കാനം രാജേന്ദ്രന്‌റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം

കാനം രാജേന്ദ്രന്‌റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം

നാളെ രാവിലെ എട്ടരയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതികദേഹം ഉച്ചയ്ക്ക് രണ്ടു വരെ പട്ടം സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‌റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്തു നടക്കും. നാളെ രാവിലെ എട്ടരയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതികദേഹം ഉച്ചയ്ക്ക് രണ്ടു വരെ പട്ടം സിപിഐ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തെ വാഴൂരിലെ വീട്ടിലേക്കു പുറപ്പെടും. രാവിലെ 11 മണിയോടെയാകും സംസ്‌കാരം.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. കോട്ടയം കാനം സ്വദേശിയായ കാനം രാജേന്ദ്രന്‍ തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു.

കാനം രാജേന്ദ്രന്‌റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം
കാനം രാജേന്ദ്രൻ: സിപിഐയെ സിപിഎമ്മിന് ഒപ്പംനിർത്തിയ നേതാവ്

2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്ന കാനം ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു.

അടുത്തിടെയുണ്ടായ അപകടത്തില്‍ കാനത്തിന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു. പ്രമേഹബാധിതനാണെന്നതിനാല്‍ മുറിവ് ഉണങ്ങിയില്ല. അണുബാധയുണ്ടായതോടെ അടുത്തിടെ പാദം മുറിച്ചുമാറ്റേണ്ടി വന്നു. തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍നിന്ന് മൂന്ന് മാസത്തെ അവധിയില്‍ പ്രവേശിച്ചത്.

1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലായിരുന്നു കാനത്തിന്റെ ജനനം. എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1970 ല്‍ എ ഐ വൈ എഫിന്റെ സംസ്ഥാന സെക്രട്ടറിയായും ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ഈ സമയത്തുതന്നെയാണ് സി പി ഐ സംസ്ഥാന കൗണ്‍സിലിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമാകുന്നത്. ഉന്നത പദവികള്‍ വഹിക്കുമ്പോള്‍ 25 വയസായിരുന്നു പ്രായം.

കാനം രാജേന്ദ്രന്‌റെ സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്; നാളെ തിരുവനന്തപുരത്ത് പൊതുദര്‍ശനം
വിടവാങ്ങിയത് ഇടതുപക്ഷത്തിന്റെ ശക്തിസ്തംഭമെന്ന് മുഖ്യമന്ത്രി, തീരാവേദനയെന്ന് ഡി രാജ; അനുശോചിച്ച് നേതാക്കൾ

28-ാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കാനം 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. 2015ല്‍ കോട്ടയത്ത് നടന്ന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. പി കെ വാസുദേവന്‍ നായര്‍ക്കുശേഷം സി പി ഐയുടെ സംസ്ഥാന തലപ്പത്തെത്തിയ കോട്ടയം സ്വദേശിയായ കാനം നിലവില്‍ ദേശീയ എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.

2006ല്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സംഘടനയുടെ ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ്. മികച്ച നിയമസഭാ സാമാജികനായും പേരെടുത്ത കാനം രണ്ടുതവണയും വാഴൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. 1982ലായിരുന്നു ആദ്യ വിജയം. 87ലും ഇതേ മണ്ഡലത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

വാഴൂര്‍ എസ് വി ആര്‍ എന്‍ എസ് എസ് സ്‌കൂള്‍, കോട്ടയം ബസേലിയോസ് കോളേജ്, മോസ്‌കോ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളായിരുന്നു വിദ്യാഭ്യാസം. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി സര്‍വേശ്വരന്‍.

logo
The Fourth
www.thefourthnews.in