ചെറായിയിലെ 404 ഏക്കർ വഖഫ് ഭൂമിക്കായി നിയമപോരാട്ടം കനക്കുന്നു; കൈവശക്കാരായി നാട്ടുകാരും വ്യാപാര സ്ഥാപനങ്ങളും

ചെറായിയിലെ 404 ഏക്കർ വഖഫ് ഭൂമിക്കായി നിയമപോരാട്ടം കനക്കുന്നു; കൈവശക്കാരായി നാട്ടുകാരും വ്യാപാര സ്ഥാപനങ്ങളും

വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാൻ ആവില്ലെന്ന് വഖഫ് നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

വഖഫ് സ്വത്തുക്കളുടെ വൻ കയ്യേറ്റം നടന്നതായി വഖഫ് ബോർഡ് കണ്ടെത്തിയ എറണാകുളം ചെറായിയിലെ 404 ഏക്കർ സംബന്ധിച്ച തർക്കം വീണ്ടും വഴിത്തിരിവിലേക്ക്. ഫാറൂഖ് കോളജ് മാനേജ്മെന്റിനായി ചെറായിയിൽ വഖഫ് ചെയ്ത് നൽകുകയും പിന്നീട് കയ്യേറപ്പെട്ടു പോകുകയും ചെയ്ത 404 ഏക്കർ വഖഫ് സ്വത്ത് പോക്കുവരവ് നടത്തുവാനും സർട്ടിഫിക്കറ്റ് നൽകുവാനും അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് വിഷയം വീണ്ടും സങ്കീർണമാകുന്നത്.

1962ല്‍ പറവൂര്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനെ തുടർന്ന് 1963 മുതല്‍ ഈ ഭൂമി റസീവറുടെ കൈവശമാണ്

ചെറായി ബീച്ചിലെ വലിയ റിസോര്‍ട്ടുകളും കോട്ടേജുകളുമെല്ലാം അടങ്ങുന്ന  ബീച്ച് ജംഗ്ഷനില്‍ നിന്നും 500 മീറ്റര്‍ വടക്കോട്ട് മാറിയാല്‍ കാണുന്ന ഭൂമി മുഴുവനും വഖഫ് ഭൂമിയാണെന്നാണ് വഖഫ് ബോർഡ് അവകാശപ്പെടുന്നത്. ഈ 4O4 ഏക്കറിൽ 600 കുടുംബങ്ങൾ ഉണ്ടെന്നും അതിനാൽ ഭൂമിയിൽ നിന്ന് ഇവരെ ഒഴിപ്പിക്കുവാൻ കഴിയില്ല എന്നുമായിരുന്നു സർക്കാർ ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ സ്വീകരിച്ച നിലപാട്. തുടർന്ന്  പോക്കുവരവ് നടത്തുവാനും സർട്ടിഫിക്കറ്റ് നൽകുവാനും റവന്യൂ ഉദ്യോഗസ്ഥർക്ക് അനുവാദം നൽകി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ കേരള വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടി എം അബ്ദുൽസലാം, സെക്രട്ടറി നാസർ മനയിൽ എന്നിവർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഇതോടെ പോക്കുവരവ് നടപടികൾ നിർത്തിവെയ്ക്കേണ്ടി വരും.

ഈ സ്ഥലം ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാല്‍ ഫാറൂഖ് കോളേജ് പിന്നീട് കയ്യൊഴിഞ്ഞുവെന്നാണ് കോളേജിന്റെ തന്നെ നിലപാടായി നേരത്തെ പുറത്ത് വന്നിരുന്നത്

1950 നവംബര്‍ ഒന്നിനാണ് കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചിമേമന്‍ മുസല്‍മാന്‍ ഹാജിയും സേട്ടുവിന്റെ മകന്‍ മുഹമ്മദ് സിദ്ദീഖ് സേട്ടും ഇടപ്പള്ളി സബ് രജിസ്റ്റാര്‍ ഓഫിസില്‍ വെച്ച്  ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റിക്ക് വേണ്ടി അന്നത്തെ പ്രസിഡന്റ് പാലക്കാട് ഒലവക്കോട് ഖാന്‍ ബഹദൂര്‍ പി കെ ഉണ്ണിക്കമ്മു സാഹിബിന് ചെറായി ബീച്ചിലെ 404 ഏക്കര്‍ 76 സെന്റ് ഭൂമി വഖഫായി രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത്. അന്ന് ക്രയവിക്രയാധികാരത്തോടുകൂടി ഫാറൂഖ് കോളേജ് കമ്മറ്റിക്ക് ദാനാധാരമായാണ് ഭൂമി സമ്മാനിച്ചിരിക്കുന്നത്. 404 ഏക്കറില്‍ 350 ഏക്കര്‍ സ്ഥലം കടലിലും കായലിലും പെട്ട് കിടക്കുകയായിരുന്നു. ബാക്കി സ്ഥലം കുടികിടപ്പുകാരുടെ കൈയ്യിലുമായിരുന്നു. ഇതുസംബന്ധിച്ച് 1962ല്‍ പറവൂര്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തതിനെ തുടർന്ന് 1963 മുതല്‍ ഈ ഭൂമി റസീവറുടെ കൈവശമാണ്. ഈ സ്ഥലം ഒഴിപ്പിച്ചെടുക്കാനാവാത്ത സ്ഥിതിയിലായതിനാല്‍ ഫാറൂഖ് കോളേജ് പിന്നീട് കയ്യൊഴിഞ്ഞുവെന്നാണ് കോളേജിന്റെ തന്നെ നിലപാടായി നേരത്തെ പുറത്ത് വന്നിരുന്നത്.

അടുത്തിടെ ചില വസ്തു ഉടമകൾക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംശയം തോന്നുകയും തുടര്‍ന്ന് അവരുടെ അന്വേഷണത്തിൽ ഇത് വഖഫ് ഭൂമിയാണെന്നു മനസിലാക്കുകയും ചെയ്‌തെന്നാണ് വഖഫ് ബോര്‍ഡ് പറയുന്നത്

1957 ലെ ഇഎംഎസ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതോടെ തന്നെ ചെറായി ബീച്ചിലെ കുഴിപ്പള്ളി സബ് രജിസ്ട്രിയുടെ കീഴില്‍ സര്‍വേ നമ്പര്‍ 18ല്‍ കിടക്കുന്ന പഴയ ഇടപ്പള്ളി സബ് രജിസ്ട്രിയില്‍ രജിസ്റ്റര്‍ ചെയ്ത ആ സ്ഥലത്തിന്റെ നൂറുകണക്കിന് പ്ലോട്ടുകള്‍ കുടികിടപ്പുകാര്‍ക്ക് അവകാശം പതിച്ച് നല്‍കിയിട്ടുണ്ട്. അടുത്തിടെ ചില വസ്തു ഉടമകൾക്ക് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സംശയം തോന്നുകയും തുടര്‍ന്ന് അവരുടെ അന്വേഷണത്തിൽ ഇത് വഖഫ് ഭൂമിയാണെന്നു മനസിലാക്കുകയും ചെയ്‌തെന്നാണ് വഖഫ് ബോര്‍ഡ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ   കൈവശമുള്ള ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള പ്രാഥമിക നടപടി വഖഫ് ബോര്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു.

മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മതപരമായ വികസനത്തിന് വേണ്ടി 1950-ൽ ഇടപ്പള്ളി രജിസ്ട്രാഫീസിൽ രജിസ്റ്റർ ചെയ്ത 2115/1950 എന്ന വഖഫ് ആധാര പ്രകാരമാണ് ചെറായിയിലെ വഖഫ് രൂപം കൊണ്ടത്

ഇതിനിടെ സർക്കാർ നിർദ്ദേശപ്രകാരം ഭൂനികുതി പിരിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി  തഹസീൽദാർ നൽകിയ 07-10-2022 തീയതിയിലെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തി. മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മതപരമായ വികസനത്തിന് വേണ്ടി 1950-ൽ ഇടപ്പള്ളി രജിസ്ട്രാഫീസിൽ രജിസ്റ്റർ ചെയ്ത 2115/1950 എന്ന വഖഫ് ആധാര പ്രകാരമാണ് ചെറായിയിലെ വഖഫ് രൂപം കൊണ്ടത്. അതിനാൽ വഖഫ് സ്വത്തുക്കൾ തികച്ചും നിയമവിരുദ്ധമായി  വഖഫിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾക്കെതിരായും  കൈമാറ്റം ചെയ്യപ്പെടു കയാണെന്നായിരുന്നു പരാതി.  വഖഫ് ഭൂമി ആണെന്ന് അറിഞ്ഞുകൊണ്ടും വഖഫ് ആധാരം വായിച്ച് മനസ്സിലാക്കിയും ആണ് വസ്തുക്കൾ നിയമവിരുദ്ധമായി വിൽപ്പന നടത്തിയിട്ടുള്ള തെന്നും ഹർജിക്കാർ അറിയിച്ചിരുന്നു.

ചെറായിയിലെ 404 ഏക്കർ വഖഫ് ഭൂമിക്കായി നിയമപോരാട്ടം കനക്കുന്നു; കൈവശക്കാരായി നാട്ടുകാരും വ്യാപാര സ്ഥാപനങ്ങളും
വഖഫ് നിയമന തീരുമാനം റദ്ദാക്കും; പിഎസ്‌സിക്ക് പകരം പുതിയ സംവിധാനം

വഖഫ് ഭൂമി ഒരിക്കലും കൈമാറ്റം ചെയ്യാൻ ആവില്ല. ഇത് വഖഫ് നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. എത്ര വർഷം കൈവശം വെച്ചാലും എത്ര തവണ കൈമറിഞ്ഞാലും വഖഫ് ഭൂമി എന്നും വഖഫ് ഭൂമി തന്നെയായിരിക്കും. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി വഖഫ് സ്വത്ത് വീണ്ടെടുക്കുന്നതിന് സർക്കാർ നടപടി എടുക്കണമെന്ന ആവശ്യവും പല കോണുകളിൽ നിന്നും ഉയർന്നിരുന്നു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് മുൻപാകെ സർക്കാർ അവിടെ നിലവിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ അപേക്ഷയെ പിന്തുണച്ചതിനെ തുടർന്നാണ് പോക്കുവരവ്  നടത്താനുൾപ്പെടെ അനുമതി നൽകിയത്. എന്നാൽ, 1950 ലെ  വഖഫ് ആധാരത്തിൽ തന്നെ 4O4 ഏക്കറും വഖഫ് ഭൂമി ആണെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ 1950ന് ശേഷം ഈ വഖഫ് സ്വത്തുക്കളുടെ കൈമാറ്റവും വിൽപ്പനയും പൂർണ്ണമായും റദ്ദാകുമെന്നും വഖഫ് ആക്ട് സെക്ഷൻ 51,104 A എന്നിവ ഇത് വ്യക്തമാക്കുന്നതായും ഹർജിക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തതതോടെയാണ് വിഷയം വീണ്ടും സജീവമാകുന്നത്.

logo
The Fourth
www.thefourthnews.in