'പിന്നിലെ രാഷ്ട്രീയ താത്പര്യം എന്ത്?' അരിക്കൊമ്പൻ വിഷയത്തിൽ സാബു ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹർജി തള്ളി

'പിന്നിലെ രാഷ്ട്രീയ താത്പര്യം എന്ത്?' അരിക്കൊമ്പൻ വിഷയത്തിൽ സാബു ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹർജി തള്ളി

തമിഴ്‌നാട്ടില്‍നിന്ന് ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന ആവശ്യത്തിൽ സംശയമുണ്ട്. ആനയെ മാറ്റാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായാല്‍ സാബു എല്ലാ ചെലവും വഹിക്കുമോയെന്നും കോടതി

അരിക്കൊമ്പന്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പരിഹാസവും. തമിഴ്‌നാട്ടില്‍നിന്ന് ആനയെ പിടികൂടി കേരളത്തിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതില്‍ സംശയമുണ്ട്. തമിഴ്‌നാട് പറയുന്നത് അവിടുത്തെ ഉള്‍വനത്തിലേക്ക് അയക്കാമെന്നാണ്. തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.

കേരള സര്‍ക്കാര്‍ കടബാധ്യതയിലാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ സാബു എല്ലാ ചെലവും വഹിക്കുമോ? ബിസിനസില്‍ മികച്ചുനില്‍ക്കുന്ന സാബുവിന് മുഴുവന്‍ ചെലവും വഹിക്കാമല്ലോ? രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയല്ലേയെന്നും കോടതി പരിഹാസത്തോടെ ചോദിച്ചു. അരിക്കൊമ്പന്‍ ദൗത്യത്തിനായി 80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സാബു ജേക്കബിന്റെ ഹർജി തള്ളി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തതെന്നും കോടതി

ആനയെ സംരക്ഷിക്കാമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പിന്നെ എന്തിനാണ് തിരികെ കൊണ്ടുവരണമെന്ന് പറയുന്നതെന്ന് സാബു ജേക്കബിനോട് കോടതി ചോദിച്ചു. എന്താണ് ഹര്‍ജിക്ക് പിന്നിലെ രാഷ്ടീയ താത്പര്യം? കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ്‌നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യം? ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം സാബു എം ജേക്കബിനും അഭിഭാഷകനുമുണ്ടോയെന്നും കോടതി ചോദിച്ചു.

സാബുവിന്റേത് തെറ്റായ വാദങ്ങളാണ്. ഉത്തരവാദിത്തത്തോടെ പെരുമാറണം. തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കൂ. അരിക്കൊമ്പനെ കാടുകയറ്റാമെന്ന ഉത്തരവാദിത്തം തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. സാബുവിന്റേത് ജുഡീഷ്യല്‍ സാഹസികതയെന്നും കോടതി നിരീക്ഷിച്ചു.

'പിന്നിലെ രാഷ്ട്രീയ താത്പര്യം എന്ത്?' അരിക്കൊമ്പൻ വിഷയത്തിൽ സാബു ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹർജി തള്ളി
അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് സമീപം; നിരീക്ഷണത്തിലെന്ന് വനം വകുപ്പ്

അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിന് കൈമാറാന്‍ തമിഴ്നാടിനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് ഹര്‍ജി നല്‍കിയത്

അരിക്കൊമ്പനെ പിടികൂടിയാല്‍ കേരളത്തിന് കൈമാറാന്‍ തമിഴ്നാടിനോടും കേന്ദ്ര സര്‍ക്കാരിനോടും നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് ഹര്‍ജി നല്‍കിയത്. ഇങ്ങനെ കൈമാറിയാല്‍ ആനയെ കേരളത്തിലെ മറ്റൊരു ഫോറസ്റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍നിന്ന് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് മേഖലയിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ പിന്നീട് തമിഴ്നാട് മേഖലയില്‍ നാശം വിതച്ചിരുന്നു.

കഴിഞ്ഞ ദിവസം കമ്പം ടൗണിലിറങ്ങി ഏറെ നാശനഷ്ടമുണ്ടാക്കിയ അരിക്കൊമ്പനെ കണ്ട് ഭയന്ന് ഓടിയവരില്‍ ഒരാള്‍ വീണു പരുക്കേറ്റു മരിച്ചു. സംഭവത്തെത്തുടര്‍ന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതര്‍ ആനയെ മയക്കുവെടിവച്ചു പിടിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

'പിന്നിലെ രാഷ്ട്രീയ താത്പര്യം എന്ത്?' അരിക്കൊമ്പൻ വിഷയത്തിൽ സാബു ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, ഹർജി തള്ളി
അരിക്കൊമ്പന്‍ കമ്പം ടൗണില്‍: ഓട്ടോറിക്ഷകൾ തകർത്തു, പരിഭ്രാന്തരായി ജനങ്ങൾ

കഴിഞ്ഞ തവണ മയക്കുവെടി വച്ചു പിടികൂടിയപ്പോള്‍ ആനയ്ക്ക് പരുക്കേറ്റിരുന്നു. വീണ്ടും മയക്കുവെടിവച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടുമ്പോള്‍ അരിക്കൊമ്പനു കൂടുതല്‍ പരിക്കേല്‍ക്കാതെ ജാഗ്രത പാലിക്കാന്‍ തമിഴ്നാട് വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കണം. ആനയെ കേരളത്തിനു ലഭിച്ചാല്‍ ചിന്നക്കനാല്‍ മേഖലയുമായി ഒട്ടും ബന്ധമില്ലാത്ത മറ്റേതെങ്കിലും ഉള്‍വനത്തിലേക്ക് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു മാറ്റണമെന്നുമാണ് ഹരജിയിൽ പറയുന്നത്.

logo
The Fourth
www.thefourthnews.in