ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി

ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി

അവധി ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ 7, 8 തീയതികളില്‍ അനുഭവപ്പെട്ടത്

ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തന്റെയും കണ്ണുനീര്‍ വീഴ്ത്തില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ത്ഥാടകരുടെ സൗകര്യക്രമീകരണ സംവിധാനങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി വിലയിരുത്തി, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി, ദേവസ്വം ബോര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസില്‍ യാത്ര ചെയ്ത ഒരു കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. എരുമേലിയില്‍ നടന്നത്, രക്ഷാകര്‍ത്താവ് ആവശ്യങ്ങള്‍ക്കായി ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി അച്ഛനെ കാണാതെ ആശങ്കപ്പെട്ടതാണ്. വളരെ പെട്ടെന്ന് തന്നെ അച്ഛന്‍ തിരിച്ചെത്തിയതോടെ കുട്ടിയുടെ ആശങ്ക പരിഹരിക്കപ്പെട്ടതുമാണ്. രക്ഷാകര്‍ത്താവിനെ കാണാതെ കുട്ടികള്‍ ആശങ്കപ്പെടുന്നത് സര്‍വ്വസാധാരണം. മാധ്യമങ്ങള്‍ക്ക് തെറ്റുകള്‍ ചൂണ്ടിക്കാണിക്കാം, തെറ്റുകള്‍ പരമാവധി പരിഹരിക്കുകയും ചെയ്യും. അല്ലാതെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.

ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി
ശബരിമല ഉപയോഗിച്ച് വിദ്വേഷ നീക്കവുമായി സംഘപരിവാർ; കേരളത്തിൽ ഹിന്ദുക്കൾക്ക് രക്ഷയില്ലെന്ന പ്രചാരണം നയിച്ച് ബിജെപി ഐടി സെൽ

അവധി ദിവസങ്ങളില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് കഴിഞ്ഞ 7, 8 തീയതികളില്‍ അനുഭവപ്പെട്ടത്. ഈ സീസണില്‍ എത്തിചേരുന്നവരില്‍ പ്രായമായവരും കുട്ടികളും ഭിന്നശേഷിക്കാരും മുപ്പത് ശതമാനത്തോളമാണ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് പരിമിതപ്പെടുത്തിയാലും മറ്റ് കാനനപാതകളിലൂടെയെല്ലാം അനേകായിരം ഭക്തരാണ് എത്തുന്നത്. ഇവരുടെ സുരക്ഷ കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ.

നിലയ്ക്കലില്‍ 500 വാഹനങ്ങള്‍ക്ക് കൂടി അധികം പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലേക്കുള്ള റൂട്ടില്‍ വാഹന പാര്‍ക്കിങ് സൗകര്യത്തോടെ, ആളുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സുരക്ഷിത താവളങ്ങള്‍ സജ്ജമാക്കാന്‍ പോലീസിനും വനം വകുപ്പിനും നിര്‍ദ്ദേശം കൊടുത്തതായും മന്ത്രി അറിയിച്ചു.

പമ്പയില്‍ സ്ത്രീകള്‍ക്കായി 66 ടോയ്ലറ്റ് കോംപ്ലക്‌സ് കൂടി പുതിയതായി സജ്ജമാണ്. കൂടുതല്‍ ബയോ ടോയ്ലറ്റ് സൗകര്യവും ഏര്‍പ്പെടുത്തും. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് രണ്ട് ആംബുലന്‍സ് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സുരക്ഷ ഉറപ്പാക്കി ആരോഗ്യവകുപ്പിന്റെ പുതിയ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മെഡിക്കല്‍ സുരക്ഷാസംവിധാനവും സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ഭക്തന്റെയും കണ്ണുനീർ വീഴ്ത്തില്ല; കുട്ടി കരയുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണമെന്നും മന്ത്രി
ബുക്കിങ് ഇല്ലാതെ തീര്‍ഥാടകരെ പ്രവേശിപ്പിക്കരുത്; ശബരിമല തിരക്കില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി

ക്യൂ കോപ്ലക്‌സിലും ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന എല്ലായിടത്തും ദേവസ്വവും മറ്റ് വകുപ്പുകളും കൃത്യമായി ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങളും വെള്ളവും ബിസ്‌ക്കറ്റും ഉറപ്പാക്കുന്നുണ്ട്. വലിയ തിരക്ക് ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതില്‍ കൂടുതലായി ഒന്നും ശബരിമലയില്‍ സംഭവിച്ചിട്ടില്ല. പ്രയാസങ്ങളൊക്ക പരിശോധിച്ച്, ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെങ്കില്‍ ഏര്‍പ്പെടുത്തും.

കഴിഞ്ഞ ശബരിമല സീസണ്‍ കഴിഞ്ഞതിന് ശേഷം തന്നെ ഈ സീസണ്‍ മുന്നില്‍ കണ്ട് വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനെയും വിവിധ വകുപ്പുകളയും ഏകോപ്പിച്ച് നടത്തുന്നത്. ചിലര്‍ മനഃപൂര്‍വ്വം വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. പലപ്പോഴും വ്യാജവാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.

ശബരിമല സന്നിധാനത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫറന്റസ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തിലും സന്ദര്‍ശനത്തിലും കെ യു ജെനിഷ് കുമാര്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത്, സ്‌പെഷല്‍ സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി. സുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ സി. എന്‍ രാമന്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സൂരജ് ഷാജി, ഐജി സ്പര്‍ജന്‍ കുമാര്‍, എഎസ്പി തപോഷ് ബസുമതരി, എക്സിക്യൂട്ടീവ് ഓഫീസര്‍ വി കൃഷ്ണകുമാര്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ കെ. ആര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ശ്യാമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in