വനിതാ ശാക്തീകരണത്തിന് സ്‌കൂട്ടര്‍; ഭാര്യമാരുടെ പേരില്‍ വാങ്ങിക്കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍

വനിതാ ശാക്തീകരണത്തിന് സ്‌കൂട്ടര്‍; ഭാര്യമാരുടെ പേരില്‍ വാങ്ങിക്കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍

വിപണിയില്‍ 1.10 ലക്ഷം രൂപ വിലയുള്ള സ്‌കൂട്ടറിന് 55,000 രൂപയോളം എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ സബ്‌സിഡിയായി നല്‍കുന്ന പദ്ധതിയില്‍ ചേരാന്‍ പേര് നല്‍കി 150 മാധ്യമപ്രവര്‍ത്തകര്‍

വനിതാശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വയംതൊഴില്‍ കണ്ടെത്താന്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സബ്‌സിഡിയോടെ വിതരണം ചെയ്യുന്ന സ്‌കൂട്ടറുകളില്‍ 15 ശതമാനവും കൈയടക്കാന്‍ തിരുവനന്തപുരം പ്രസ്ക്ലബ് അംഗങ്ങള്‍. നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വിവിധ കോര്‍പറേറ്റ് കമ്പനികളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന 1000 ഹോണ്ട സ്‌കൂട്ടറുകളില്‍ 150 എണ്ണമാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അംഗങ്ങള്‍ക്കും ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി വിതരണം ചെയ്യാന്‍ ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം പ്രസ്ക്ലബും എന്‍ ജി ഒ കോണ്‍ഫെഡറേഷനും അടുത്ത ദിവസം ഒപ്പുവയ്ക്കും.

വിപണിയില്‍ 1.10 ലക്ഷം രൂപ വിലയുള്ള സ്‌കൂട്ടറിന് 55,000 രൂപയോളം എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ സബ്‌സിഡിയായി നല്‍കും. ബാക്കിത്തുക സ്‌കൂട്ടര്‍ കൈപ്പറ്റുമ്പോള്‍ ഒറ്റത്തവണയായി ബെനിഫിഷ്യറി നല്‍കണം. സഞ്ചാരം സുഗമമാക്കുന്നതിലൂടെ തൊഴില്‍ ചെയ്യാനും വീട് പുലര്‍ത്താനും സ്ത്രീകളെ സഹായിക്കാന്‍ ഉദ്ദേശിച്ച പദ്ധതിയില്‍ പ്രസ് ക്ലബ് നോമിനികളായി ചേര്‍ന്ന പലരും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. ഒന്നിലധികം കാറുള്ള ആള്‍ക്കാര്‍ പോലും സബ്‌സിഡി സ്‌കൂട്ടറിനായി പേര് നല്‍കിയിട്ടുണ്ട്.

വനിതാ ശാക്തീകരണത്തിന് സ്‌കൂട്ടര്‍; ഭാര്യമാരുടെ പേരില്‍ വാങ്ങിക്കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍
നടുറോഡിൽ യുവതിക്കുനേരെ ലൈംഗികാതിക്രമമെന്ന് പരാതി; തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെതിരേ പോലീസ് കേസ്

''സമൂഹത്തിലെ വിവിധ തുറകളിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. തിരുവനന്തപുരം പ്രസ്‌ക്ലബ് താത്പര്യം പ്രകടിപ്പിച്ചത് അനുസരിച്ച് 100 സ്‌കൂട്ടറുകള്‍ അര്‍ഹരായ അപേക്ഷകര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് കിട്ടുന്ന ലിസ്റ്റില്‍ മാര്‍ഗനിര്‍ദേശ രേഖ അനുസരിച്ച് അര്‍ഹരായവര്‍ ഉണ്ടോയെന്ന് പരിശോധിച്ചശേഷം മാത്രമേ സ്‌കൂട്ടര്‍ നല്‍കുകയുള്ളൂ,'' എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദ കുമാര്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

തിരുവനന്തപുരത്തിന് പുറമെ മറ്റ് മൂന്ന് പ്രസ് ക്ലബുകളും പദ്ധതിയോട് സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകളിലൂടെയും ഗാര്‍ഹിക തൊഴിലാളികളുടെയും തെരുവുകച്ചവടക്കാരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടിപ്പിക്കുന്ന സംഘടനകളിലൂടെയും നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയാണ് ഇങ്ങനെ അട്ടിമറിക്കപ്പെടുന്നത്.

വനിതാ ശാക്തീകരണത്തിന് സ്‌കൂട്ടര്‍; ഭാര്യമാരുടെ പേരില്‍ വാങ്ങിക്കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍
ഒരു രക്ഷയുമില്ലാത്ത ജീവിതച്ചെലവ്; യുഎഇയിൽ 45 ശതമാനം പേരും ആശ്രയിക്കുന്നത് ഉപയോഗിച്ച വസ്ത്രങ്ങളെയും വസ്തുക്കളെയും

തിരുവനന്തപുരത്ത് 150 മാധ്യമ പ്രവര്‍ത്തകരുടെ ലിസ്റ്റാണ് പ്രസ്ക്ലബ് തയാറാക്കിയിരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, മാധ്യമം, കേരള കൗമുദി, കൈരളി ടിവി, ജന്മഭൂമി, ജനം ടിവി, ജയ്ഹിന്ദ് ടിവി, ന്യൂസ് 18, ദേശാഭിമാനി, സിറാജ്, പിടിഐ, ചന്ദ്രിക, മീഡിയ വണ്‍, അമൃത ടിവി, വീക്ഷണം, സീ ന്യൂസ്, റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം പ്രതിനിധികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് (ലിസ്റ്റില്‍ ഉള്‍പ്പെട്ട ദ ഫോര്‍ത്ത് പ്രതിനിധി പദ്ധതിയില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു). വിരമിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ പേരും പട്ടികയിലുണ്ട്.

അതേസമയം, പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാതെയാണ് ചേര്‍ന്നതെന്നും പ്രസ്ക്ലബ് സ്വന്തം നിലയില്‍ നടപ്പാക്കുന്ന പദ്ധതിയെന്ന നിലയിലാണ് ജനുവരി 26നു നടന്ന കുടുംബമേളയില്‍ ഇതിനെ അവതരിപ്പിച്ചതെന്നും പട്ടികയില്‍ ഉള്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ 'ദ ഫോര്‍ത്തി'നോട് പറഞ്ഞു. ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്ന പദ്ധതിയില്‍ അനര്‍ഹമായി ഉള്‍പ്പെട്ടുപോയെങ്കില്‍ പിന്മാറുമെന്നും അവര്‍ പറഞ്ഞു.

വനിതാ ശാക്തീകരണത്തിന് സ്‌കൂട്ടര്‍; ഭാര്യമാരുടെ പേരില്‍ വാങ്ങിക്കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകര്‍
'എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, എക്‌സാലോജിക്ക് നടത്തിയത് ഗുരുതര ക്രമക്കേട്'; കര്‍ണാടക ഹൈക്കോടതി വിധി വിശദാംശങ്ങള്‍ പുറത്ത്

നിരവധി ആരോപണങ്ങള്‍ നേരിടുന്ന തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനും കൂട്ടാളികളുമാണ് ഈ പദ്ധതിയില്‍ പ്രസ് ക്ലബ് അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ചരടുവലിച്ചത്. ''പദ്ധതിയുടെ മാര്‍ഗനിര്‍ദേശ രേഖയില്‍ സഹായം നല്‍കുന്ന കമ്പനികള്‍ വരുമാന പരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍, സാങ്കേതികമായി ഈ അപേക്ഷകളില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല,'' ആനന്ദ കുമാര്‍ പറഞ്ഞു. അതേസമയം, അര്‍ഹിക്കുന്ന ആള്‍ക്കാരിലേക്കാണ് സഹായം എത്തേണ്ടതെന്ന വസ്തുത ഗൗരവമായി കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണനെതിരെ തിരുവനന്തപുരം നഗരത്തില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കന്റോണ്‍മെന്റ് പോലീസ് ഇന്നലെ കേസെടുത്തിരുന്നു. 2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസില്‍ രാധാകൃഷ്ണന്‍ വിചാരണ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പാറ്റൂരില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ചത് രാധാകൃഷ്ണനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പക്ഷേ, പരാതിക്കാരനായ നേതാവ് പിന്മാറിയതിനാൽ കേസ് റജിസ്റ്റര്‍ ചെയ്തില്ല.

logo
The Fourth
www.thefourthnews.in