വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരായ നടപടി തുടരുന്നു; മൂന്ന് പേർക്ക് കൂടി നോട്ടീസ്

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരായ നടപടി തുടരുന്നു; മൂന്ന് പേർക്ക് കൂടി നോട്ടീസ്

ജയചന്ദ്രൻ ഇലങ്കത്ത്, അബ്ജോദ് വർഗീസ്, പി ആർ പ്രവീണ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ മൂന്ന് മാധ്യമപ്രവർത്തകർക്കെതിരെ കൂടി പോലീസ് നീങ്ങുന്നു. മലയാള മനോരമയിലെ ജയചന്ദ്രൻ ഇലങ്കത്ത്, ഏഷ്യാനെറ്റ് ന്യൂസിലെ അബ്ജോദ് വർഗീസ്, പി ആർ പ്രവീണ എന്നിവരെയാണ് വിവിധ അന്വേഷണ ഏജൻസികൾ നോട്ടീസ് നൽകി വിളിപ്പിച്ചത്.

2020ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ അവതാരകന്‍ അബ്‌ജോദ് വര്‍ഗീസിനെയും, വാർത്ത റിപ്പോർട്ട് ചെയ്ത പി ആര്‍ പ്രവീണയെയും തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ചത്. തിങ്കളാഴ്ച അബ്ജോദിനെ ഫോണിൽ വിളിച്ച ഉദ്യോഗസ്ഥർ ഇന്ന് രേഖാമൂലം നോട്ടീസ് കൈമാറി.

കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കെഎംഎംഎല്ലിനെ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതിന്റെ ഉറവിടം അന്വേഷിക്കാനുള്ള ചുമതല ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നിലെ കാരണം വ്യക്തമല്ല

കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി ആർ പ്രവീണയെയും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് ഇന്ന് ബന്ധപ്പെട്ടിരുന്നു. ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കുകയോ വിവാദങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി റിപ്പോര്‍ട്ട് ചെയ്യുക മാത്രമണുണ്ടായതെന്നും പി ആര്‍ പ്രവീണ ദ ഫോര്‍ത്തിനോട് പറഞ്ഞു. ഇടത് സംഘങ്ങളില്‍ നിന്നുള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം ഉണ്ടാകുമ്പോള്‍ പോലീസ് ഇത്രയധികം ശുഷ്‌കാന്തി കാണിക്കാറില്ലെന്നും പി ആര്‍ പ്രവീണ വ്യക്തമാക്കി.

വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരായ നടപടി തുടരുന്നു; മൂന്ന് പേർക്ക് കൂടി നോട്ടീസ്
മാർക്ക് ലിസ്റ്റ് വിവാദം: ആർഷൊയുടെ പരാതിയിൽ കേസെടുത്തു; ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതി

കൊല്ലം ചവറ കെഎംഎംഎല്ലിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് മലയാള മനോരമ ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്തിന് ആലപ്പുഴ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചത്. കൊല്ലം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കെഎംഎംഎല്ലിനെ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതിന്റെ ഉറവിടം അന്വേഷിക്കാനുള്ള ചുമതല ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നിലെ കാരണം വ്യക്തമല്ല.

വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി കെഎംഎംഎല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ആലപ്പുഴ ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയുമായിരുന്നു. ഈ മാസം 20ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി ജയചന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ജയചന്ദ്രന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

അതിനിടെ, മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തക അഖില നന്ദകുമാറിനോട് നാളെ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. വിവാദ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുള്‍പ്പെടെ ഹാജരാക്കാനാണ് പോലീസ് നിര്‍ദേശം.

logo
The Fourth
www.thefourthnews.in