'വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും കണിശതയും'; വക്കത്തെ അനുസ്മരിച്ച് നേതാക്കള്‍

'വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും കണിശതയും'; വക്കത്തെ അനുസ്മരിച്ച് നേതാക്കള്‍

കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Published on

മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉൾപ്പെടെയുള്ള നേതാക്കൾ. കോൺഗ്രസിലെ ഏറ്റവും തല മുതിർന്ന നേതാക്കളിലൊരാളെയാണ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിവിധ സ്ഥാനങ്ങളിൽ ഇരിക്കെ തന്റെ ഭരണപാടവവും കണിശതയും കാർക്കശ്യവും മുറുക്കിപ്പിടിച്ചുകൊണ്ടാണ് വക്കം വ്യത്യസ്തനായത്. തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകൾ സ്പീക്കർ ആയിരിക്കെയും മന്ത്രി ആയിരിക്കെയും അദ്ദേഹം അണുവിട ചാഞ്ചല്യമില്ലാതെ മുറുകെപ്പിടിച്ചു. വിവാദങ്ങൾ ഉണ്ടായപ്പോഴും തന്റെ തീരുമാനങ്ങളിൽ ഉറച്ചുനിന്ന് മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യം അദ്ദേഹം പ്രകടിപ്പിച്ചു. വിഷമമേറിയ ഒരു ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസിന്റെ സംഘടനാരൂപം കാര്യക്ഷമമാക്കി നിലനിർത്തുന്നതിൽ വലിയ പങ്കാണ് വക്കം വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും കണിശതയും'; വക്കത്തെ അനുസ്മരിച്ച് നേതാക്കള്‍
മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു

മുതിര്‍ന്ന നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭ സ്പീക്കര്‍, പാര്‍ലമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ അനുസ്മരിച്ചു.

പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ് വക്കം പുരുഷോത്തമന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ''കോണ്‍ഗ്രസ് തറവാട്ടിലെ കാരണവര്‍, കരുത്തും ആജ്ഞാശക്തിയുമുള്ള ഭരണാധികാരി, വ്യക്തതയും കണിശതയുമുള്ള നിലപാടുകള്‍, ആരെയും കൂസാത്ത ഒരു സമ്മര്‍ദത്തിനും വഴങ്ങാത്ത വക്കം പുരുഷോത്തമന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയമായ മാതൃകയാണ്''- വി ഡി സതീശൻ പറഞ്ഞു. വക്കത്തിന്റെ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

നിയമസഭ സ്പീക്കര്‍മാര്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു വക്കം പുരുഷോത്തമനെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. നിയമസഭ സ്പീക്കറായും, ഗവര്‍ണറായും, മന്ത്രിയായും പ്രവര്‍ത്തിച്ചപ്പോഴുണ്ടായ തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം പങ്കുവച്ചു. ഏറ്റവും കൂടുതൽ കാലം നിയമസഭ സ്പീക്കർ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.

'വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും കണിശതയും'; വക്കത്തെ അനുസ്മരിച്ച് നേതാക്കള്‍
വക്കം പുരുഷോത്തമൻ നിഷേധിച്ച പ്രസ് പാസ്

ഏതെല്ലാ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടോ അവിടെയെല്ലാം അത്ഭുതങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നേതാവാണ് വക്കം പുരുഷോത്തമനെന്ന് എ കെ ആന്റണി പറഞ്ഞു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിനുള്ള ഒരു അവസരവും അദ്ദേഹം നഷ്ടപ്പെടുത്താറില്ല. അങ്ങനൊരു നേതാവിന്റെ വേര്‍പാട് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ജേഷ്ഠ സഹോദരനെ പോലെ കരുതിയിരുന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വേര്‍പാട് കേരളത്തിന്റെ നഷ്ടമാണ് കോണ്‍ഗ്രസിന്റെ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്നു വക്കം പുരുഷോത്തമനെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അലങ്കരിച്ച പദവികളിലെല്ലാം ഉജ്ജ്വലമായ പ്രവര്‍ത്തന പാഠവം കൊണ്ട് ജന ശ്രദ്ധയാകര്‍ഷിക്കാനും ജനങ്ങളുടെ ശക്തമായ പന്തുണ നേടാനും കഴിഞ്ഞ വ്യക്തി. ഗവര്‍ണറായപ്പോള്‍ ഒരു ഗവര്‍ണര്‍ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമെന്ന കാണിച്ച് തന്ന വ്യക്തി. ഒരു മന്ത്രിയെന്ന നിലയില്‍ അദ്ദേഹം നടത്തിയ കര്‍ഷക തൊഴിലാളി നിയമം പോലുള്ള പുരോഗമനപരമായ നടപടികള്‍ എന്നും ഓര്‍ക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

logo
The Fourth
www.thefourthnews.in