നോട്ടീസ് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തെക്കുറിച്ചല്ല, ചിത്തിര തിരുനാള്‍ പ്രതിമ സംബന്ധിച്ചാണ്‌: കെ അനന്തഗോപൻ അഭിമുഖം

നോട്ടീസ് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തെക്കുറിച്ചല്ല, ചിത്തിര തിരുനാള്‍ പ്രതിമ സംബന്ധിച്ചാണ്‌: കെ അനന്തഗോപൻ അഭിമുഖം

ഈ ചടങ്ങ് ക്ഷേത്ര പ്രവേശംനവിളംബരത്തിന്റെ വാർഷികദിനത്തിൽ നടക്കുന്നു എന്ന് മാത്രമേ ഉള്ളു. അല്ലാതെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട യോഗങ്ങളൊന്നും അവിടെ നടക്കുന്നില്ല

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച പരിപാടിയുടെ നോട്ടീസ് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. നോട്ടീസിലെ രാജഭക്തി കലർന്ന ഭാഷയും, മുൻ രാജ കുടുംബത്തിന്റെ ഭാഗമായ പൂയം തിരുനാൾ ഗൗരീപാര്വതീഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് എന്നിവരുടെ പങ്കാളിത്തവും കാരണമാണ് പരിപാടി വിവാദമായത്. കീഴാള ജനങ്ങളുടെ സമരത്തിന്റെ ഭാഗമായി നേടിയെടുത്ത ക്ഷേത്രപ്രവേശനത്തിന്റെ ഓര്മ പുതുക്കുന്ന പരിപാടിയില്‍ അന്നത്തെ അടിച്ചമർത്തലിന്റെ ഭാഗമായിരുന്ന രാജകുടുംബത്തെയാണോ പങ്കെടുപ്പിക്കേണ്ടത് എന്ന വിമർശനം ശക്തമായി ഉയർന്നു. സനാതന ധർമം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പോസ്റ്ററിൽ എഴുതിയതും വിമർശിക്കപ്പെട്ടു. വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ കെ അനന്തഗോപൻ ദ ഫോർത്തിനോട് പ്രതികരിക്കുന്നു.

Q

തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികവുമായി ബന്ധപ്പെട്ട പോസ്റ്റർ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അധഃകൃത വിഭാഗത്തിൽപ്പെട്ട മനുഷ്യർ നടത്തിയ സമരത്തിൽ രാജകുടുംബാംഗങ്ങൾ അതിഥികളായി പങ്കെടുക്കുന്നതിൽ പ്രശ്നം തോന്നുന്നില്ലേ?

A

വിവാദമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ഇടപെടലും ദേവസ്വം ബോർഡിൻറെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ദേവസ്വം ബോർഡിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടിറക്കിയ നോട്ടീസാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. നോട്ടീസ് പരിശോധിക്കുകയും, പിൻവലിക്കുകയും ചെയ്തിരുന്നു. ആ നോട്ടീസിലെ അഭിപ്രായമല്ല ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനുള്ളത്. ചരിത്രപരമായി ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് കാര്യങ്ങളെത്തിച്ചത് അവർണ്ണ വിഭാഗത്തിൽപ്പെട്ട ആളുകളും, അതോടൊപ്പം സവർണ്ണ വിഭാഗത്തിൽപ്പെട്ട പുരോഗമനവാദികളായിട്ടുള്ള ആളുകളും ചേർന്ന് നടത്തിയ ദീർഘനാളത്തെ സമരപോരാട്ടങ്ങളാണ്. ആ സമരങ്ങൾക്കൊടുവിലാണ് രാജാവ് ഇങ്ങനെ ഒരു വിളംബരം നടത്തിയത്. ശേഷം എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള സാഹചര്യം ഒരുങ്ങി.

ഇതിൽ നിന്നും വ്യത്യസ്തമായ ഒരാശയം ആ നോട്ടീസിൽ ഉണ്ടെങ്കിൽ അത് പ്രസിദ്ധീകരിക്കത്തക്കതല്ല, പിൻവലിക്കണം എന്ന് തന്നെയാണ് ഞങ്ങളുടെ പക്ഷം. ദേവസ്വം ബോർഡ് ഓഫീസിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിൽ പണികഴിപ്പിച്ചിരുന്ന ശ്രീ ചിത്തിരതിരുനാളിന്റെ പ്രതിമ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിന്റെ പേരിൽ നശിച്ചു തുടങ്ങിയിരുന്നു. അത് പുനരുദ്ധരിക്കണം എന്ന ഉദ്ദേശത്തിൽ മാത്രമാണ് ദേവസ്വം ബോർഡ് ഇടപെട്ടത്. സ്വാഭാവികമായി ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ തീയ്യതി അടുത്ത് വരുന്നതുകൊണ്ട് ആ തീയ്യതി തന്നെ ആവട്ടെ എന്ന് കരുതി. തുലാം 27 നവംബർ 13. ആ ദിവസമാണ് നമ്മൾ ഈ ചടങ്ങ് നിശചയിച്ചിരുന്നത്. ആ പ്രതിമ വൃത്തിയാക്കി, ചുറ്റും പൂന്തോട്ടമുള്ള രീതിയിലേക്ക് മാറ്റുക എന്ന ഒരുദ്ദേശം മാത്രമേ ഉള്ളു. അല്ലാതെ ക്ഷേത്രപ്രവേശന വിളംബരത്തിലേക്കെത്തിച്ചേർന്ന സാഹചര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാനൊന്നും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

ഇന്നത്തെ കാലത്ത് സനാതനധർമത്തെ കുറിച്ച് സംസാരിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ഈ ആധുനിക കാലത്ത്, നമ്മുടെ സാമൂഹിക മുന്നേറ്റത്തിന്റെ സമര ചരിത്രമാണല്ലോ നമുക്ക് മുന്നിലുള്ളത്

നോട്ടീസ് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തെക്കുറിച്ചല്ല, ചിത്തിര തിരുനാള്‍ പ്രതിമ സംബന്ധിച്ചാണ്‌: കെ അനന്തഗോപൻ അഭിമുഖം
'തിരുമനസും രാജ്ഞിയും വേണ്ട'; വിവാദനോട്ടീസ് പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
Q

ആ നോട്ടീസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയാണ് പ്രശ്നമായി കണക്കാക്കുന്ന ആദ്യത്തെ കാര്യം. മറ്റൊരു കാര്യം, ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സ്മരണ പുതുക്കുന്ന ചടങ്ങിലേക്ക് വിളിക്കപ്പെടുന്ന അതിഥികളാണ്. രാജ കുടുംബത്തിലെ രണ്ടുപേരെ ക്ഷണിച്ചു എന്നതിലൊരു വലിയ പ്രശ്നമല്ലേ?

A

ചിത്തിര തിരുനാൾ മഹാരാജാവിന്റെ പ്രതിമ സംരക്ഷിക്കാൻ വേണ്ടി നമ്മൾ സംഘടിപ്പിക്കപ്പിക്കുന്ന പരിപാടിയിൽ അവരുടെ കൂടി സാന്നിധ്യം, അത്രയേ ഞങ്ങൾ ഉദ്ദേശിച്ചിട്ടുള്ളു. ഈ ചടങ്ങ് ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ വാർഷികദിനത്തിൽ നടക്കുന്നു എന്ന് മാത്രമേ ഉള്ളു. അല്ലാതെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട യോഗങ്ങളൊന്നും അവിടെ നടക്കുന്നില്ല. ഈ പ്രതിമ വൃത്തിയാക്കി അവതരിപ്പിക്കുമ്പോൾ അവരുടെ സാന്നിധ്യവും അത്രയേ ഉള്ളു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ തീയ്യതി അടുത്തുവരുമ്പോൾ ആ തീയ്യതി തന്നെയാവട്ടെ എന്ന് തീരുമാനിച്ചു എന്നെ ഉള്ളു. അതിനര്‍ഥം ഏതെങ്കിലും രാജ കുടുംബത്തിന് വിധേയപ്പെടുന്നു എന്നല്ല.

Q

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രം നമ്മൾ പരിശോധിച്ചാൽ, അതിനു പിന്നിൽ കീഴാളജനതയുടെ സഹനത്തിന്റെ ചരിത്രമുണ്ടല്ലോ. അങ്ങനെ ഒരു പരിപാടി ചർച്ച ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട വിഷയവും ഒരു പ്രശനമല്ലേ? സനാതനധർമ്മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക എന്നാണ് ആ നോട്ടീസിൽ എഴുതിയത്.

A

ഞങ്ങൾ ആ നോട്ടീസിനെ തള്ളിക്കളഞ്ഞില്ലേ? ആ നോട്ടീസിലെ ആശയത്തെ മുഴുവനായും തള്ളിക്കളയുന്നു. ക്ഷേത്രപ്രവേശന വിളംബരമൊന്നും ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്ന കാര്യമല്ല. ഇന്നത്തെ കാലത്ത് സനാതനധർമത്തെ കുറിച്ച് സംസാരിച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? ഈ ആധുനിക കാലത്ത്, നമ്മുടെ സാമൂഹിക മുന്നേറ്റത്തിന്റെ സമര ചരിത്രമാണല്ലോ നമുക്ക് മുന്നിലുള്ളത്. അതൊക്കെ വേറെ വിഷയം. ദേവസ്വം ബോർഡ് ചർച്ച ചെയ്യേണ്ട വിഷയമല്ലത്. അതുകൊണ്ട്, ആ നോട്ടീസ് പൂർണ്ണമായും തള്ളിക്കളയുന്നതായി ദേവസ്വം ബോർഡ് അറിയിക്കുന്നു.

Q

ദേവസ്വം ബോർഡിന് ഒട്ടും താല്പര്യമില്ലാതിരിടുന്നിട്ടും ഇങ്ങനെ ഒരു നോട്ടീസ് എങ്ങനെ പുറത്ത് വന്നു? അത് അന്വേഷിച്ചിരുന്നോ?

A

അത് ആ നോട്ടീസ് തയ്യാറാക്കിയ ആളുടെ മാനസികാവസ്ഥ കാരണമാണ്. അതെന്താണെന്ന് പരിശോധിക്കും. അത് തയ്യാറാക്കിയ ആളോട് വിശദീകരണം ചോദിക്കുകയും ചെയ്യും.

നോട്ടീസ് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തെക്കുറിച്ചല്ല, ചിത്തിര തിരുനാള്‍ പ്രതിമ സംബന്ധിച്ചാണ്‌: കെ അനന്തഗോപൻ അഭിമുഖം
മഹാരാജാവ് കനിഞ്ഞു നൽകിയ ക്ഷേത്ര പ്രവേശന അനുമതി, ഭദ്രദീപം തെളിയിക്കാൻ 'തമ്പുരാട്ടിമാർ'; ദേവസ്വംബോർഡ് നോട്ടീസ് വിവാദത്തിൽ
logo
The Fourth
www.thefourthnews.in