'ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക 
സമൂഹത്തിന്റെ ഉത്തരവാദിത്വം'; കൂറിലോസിന്
കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ പിന്തുണ

'ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വം'; കൂറിലോസിന് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ പിന്തുണ

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടി ചൂണ്ടിക്കാട്ടി വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ കടുത്തഭാഷയില്‍ വിമര്‍ശിച്ച് കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി). ഭരണാധികാരി ഏകാധിപതിയാകുന്നത് അപകടകരമാണെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തത് ഏകാധിപതികളുടെ പ്രത്യേകതയാണെന്നും ക്രൈസ്തവ സഭകളുടെ സംയുക്ത സംഘടനയായ കെസിസി കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍നിന്ന് സിപിഎമ്മും ഇടതു കക്ഷികളും പാഠം പഠിക്കണമെന്നും അല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമായിരിക്കും കാത്തിരിക്കുന്നതെന്നുമായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയത്. തിരിച്ചടികള്‍ എന്തുകൊണ്ടാണെന്നു സിപിഎമ്മും ഇടതു കക്ഷികളും മനസിലാക്കണമെന്നും അതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തില്‍ സാധാരണക്കാരന് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യ മേഖലയിലേതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ചൂണ്ടിക്കാട്ടുന്നു

കൂറിലോസിന്റെ പ്രതികരണത്തിനെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇന്നുണ്ടായത്. പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് സംസാരിക്കവെ മുഖ്യമന്ത്രിയുടെ വിമര്‍ശനം.

''ഇന്നു രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ആ പുരോഹിതന്‍ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകുമെന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം,'' പിണറായി പറഞ്ഞു.

'ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക 
സമൂഹത്തിന്റെ ഉത്തരവാദിത്വം'; കൂറിലോസിന്
കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ പിന്തുണ
'പുരോഹിതര്‍ക്കിടയിലും വിവരദോഷികള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ വിമര്‍ശത്തിന് മുഖ്യമന്ത്രിയുടെ മറുപടി

ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ച് കെസിസി രംഗത്തുവന്നിരിക്കുന്നത്. ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അതുള്‍ക്കൊണ്ട് തിരുത്തുന്നതിനു പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കുന്നത് പക്വത ഇല്ലായ്മയാണെന്നും കെസിസി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പണ്ട് നികൃഷ്ട ജീവി എന്ന് ഒരു പുരോഹിതനെ വിളിച്ചയാള്‍ ഇന്ന് വിവരദോഷിയെന്ന മറ്റൊരു പുരോഹിതനെ വിളിക്കുമ്പോള്‍ വിളിക്കുന്നയാളുടെ സ്വഭാവം മാറിയിട്ടില്ലെന്ന് മനസ്സിലാക്കാമെന്നും കെസിസി കുറ്റപ്പെടുത്തി. കേരളത്തില്‍ സാധാരണക്കാരന് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആരോഗ്യ മേഖലയിലേതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കെസിസി ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷം നേരിട്ട തിരിച്ചടിയ്ക്ക് ക്രൈസ്തവ സമൂഹത്തോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനപരമായ ഇടപെടലുകളുള്‍പ്പെടെ കാരണമായിട്ടുണ്ട്. ക്രെസ്തവ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ജസ്റ്റിസ് ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയായിട്ടില്ല. അതിനാല്‍ തെറ്റ് തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തോലിക്ക സഭ ഒഴികെയുള്ള എപ്പിസ്‌കോപ്പല്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ കെസിസി ആവശ്യപ്പെടുന്നു. യാക്കോബായ , ഓര്‍ത്തഡോക്‌സ്, സിഎസ്‌ഐ, മാര്‍ത്തോമ്മ, ബിലീവേഴ്‌സ്, തൊഴിയൂര്‍ സഭകളാണ് കെസിസിയിലുള്ളത്.

'ചക്രവര്‍ത്തി നഗ്നനെങ്കില്‍ വിളിച്ചുപറയുക 
സമൂഹത്തിന്റെ ഉത്തരവാദിത്വം'; കൂറിലോസിന്
കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ പിന്തുണ
'പാഠം പഠിച്ചാല്‍ നല്ലത്, അല്ലെങ്കില്‍ ബംഗാളും ത്രിപുരയും പോലെയാകും'; സിപിഎമ്മിന് മുന്നറിയിപ്പുമായി ഗീവര്‍ഗീസ് കൂറിലോസ്‌

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാമര്‍ശത്തെ തള്ളി അദ്ദേഹം ഉൾപ്പെട്ട യാക്കോബായ സുറിയാനി സഭ രംഗത്തെത്തിയിരുന്നു. സഭയിലെ ഔദ്യോഗിക ചുമതലകളില്‍നിന്നു വിരമിച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന സഭയുടെ നിലപാടോ അഭിപ്രായമോ അല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നുമാണ് വിശദീകരണം. യാക്കോബായ സുറിയാനി സഭയുടെ പ്രസ്താവനകളോ പ്രതികരണങ്ങളോ നിലപാടുകളോ വ്യക്തമാക്കാന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്കും സഭ ഭാരവാഹികള്‍ക്കും മാത്രമേ ഉത്തരവാദിത്വമുള്ളൂവെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in