ഇന്നും നാളെയും ചൂട് കൂടും; ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ഇന്നും നാളെയും ചൂട് കൂടും; ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാം

സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ആറ് ജില്ലകളില്‍ ഇന്നും നാളെയും ചൂട് കൂടുമെന്നുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാം.

ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ്.

സംസ്ഥാനത്ത് താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍, ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പില്‍ വ്യക്തമാക്കി.

ഇന്നും നാളെയും ചൂട് കൂടും; ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്
മാസപ്പടി: എക്സാലോജിക്കിനെതിരായ ഇ ഡി അന്വേഷണം മൂന്ന് വര്‍ഷം മറച്ചുവച്ചതെന്തിന്? ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയത്.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ശ്രമിക്കുന്നത് നല്ലതാണ്. കൂടാതെ മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണെന്നും ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പുകളുണ്ട്.

logo
The Fourth
www.thefourthnews.in