'ഔദ്യോഗിക വസതി വേണ്ട, സിനിമ വകുപ്പുകൂടി വേണം': മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍

'ഔദ്യോഗിക വസതി വേണ്ട, സിനിമ വകുപ്പുകൂടി വേണം': മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം എന്നിവയ്‌ക്കൊപ്പം സിനിമ വകുപ്പും ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്നു

നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രി തീരുമാനിക്കുന്ന വകുപ്പിന് പുറമേ, സിനിമ വകുപ്പുകൂടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയാറാണെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഡിസംബര്‍ 29നാണ് കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചതിനെ തുടര്‍ന്നാണ് ഇരുവരും മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം എന്നിവയ്‌ക്കൊപ്പം സിനിമ വകുപ്പും ഗണേഷ് കുമാര്‍ കൈകാര്യം ചെയ്തിരുന്നു. ഈ മുന്‍പരിചയം ചൂണ്ടിക്കാട്ടിയാണ് സിനിമ വകുപ്പുകൂടി വേണമെന്ന് ഗണേഷ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇരുവര്‍ക്കും ഏത് വകുപ്പുകളാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് നല്‍കിയേക്കും എന്നാണ് സൂചന. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കില്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതികള്‍ മനസിലുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസിയെ നന്നാക്കി ലാഭത്തിലാക്കാമെന്ന മണ്ടത്തരം താന്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഔദ്യോഗിക വസതി വേണ്ട, സിനിമ വകുപ്പുകൂടി വേണം': മുഖ്യമന്ത്രിയോട് ഗണേഷ് കുമാര്‍
ബിനോയ് വിശ്വം തന്നെ സെക്രട്ടറി; തീരുമാനം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍

''ഇന്നത്തെ സ്ഥിതിയില്‍ നിന്ന് വകുപ്പിനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ചില ആശയങ്ങള്‍ മനസിലുണ്ട്. മുഖ്യമന്ത്രി വകുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വിശദമായി പറയാം. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. മുമ്പുള്ളതിനേക്കാള്‍ മോശം സ്ഥിതിയിലാണ്. തൊഴിലാളികളുടെ സഹകരണം ആവശ്യമുണ്ട്. എല്ലാം നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും ഞാന്‍ പറയുന്നില്ല,'' അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in