മിത്ത് വിവാദം: 'ശബരിമല മോഡല്‍' നാമജപഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്, വിജയിപ്പിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍

മിത്ത് വിവാദം: 'ശബരിമല മോഡല്‍' നാമജപഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്, വിജയിപ്പിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ്, ബിജെപി പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും നാമഘോഷയാത്ര ആരംഭിച്ച പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ സജീവമായി പങ്കെടുത്തു.

മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി എന്‍എസ്എസ്. ശബരിമല മോഡലില്‍ നടത്തിയ ഘോഷയാത്രയില്‍ മുമ്പിലും പിന്നിലുമായി അണിനിരുന്നത് തലസ്ഥാനത്തെ കോണ്‍ഗ്രസ്-ബിജെപി പാർട്ടികളിലെ നേതാക്കളും പ്രവർത്തകരും പരിചിത മുഖങ്ങളും. ഘോഷയാത്ര ആരംഭിച്ച പാളയം ഗണപതി ക്ഷേത്രം മുതല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെ ഇവര്‍ സജീവമായി പങ്കെടുത്തു.

ബിജെപിയില്‍ നിന്ന് ജില്ലാ പ്രസിഡണ്ട് വി വി രാജേഷ്, ഹരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ജവഹര്‍ ബാലമഞ്ചിന്റെ ദേശീയ ചുമതല വഹിക്കുന്ന ഡോ ജി വി ഹരി, ശാസ്തമംഗലം മോഹന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ഇരു പാര്‍ട്ടികളുടെയും കൗണ്‍സിലര്‍മാരും പരിപാടിയില്‍ സജീവമായിരുന്നു. ബിജെപി നേത്യത്വത്തിന്റെ പരിപൂര്‍ണ അറിവോടെയാണ്‌ നേതാക്കളും പ്രവർത്തകരും പരിപാടിക്ക് എത്തിയത്. പ്രവർത്തകർക്ക് ഇത്തരം പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമര്‍ശം തെറ്റാണെന്ന് പ്രതിപക്ഷ നേതാവും കെപിസി സി അധ്യക്ഷനും നിലപാട് സ്വീകരിക്കുമ്പോഴും ഹൈന്ദവ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകുന്ന കാര്യത്തില്‍ നേതൃത്വം ഇതുവരെ പരസ്യ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ പ്രവര്‍ത്തകര്‍ അവരുടെ വിശ്വാസ സംരക്ഷണവുമായി മുന്നോട്ട് പോകുന്നതിനെ പാര്‍ട്ടിക്ക് വിലക്കാനാകില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന മറുപടി. കോണ്‍ഗ്രസ് നേത്യത്വത്തിന്റെ നിലപാടിന് ഒപ്പം ചേര്‍ന്നുനില്‍ക്കുന്ന സമീപനം തന്നെയാണ് വിഷയത്തില്‍ ലീഗും സ്വീകരിച്ചത്.

ശാസ്ത്രവും മിത്തും കൂട്ടിക്കലര്‍ത്തി ഷംസീര്‍ നടത്തിയ പരാമര്‍ശം വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്നതാണെന്നും ശാസ്ത്രബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.

മിത്ത് വിവാദം: 'ശബരിമല മോഡല്‍' നാമജപഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്, വിജയിപ്പിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍
എന്‍എസ്എസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് ശ്രമിക്കാറില്ല, ലീഗ് വിശ്വാസികള്‍ക്കൊപ്പം: കുഞ്ഞാലിക്കുട്ടി

ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശം വിശ്വാസികള്‍ക്ക് വേദന ഉളവാക്കിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വാദം.

എന്‍എസ്എസ് വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് ശ്രമിക്കാറില്ലെന്നും മതേതര കാഴ്ചപ്പാടോടെയുള്ള വിശ്വാസ സംരക്ഷണമാണ് അവരുടെ ലക്ഷ്യമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ലീഗിന്റെ നിലപാടായി തുറന്നു പറയുമ്പോള്‍ അത് നല്‍കുന്ന രാഷ്ടീയ മുഖം മറ്റൊന്നാണെന്ന കാര്യത്തില്‍ സംശയമില്ല. യുഡിഎഫിന്റെ രണ്ട് മുഖ്യ കക്ഷികള്‍ വിവാദങ്ങള്‍ക്കിടയിലും എന്‍എസ്എസിനെ ചേര്‍ത്ത് നിര്‍ത്തുന്ന സമീപനമാണ് പൊതുവില്‍ സ്വീകരിച്ചത്.

മിത്ത് വിവാദം: 'ശബരിമല മോഡല്‍' നാമജപഘോഷയാത്ര സംഘടിപ്പിച്ച് എന്‍എസ്എസ്, വിജയിപ്പിച്ച് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍
ഏത് ശാസ്ത്ര മുന്നേറ്റത്തിലും ഹൈന്ദവ സംസ്‌ക്കാരത്തിന്റെയും മിത്തുകളുടേയും വിത്തുകള്‍ തിരയുന്നവര്‍...

പ്രതിഷേധപരിപാടിയില്‍ എന്‍എസ്എസ് താലൂക്ക് യൂണിയനിലെ കരയോഗങ്ങളില്‍ നിന്നും വനിതകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. നിലപാടില്‍ മാറ്റമില്ലെന്ന് സ്പീക്കറും സിപിഎമ്മും ആവർത്തിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷധം കടുപ്പിക്കാനാണ് എന്‍എസ്എസ് തീരുമാനം. ആ ഘട്ടത്തില്‍ കൂടുതല്‍ രാഷ്ട്രീയ, മത, സംസ്കാരിക സംഘടനകളുടെ പിന്തുണ ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in