കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി

മുഖ്യപ്രതി പി സതീഷ്‌കുമാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്നു എന്ന ആരോപണമാണ് സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്

സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ അറസ്‌റ്റോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. സംസ്ഥാന ഭരണം കൈയാളുന്ന മുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗങ്ങളും എംഎല്‍എയും വരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ പരിധിയിലാണെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ ജാഗരൂകരാക്കിയിട്ടുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അറസ്റ്റ് ചെയ്തവർക്ക് ഉന്നതരുമായി ബന്ധമെന്ന് ഇ ഡി കോടതിയിൽ

കേസില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വേട്ടനടത്തുകയാണെന്ന് വ്യക്തമാക്കി സിപിഎം പ്രതിരോധം തീര്‍ക്കുമ്പോഴും ആ ന്യായം അത്രത്തോളം ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഇപ്പോള്‍ സിപിഎം അംഗവും കൗണ്‍സിലറുമായ അരവിന്ദാക്ഷന്റെ അറസ്‌റ്റോടെ സിപിഎം നേതൃത്വം തന്നെ ആശങ്കയിലായരിക്കുകയാണ്. കേസില്‍ ആരോപണ വിധേയരായ സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായ എസി മൊയ്തീന്‍ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗമായ എംകെ കണ്ണന്‍ എന്നിവരുടെ അറസ്റ്റിലേക്കും ഇഡി കടക്കുമോയെന്നാണ് പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇതവരെ നാലു പേരാണ് അറസ്റ്റിലായത്. അരവിന്ദാക്ഷനു പുറമേ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയാണ് ഇന്ന് ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ പി സതീഷ് കുമാര്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ പിപി കിരണ്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതി പി സതീഷ്‌കുമാര്‍ നടത്തിയ പല സാമ്പത്തിക ഇടപാടുകള്‍ക്കും ഇടനിലക്കാരനായിരുന്നു എന്ന ആരോപണമാണ് സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്.

ബാങ്കിലെ എല്ലാ ഇടപാടുകളും ജില്‍സിന് അറിയാമെന്നാണ് ഇഡിയുടെ നിഗമനം

കരുവന്നൂര്‍ ബാങ്കിലെ പി പി കിരണ്‍ സതീഷ് കുമാറിന് മൂന്നരക്കോടി രൂപ എത്തിച്ചുകൊടുത്ത പണമിടപാടിനായിരുന്നു അരവിന്ദാക്ഷന്‍ ഇടനിലക്കാരനായി നിന്നത്. ഒന്നരക്കോടി രൂപയുടെ നിക്ഷേപമായിരുന്നു സതീഷ് കുമാറിന് കരുവന്നൂര്‍ ബാങ്കിലുണ്ടായിരുന്നത്. അത് പലിശ സഹിതമാണ് മൂന്നരക്കോടി രൂപയായി തിരിച്ചു കൊടുക്കുന്നത്.മൂന്നു ബാഗുകളിലായാണ് ഇത് സതീഷിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്. സംഭവ സ്ഥലത്ത് അരവിന്ദാക്ഷനുണ്ടായിരുന്നതായി സാക്ഷി മൊഴികളുമുണ്ട്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: അന്വേഷണം ഇനി ആരിലേക്ക്? ആശങ്കയില്‍ സിപിഎം, മുതലെടുക്കാന്‍ ബിജെപി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കുരുക്ക് മുറുക്കി ഇഡി, മുന്‍ അക്കൗണ്ടന്റിനെയും അറസ്റ്റ് ചെയ്തു

കേസില്‍ ഇഡി ചോദ്യം ചെയ്തു വിട്ട എസി മൊയ്തീന്റെ വലംകൈ എന്ന നിലയിലാണ് അരവിന്ദാക്ഷന്‍ അറിയപ്പെടുന്നത്. അതിനാല്‍ത്തന്നെ അരവിന്ദാക്ഷന്റെ ഇടപെടലുകള്‍ മൊയ്തീന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് ഇഡിയുടെ നിഗമനം. മൊയ്തീനെ രണ്ടാമത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. ഇനി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. വീണ്ടും ഹാജരായില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് ഇഡി കടന്നേക്കും.

മൊയ്തീന്റെ വീട്ടില്‍ റെയ്ഡുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നിരുന്നു. എന്നാല്‍ തെളിവൊന്നും കണ്ടെത്താനായില്ല. അരവിന്ദാക്ഷന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് പിന്നാലെയായിരുന്നു ജില്‍സിന്റെ അറസ്റ്റ്. ബാങ്ക് ഉദ്യോഗസ്ഥന്റെ അറിവില്ലാതെ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലെന്ന ഇഡിയുടെ നിഗമനമത്തിലാണ് ജില്‍സിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്കിലെ എല്ലാ ഇടപാടുകളും ജില്‍സിന് അറിയാമെന്നാണ് ഇഡിയുടെ നിഗമനം. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ ആശങ്കയിലായത്.

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നായിരുന്നു കേസില്‍ ഇതുവരെ പാര്‍ട്ടിയുടെ നിലപാട്. അരവിന്ദാക്ഷന്റെ അറസ്റ്റോടെ ഈ പ്രതിരോധമാണ് ദുര്‍ബലമായത്. സതീഷ്‌കുമാറും കിരണും ഉന്നതരുടെ ബെനാമികളാണെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഇവര്‍ക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് ഇഡി കോടതിയിലും അറിയിച്ചിരുന്നു. കേസിലുള്‍പ്പെട്ട മറ്റുള്ളവരെക്കുറിച്ചും ഇവര്‍ തട്ടിയെടുത്ത പണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് ഇഡി. ഈ അന്വേഷണം ആരിലേക്കൊക്കെ നീങ്ങുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ ആശങ്ക.

ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിനെ കോടതിയില്‍ നേരിടാനായിരുന്നു പാര്‍ട്ടി ആദ്യം ശ്രമിച്ചത്. മൊയ്തീന് നോട്ടീസ് ലഭിച്ചപ്പോള്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നിയമോപദേശം തേടുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാനായിരുന്നു ലഭിച്ച നിയമോപദേശം. എന്നാല്‍ ഇന്ന് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതോടെ ഇഡി രണ്ടും കല്‍പിച്ചാണെന്ന ബോധ്യം പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ദുര്‍ബലമായ പ്രതികരണമാണ് ഇന്ന് നേതാക്കളില്‍ നിന്ന് ഉണ്ടായത്. പ്രതികാര നടപടിയുടെ ഭാഗമായിട്ടായിരുന്നു അരവിന്ദാക്ഷന്റെ അറസ്റ്റെന്നായിരുന്നു സിപിഎം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. സഹകരണമേഖലയെ തകര്‍ക്കുന്നതിനായുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ട് നടപ്പിലാക്കുകയാണെന്നും അതിനു വഴങ്ങാന്‍ പാര്‍ട്ടിക്ക് മനസില്ലെന്നും വ്യക്തമാക്കിയ അദ്ദേഹത്തില്‍ പക്ഷേ മുന്‍ദിനങ്ങളില്‍ കണ്ട ആത്മവിശ്വാസം പ്രകടമല്ലായിരുന്നു.

കേസില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന സൂചനയാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലൂടെ ഇഡിയും നല്‍കിയത്. സാധാരണ ഇഡി കേസുകളില്‍ അറസ്റ്റ് നിര്‍ബന്ധമല്ലെന്നിരിക്കെ അരവിന്ദാക്ഷനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതോടെ കേസില്‍ സംശയനിഴലിലുള്ള ഉന്നതര്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇഡി നല്‍കിയിരിക്കുന്നത്.

അരവിന്ദാക്ഷന്റെ അറസ്റ്റ് ഉന്നതരിലേക്ക് നീണ്ടാല്‍ അത് വലിയ രാഷ്ട്രീയ ആയുധമാക്കാനുള്ള തയാറെടുപ്പിലാണ് പ്രതിപക്ഷവും ബിജെപിയും. ഇക്കാര്യത്തില്‍ ബിജെപിയാണ് അല്‍പം മുന്നിട്ടിറങ്ങിയിരിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉറച്ച പ്രതീക്ഷവയ്ക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇത്തരമൊരു രാഷ്ട്രീയ സാഹചര്യം ലഭിച്ചാല്‍ എന്തു വിലകൊടുത്തും അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനാണ് അവരുടെ ശ്രമം. അതുകൊണ്ടു തന്നെ വരും ദിനങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

നിക്ഷേപകരുടെ 300 കോടിയിലേറെ രൂപ ബാങ്കിലെ ഇടത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. 2021 ജൂലൈ 14 നാണ് നിക്ഷേപകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഉന്നതതല സമിതി നടത്തിയ ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തുന്നത്. വ്യാജ രേഖ ചമച്ച് നിരവധി ആളുകളുടെ പേരില്‍ ലോണ്‍ എടുത്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബാങ്കിലെ വായ്പാ വിതരണത്തിലും പ്രതിമാസ നിക്ഷേപ പദ്ധതിയിലും വ്യാപാര പ്രവര്‍ത്തനത്തിലും തട്ടിപ്പ് നടന്നുവെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.

logo
The Fourth
www.thefourthnews.in