കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർഎസ്എസ് അതിക്രമം; ഡോക്യൂമെന്ററി പ്രദർശനം തടഞ്ഞു

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർഎസ്എസ് അതിക്രമം; ഡോക്യൂമെന്ററി പ്രദർശനം തടഞ്ഞു

എതിർപ്പുകൾക്കെല്ലാമൊടുവിൽ വിദ്യാർഥി കൗൺസിൽ കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി പ്രദർശനം നടത്തി

കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ആർഎസ്എസ് അതിക്രമം. അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോക്യൂമെന്ററി പ്രദർശനം അലങ്കോലപ്പെട്ടു. കാമ്പസിന് മുന്നിൽ ഡോക്യുമെന്ററി പ്രദർശനം നടത്താനുള്ള ഒരുക്കങ്ങൾ നടത്തുമ്പോഴാണ് തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് ആർഎസ്എസ് പ്രവർത്തകർ അസഭ്യം പറഞ്ഞ് തങ്ങളുടെ അടുത്തേക്ക് വന്നതെന്ന് സ്റ്റുഡന്റ് കൗൺസിൽ ജനറൽ സെക്രട്ടറി പ്രജ്വൽ ദി ഫോർത്തിനോട് പറഞ്ഞു.

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർഎസ്എസ് അതിക്രമം; ഡോക്യൂമെന്ററി പ്രദർശനം തടഞ്ഞു
''ഇല്ല സര്‍, ഞങ്ങള്‍ പിന്തിരിയില്ല, പഠനം ഇനി സമരപ്പന്തലില്‍'' അടൂരിന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികളുടെ മറുപടി

അയോധ്യയിലെ രാം ജന്മഭൂമി തർക്കത്തിന്റെ നാൾവഴികൾ പ്രതിപാദിക്കുന്ന ആനന്ദ് പട്‍വര്‍ധൻ സംവിധാനം ചെയ്ത 'രാം കെ നാം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനമാണ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞത്. കാമ്പസിന്റെ ഗേറ്റിനു പുറത്തായിരുന്നു ഡോക്യുമെന്ററി പ്രദർശനം തീരുമാനിച്ചത്. അതുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വിദ്യാർഥികൾ ഗേറ്റിൽ പതിച്ചിരുന്നു. പ്രദർശനത്തിനായി സ്ക്രീൻ തയ്യാറാക്കുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകർ എത്തിയത്.

തുടക്കത്തിൽ ഉള്ളിലേക്ക് കയറിപ്പോകണമെന്നാവശ്യപ്പെട്ട പ്രവർത്തകർ പിന്നീട് അക്രമാസക്തരാവുകയായിരുന്നു. തുടര്‍ന്ന് വിദ്യാർഥികളുമായി ഉന്തും തള്ളുമുണ്ടായതായി വിദ്യാർഥി പ്രതിനിധി അശ്വിൻ ദ ഫോർത്തിനോട് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജിജോയ് രാജഗോപാൽ ഉൾപ്പെടെയുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ ഭീഷണി തുടർന്നതായി വിദ്യാർഥികൾ പറഞ്ഞു.

ശേഷം പോലീസ് നിർദേശത്തെ തുടർന്ന് വിദ്യാർഥികൾ കാമ്പസിനകത്തേക്ക് കയറുകയും, കാമ്പസിനകത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ പതിച്ചിരുന്ന പോസ്റ്ററുകൾ വലിച്ചുകീറി പ്രവര്‍ത്തകര്‍ വീണ്ടും ബഹളമുണ്ടാക്കുകയായിരുന്നു. കുട്ടികളെ കാമ്പസിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കില്ലെന്ന് ആർഎസ്എസ് പ്രവർത്തകർ ഭീഷണിയുയർത്തുകയും ചെയ്തു. എതിർപ്പുകൾക്കെല്ലാമൊടുവിൽ വിദ്യാർഥി കൗൺസിൽ കാമ്പസിനുള്ളില്‍ ഡോക്യുമെന്ററി പ്രദർശനം നടത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in