴിയില്ല, അവ നിങ്ങളുടെ അയല്‍ക്കാരെ മാത്രം കടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്കറിയാമോ, ഒടുവില്‍ ആ പാമ്പുകള്‍ വീട്ടുമുറ്റത്ത് ഉള്ളവരെ ആക്രമിക്കാന്‍ പോകുകയാണ്' - എന്ന ഹിലാരി റോഡ്ഹാം ക്ലിന്റണിന്റെ പ്രസ്താവനയോട് കൂടിയാണ് ഈ പോസ്റ്റ് കേന്ദ്ര മന്ത്രി അവസാനിപ്പിച്ചിരിക്കുന്നത്.

നിലവില്‍ 153, 153 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെ കൂടാതെ മാധ്യമങ്ങള്‍ക്കും ചന്ദ്രശേഖര്‍ ഇത്തരത്തിലുള്ള മറുപടികളാണ് നല്‍കിയത്. ചന്ദ്രശേഖറിന്റെ പരാമര്‍ശം എഎന്‍ഐ പോലുള്ള മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in