''റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു''; ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ ഡ്രൈവര്‍

''റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു''; ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ ഡ്രൈവര്‍

ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു

സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും മോശമായി പെരുമാറിയെന്ന് ഡ്രൈവര്‍ യദു. ''റോഡ് നിന്റെ അച്ഛന്റെ വകയാണോ'' എന്ന് സച്ചിന്‍ദേവ് ചോദിച്ചെന്ന് ഡ്രൈവര്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു.

''സൈഡ് തരാത ഇവര്‍ കളിപ്പിക്കുകയായിരുന്നു. ഇടതുവശത്ത് സ്ഥലമുണ്ടായിരുന്നത് കൊണ്ടാണ് അതുവഴി ഓവര്‍ടേക്ക് ചെയ്തത്. പ്ലാമൂട് വണ്‍വേയില്‍ കയറിയപ്പോള്‍ കാര്‍ ഇടത് സൈഡ് വന്നു ഹോണ്‍ അടിക്കുകയും ലൈറ്റ് ഇട്ടുകാണിക്കുകയും ചെയ്തു. പാളയത്ത് സിഗ്നലിന്റെ മുന്നില്‍ വണ്ടി ചവിട്ടി നിര്‍ത്തി. അപ്പോഴാണ് കാര്‍ ഇടതുവശത്തുകൂടി കയറിവന്ന് സീബ്രാ ക്രോസിങിനോട് ചേര്‍ത്ത് ബസിന് കുറുകേയിട്ടത്.

രണ്ടുപേര്‍ ഇറങ്ങിവന്ന്, ഇങ്ങനെയാണോ വണ്ടിയോടിക്കുന്നത്, ഒരു മാന്യത വേണ്ടെ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളിപ്പോള്‍ കാണിക്കുന്നത് മാന്യതയാണോ എന്ന്. അപ്പോഴേ ഞാന്‍ വീഡിയോ എടുത്തു. നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് ഇയാള്‍ ചോദിച്ചു. പിന്നീടാണ് എംഎല്‍എയാണെന്നും മേയര്‍ ആണെന്നും മനസ്സിലായത്'', യദു പറഞ്ഞു.

''എംഎല്‍എ ആയാലും ആരായാലും എനിക്കെന്താ എന്ന് ഞാന്‍ ചോദിച്ചു. അതാണ് കയ്യെടുത്തു കാണിച്ചെന്ന് പറയുന്നത്. അല്ലാതെ ബസോടിച്ചപ്പോള്‍ ആംഗ്യഭാഷയില്‍ ഒന്നും കാണിച്ചിട്ടില്ല. മേയര്‍ പറയാനുള്ളതെല്ലാം പറഞ്ഞു. നിനക്ക് അത്രയ്ക്ക അഹങ്കാരമാണോ, നിന്നെ ഞാന്‍ ശരിയാക്കിത്തരാം,സാധാരണക്കാര്‍ ആയിരുന്നെങ്കില്‍ എന്തുചെയ്‌തേനെ എന്നൊക്കെ ചോദിച്ചു'', യദു പറഞ്ഞു.

''റോഡ് നിന്റെ അച്ഛന്റെ വകയാണോ എന്ന് ചോദിച്ചു''; ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ക്കും എംഎല്‍എയ്ക്കും എതിരെ ഡ്രൈവര്‍
'ബിജെപി പ്രവേശന വിവാദം ആസൂത്രിത ഗൂഢാലോചന'; തന്നെ കരുവാക്കുന്നെന്ന് ഇ പി ജയരാജന്‍

താന്‍ കൊടുത്ത പരാതിയില്‍ രസീത്‌ നല്‍കാന്‍ പോലീസിന് താത്പര്യമില്ലായിരുന്നു എന്നും ഇദ്ദേഹം ആരോപിച്ചു. മേയറെ വിളിച്ച് സംസാരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. താന്‍ ദേഷ്യപ്പെട്ടിട്ടാണ് അവരും ചൂടായത് എന്നാണ് പോലീസ് പറഞ്ഞത്. അവര്‍ ക്ഷമിക്കും എന്ന് പോലീസ് പറഞ്ഞതായും യദു പറഞ്ഞു. താന്‍ വിളിച്ചു സംസാരിച്ചപ്പോള്‍ മോശമായാണ് ഇവര്‍ പ്രതികരിച്ചതെന്നും യദു ആരോപിക്കുന്നു. താന്‍ എംപാനല്‍ ജീവനക്കാരനാണെന്നും ഈ വിഷയം തന്നെ മോശമായി ബാധിക്കുമെന്നും യദു പറഞ്ഞു.

അതിനിടെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന് തുടക്കമെന്ന് ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു. മോശം പെരുമാറ്റമാണ് ചോദ്യം ചെയ്തത്. മേയര്‍ എന്ന അധികാരം ഉപയോഗിച്ചില്ലെന്നും ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവര്‍ക്ക് എതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കുമെന്ന് സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലുള്ള മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ സ്മാര്‍ട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ആര്യയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി തിരുവനന്തപുരം നഗരത്തിലെ പാളയത്ത് വെച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവറും കാറിലെത്തിയ മേയറും എംഎല്‍എയും തമ്മില്‍ വാക്കേറ്റമുണ്ടായത്. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മേയറും സംഘവും ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in