ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്

വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന

സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ആകെ 499 പത്രികകൾ ലഭിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

കേരളത്തില്‍ ഏപ്രിൽ 26നാണു വോട്ടെടുപ്പ്

തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രിക സമര്‍പ്പിക്കപ്പെട്ടത്, 22 എണ്ണം. 20 പത്രികകള്‍ ലഭിച്ച പൊന്നാനിയാണ് തൊട്ടുപിന്നിൽ. ഏറ്റവും കുറവ് ആലത്തൂരാണ്. ആകെ എട്ട് പത്രികകൾ മാത്രമേ ഇവിടെ നൽകിയിട്ടുള്ളൂ.

തിരുവനന്തപുരം-22, ആറ്റിങ്ങൽ-14, കൊല്ലം- 15, പത്തനംതിട്ട- 10, മാവേലിക്കര-14, ആലപ്പുഴ- 14, കോട്ടയം- 17, ഇടുക്കി- 12, എറണാകുളം- 14, ചാലക്കുടി- 13, തൃശൂർ- 15, ആലത്തൂർ- 8, പാലക്കാട്-16, പൊന്നാനി- 20, മലപ്പുറം- 14, കോഴിക്കോട്- 15, വയനാട്- 12, വടകര- 14, കണ്ണൂർ- 18, കാസർകോട്- 13 എന്നിങ്ങനെയാണ് പത്രിക സമർപ്പിക്കപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പിച്ചത് 290 പേർ; കൂടുതൽ തിരുവനന്തപുരത്ത്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോറ്റും ജയിച്ചും ചരിത്രം കുറിച്ച 'ഒരു ദേശത്തിന്റെ എംപി'

വെള്ളിയാഴ്ചയാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം. അതുകഴിയുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയാറാകും.

രാജ്യത്ത് ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ രണ്ടാം ഘട്ടത്തിൽ ഉള്‍പ്പെടുന്ന കേരളത്തില്‍ ഏപ്രിൽ 26നാണു പോളിങ്. ജൂൺ നാലിണു വോട്ടെണ്ണൽ. രാജ്യത്താകെ  96.6 കോടി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമാണ് ആകെയുള്ളത്. ഇതിൽ 1.8 കോടി പുതിയ വോട്ടർമാരുമാണ്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി (33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 03 വരെയുള്ള കണക്കാണിത്.

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംസ്ഥാന പൊലീസ്, ആദായനികുതി വകുപ്പ്, എക്‌സൈസ് വകുപ്പ്, എസ്.ജി.എസ്.ടി വിഭാഗം, ഡയറക്ടേറേറ്റ് ഓഫ് എന്‍ഫോഴ്‌സ്‌മെന്റ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, മറ്റ് ഏജന്‍സികള്‍ എന്നിവ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തത്.

ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍
ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍

രേഖകളില്ലാതെ കൊണ്ടുപോയ 6.67(6,67,43,960) കോടി രൂപ, ഒരു കോടി രൂപ (1,0003677) മൂല്യമുള്ള 28,867 ലിറ്റര്‍ മദ്യം, 6.13 കോടി(61,38,6395) രൂപ മൂല്യമുള്ള 2,33,723 ഗ്രാം മയക്കുമരുന്നുകള്‍, 14.91 കോടി(14,9171959) രൂപ മൂല്യമുള്ള അമൂല്യ ലോഹങ്ങള്‍, 4.58 കോടി(4,58,90,953) രൂപ മൂല്യമുളള സൗജന്യവസ്തുക്കള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധനകളില്‍ പിടിച്ചെടുത്തത്. റവന്യു ഇന്റലിജന്‍സ് വിഭാഗം 9.14 കോടി(9,14,96,977) രൂപയുടെ വസ്തുക്കളും പൊലീസ് 8.89 കോടി (8,89,18,072)രൂപ മൂല്യമുള്ള വസ്തുക്കളും എക്‌സൈസ് വകുപ്പ് 7.11 കോടിയുടെ (7,11,23,064) വസ്തുക്കളുമാണ് ഇതുവരെ പിടിച്ചെടുത്തത്.

മാര്‍ച്ച് 23 ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി ആര്‍ ഐയും എയര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ 3.41 കോടി രൂപ വിലയുള്ള 5.26 കി. ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. 2.85 കോടി രൂപ വിപണിവിലയുള്ള 4.4 കി. ഗ്രാം സ്വര്‍ണം ദുബായില്‍ നിന്നെത്തിയ ഇന്റിഗോ വിമാനത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. അതേവിമാനത്തില്‍ തന്നെയെത്തിയ യാത്രക്കാരനില്‍ നിന്നാണ് ബാക്കി 55.77 ലക്ഷം രൂപ മൂല്യമുള്ള 1019 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in