ഇരകൾക്ക് നഷ്ടപരിഹാരമായി നൽകാനുള്ളത് ആറുകോടിയോളം രൂപ: ഫണ്ട് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരമായി സർക്കാർ നൽകാനുള്ളത് ആറുകോടിയോളം രൂപ. നഷ്ടപരിഹാരത്തിന് എത്രയും വേഗത്തിൽ മതിയായ ഫണ്ട് അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
രണ്ടു പോക്‌സോ കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വിചാരണ കോടതി നിർദേശിക്കാത്ത സാഹചര്യത്തിൽ തുക നൽകാനാവില്ലെന്ന കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ തീരുമാനത്തിനെതിരെ ഇരകളുടെ ബന്ധുക്കൾ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഫണ്ട് അനുവദിക്കണമെന്ന് നിർദേശിച്ചത്. കൂടാതെ ഹർജിക്കാർക്ക് നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കോടതികൾ ക്രിമിനൽ കേസിൽ തീർപ്പുണ്ടാക്കുമ്പോൾ ക്രിമിനൽ നടപടി ക്രമത്തിലെ 357(എ) വകുപ്പ് പ്രകാരം ഇരകൾക്ക് നിർബന്ധമായും നഷ്ടപരിഹാരം ഉറപ്പാക്കണം. പോക്സോ കോടതികൾക്കും ഇത് ബാധകമാണെന്ന് കോടതി വ്യക്തമാക്കി.
പോക്സോ കേസടക്കമുള്ളവ രജിസ്റ്റർ ചെയ്താലുടൻ ആക്കാര്യം കെൽസയെയോ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെയോ അറിയിക്കണമെന്ന വ്യവസ്ഥ പോലീസ് പാലിക്കുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണം. എഫ് ഐ ആറിന്റെ പകർപ്പ് കെൽസയ്ക്ക് ലഭിക്കുന്നതിന് പോലീസിലെ ഐടി സംവിധാനം ഏകീകരിക്കാൻ നടപടി വേണം. ഇതിന്റെ മേൽനോട്ടം ഹൈക്കോടതി രജിസ്ട്രാർക്കും കെൽസ മെമ്പർ സെക്രട്ടറിയ്ക്കുമാണ്. പോക്സോ കേസുകളിലെ ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സർക്കാർ സമഗ്ര പദ്ധതി തയ്യാറാക്കുന്നതുവരെ ജില്ലാതല ലീഗൽ സർവീസ് അതോറിറ്റികൾക്ക് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സ്വമേധയാ അന്വേഷണം നടത്തി നടപടിയെടുക്കാൻ കഴിയും. വിധിയുടെ പകർപ്പ് തുടർ നടപടിക്കായി ചീഫ് സെക്രട്ടറി, ഡിജിപി, കെൽസ മെമ്പർ സെക്രട്ടറി, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ തുടങ്ങിയവർക്ക് നൽകാനുമാണ് ഹൈക്കോടതി നിർദേശം നൽകിയിട്ടുള്ളത്.