പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര

കോണ്‍ഗ്രസിലെ കരുത്തനായ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയും കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണഭൂതനുമായ പി ടി ചാക്കോയുടെ 39-ാം ചരമ വാര്‍ഷികമാണിന്ന്
Published on

കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ വിഷയാപവാദത്തിന്റെ ഇരയും രക്തസാക്ഷിയുമായിരുന്നു പി ടി ചാക്കോ. കേരളത്തിന്റെ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിലെ കരുത്തനായ നേതാവുമായിരുന്ന ചാക്കോയുടെ പതനം അറുപതുകളില്‍ കേരളരാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ചു. പി ടി ചാക്കോയുടെ 39-ാം ചരമവാര്‍ഷിക ദിനമാണ്.

ആറ് പതിറ്റാണ്ട് മുന്‍പ് കേരളരാഷ്ട്രീയത്തിലെ ഒരു ഉന്നത നേതാവിനെ, നടപടി ദൂഷ്യമാരോപിച്ച് അപവാദത്തില്‍പ്പെടുത്തിയ സംഭവമാണ് 1963 ഡിസംബറില്‍ നടന്ന 'പീച്ചി യാത്ര'. കേരളരാഷ്ട്രീയത്തിലെ അതിശക്തനായ ഒരു പോരാളിയുടെ, ഒരു നേതാവിന്റെ പതനത്തിന്റെ കഥയാണിത്. ഗൂഢാലോചനയും ഉപജാപവും കുതികാല്‍ വെട്ടും തേജോവധവും സമാസമം കൂടിക്കലര്‍ത്തിയ വഞ്ചനയുടെ കഥ.

പി ടി ചാക്കോ
പി ടി ചാക്കോ

1915ല്‍ കോട്ടയത്ത് വാഴൂരില്‍ ജനിച്ച പുള്ളോലില്‍ തോമസ് ചാക്കോ അടിമുടി അച്ചടക്കമുള്ള കോണ്‍ഗ്രസുകാരനായിരുന്നു. 1938 മുതൽ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദിവാനെതിരെ നിരോധിക്കപ്പെട്ട മെമ്മോറാൻഡം വായിച്ച് അറസ്റ്റിലായി ആറ് മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നു. 1945ല്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിച്ചപ്പോള്‍ 'സര്‍ സി പിക്ക് തുറന്ന കത്ത്' എന്ന ഗ്രന്ഥമെഴുതി. 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ ചീഫ് വിപ്പ് ആയി. 1957ല്‍ കേരള സംസ്ഥാനമുണ്ടായപ്പോള്‍ നിലവില്‍ വന്ന, ആദ്യ നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു.

ഉറച്ച കത്തോലിക്കാ വിശ്വാസിയാണെങ്കിലും സഭയും പുരോഹിതരും രാഷ്ട്രീയത്തിലിടപെടുന്നതിനെ ചാക്കോ ശക്തിമായി എതിര്‍ത്തിരുന്നു

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടശേഷം വന്ന പട്ടം താണുപിള്ള മന്ത്രിസഭയില്‍ അംഗമായിരുന്ന പി ടി ചാക്കോ നല്ലൊരു ക്രിമിനല്‍ വക്കീലായിരുന്നു. കോട്ടയത്തെ വാഴൂര്‍ അസംബ്ലി മണ്ഡലത്തില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തുകയും ആഭ്യന്തരം, റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ഒന്നാന്തരം പാര്‍ലമെന്റേറിയനും കഴിവുള്ള ഭരണകര്‍ത്താവുമായിരുന്ന അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധം അന്നത്തെ, പ്രതിപക്ഷത്തിന്റെ ആജന്മശത്രുവാക്കി തീര്‍ത്തു. രാഷ്ട്രീയ വിരോധം മറികടന്ന് അത് വ്യക്തിവിദ്വേഷമായി മാറി. സ്വന്തം പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന് ശത്രുക്കളുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായ ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും ചാക്കോയുടെ വിശ്വസ്തനായ അനുയായി കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ ശങ്കറിനെതിരെ ഒരു ഗ്രൂപ്പുമുണ്ടായിരുന്നു. അന്നത്തെ കെപിസിസി പ്രസിഡന്റായ സി കെ ഗോവിന്ദന്‍ നായര്‍ പരോക്ഷമായി ശങ്കറെ പിന്തുണച്ചിരുന്നു.

ഫാദർ വടക്കൻ
ഫാദർ വടക്കൻ

ഉറച്ച കത്തോലിക്കാ വിശ്വാസിയാണെങ്കിലും സഭയും പുരോഹിതരും രാഷ്ട്രീയത്തിലിടപെടുന്നതിനെ ചാക്കോ ശക്തിമായി എതിര്‍ത്തിരുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ രൂപംകൊണ്ട വിമോചനസമരമുന്നണിയില്‍ പങ്കുണ്ടായിരുന്ന ഫാദര്‍ വടക്കനോടും കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി നേതാക്കന്മാരോടും പിന്നീട് നടന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കൂടിയാലോചന നടത്താത്തത് പി ടി ചാക്കോയുടെ തീരുമാനമാണെന്ന് മനസിലാക്കിയ ഫാദര്‍ വടക്കന് ചാക്കോയോട് കടുത്ത വിരോധമായിരുന്നു.

അക്കാലത്ത് നടന്ന രണ്ട് പ്രക്ഷോഭങ്ങളില്‍ ഒന്ന് ഇടുക്കി വനപ്രദേശത്തുനിന്ന് കുടിയേറ്റക്കാരെ ഒഴിപ്പിച്ചതിനെതിരെ; രണ്ടാമത്തേത് കണ്ണൂരിലെ കൊട്ടിയൂരില്‍ ദേവസ്വം ഭൂമിയില്‍നിന്ന് കുടിയേറ്റ കര്‍ഷകരുടെ ഒഴിപ്പിക്കലിനെതിരെ. ഫാദര്‍ വടക്കനും കമ്യൂണിസ്റ്റ് നേതാവായ എ കെ ജിയും ചാക്കോയെ പൊതുശത്രുവായി കണ്ട് യോജിച്ചാണ് സമരം നടത്തിയത്. അന്ന് നിയമസഭയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഭൂനയ ബില്ല് നിയമമായാല്‍ മേല്‍ചാര്‍ത്തും ജന്മിത്വവും ഇല്ലാതാകുമെന്ന് ചാക്കോ പ്രഖ്യാപിച്ചു.

കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷികബന്ധ ബില്ലിനെ ഭൂപരിഷ്‌കരണ നിയമമാക്കി ചാക്കോ മാറ്റുകയും നിയമത്തിലുണ്ടായിരുന്ന പാകപ്പിഴകള്‍ ഒഴിവാക്കുകയും ചെയ്തു. അതോടെ കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശത്രുവായി ചാക്കോ മാറി. ഭൂപരിഷ്‌കരണ നിയമം പാസാക്കിയശേഷം നിയമസഭ ഇടക്കാലത്തേക്ക് പിരിഞ്ഞു. ആയാസമാര്‍ന്ന ഈ ജോലിക്കുശേഷം വിശ്രമം ആവശ്യമാണെന്ന് തോന്നിയ മന്ത്രി പി ടി ചാക്കോ തന്റെ ഉറ്റ സുഹൃത്തുക്കളായ മൂന്ന് പത്രപ്രവര്‍ത്തകരോടൊന്നിച്ച് പീച്ചി ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനായി പോകാൻ തീരുമാനിച്ചു.

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര
സുവര്‍ണ ജൂബിലി തിളക്കത്തില്‍ എം കെ മേനോന്റെ 'സ്വ ലേ'

1963 ഡിസംബര്‍ 8. തൃശൂരിലെ ലൂര്‍ദ് പള്ളിക്കടുത്തുവച്ച് ഒരു സ്റ്റേറ്റ് കാര്‍ ഒരു കൈ വണ്ടിയില്‍ ചെന്നിടിച്ചു. കൈ വണ്ടിയുടെ അച്ചാണിയും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അച്ചുതണ്ടും ഒരേ പോലെ അന്ന് തകര്‍ന്നു. കേരളരാഷ്ട്രീയത്തില്‍ വന്‍ വിവാദമായ 'പീച്ചി യാത്ര' സംഭവത്തിന്റെ തുടക്കം അവിടെയായിരുന്നു.

സാധാരണഗതിയില്‍ ചെറിയൊരു അപകടം മാത്രമായിരുന്നു അത്. പക്ഷേ, കാര്‍ അസാധാരണ വാഹനമായിരുന്നു. ചുവന്ന സ്റ്റേറ്റ് ബോര്‍ഡ് നമ്പര്‍ വച്ച കാറായിരുന്നു അത്. സ്റ്റേറ്റ് നമ്പര്‍ പ്ലേറ്റ് കണ്ടതാണ് ആളുകള്‍ കാര്‍ ശ്രദ്ധിക്കാന്‍ കാരണവും

തൃശൂര്‍ ടൗണില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ലൂര്‍ദ് പള്ളിയില്‍ അന്ന് പെരുന്നാള്‍ ആഘോഷം നടക്കുകയായിരുന്നതിനാല്‍ ആ പരിസരത്ത് നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഡിസംബറിലെ ആ തെളിഞ്ഞ പ്രഭാതത്തില്‍ പൊടുന്നനെ ഒരു നീല അംബാസഡര്‍ കാര്‍ കടന്നുപോകുമ്പോള്‍ ഒരു ഉന്തുവണ്ടി കാറിന്റെ മഡ് ഗാഡില്‍ തട്ടി. ഒരു ചക്രത്തിന്റെ അച്ചാണി ഇളകി തെറിച്ച് വണ്ടി മറിയുകയും വണ്ടിക്കാരന്‍ തൊട്ടടുത്തുള്ള ഓടയില്‍ വീഴുകയും ചെയ്തു. കാറാകട്ടെ നിര്‍ത്താതെ ഓടിച്ചു പോയി.

സാധാരണഗതിയില്‍ ചെറിയൊരു അപകടം മാത്രമായിരുന്നു അത്. പക്ഷേ, കാര്‍ അസാധാരണ വാഹനമായിരുന്നു. ചുവന്ന സ്റ്റേറ്റ് ബോര്‍ഡ് നമ്പര്‍ വച്ച കാറായിരുന്നു അത്. സ്റ്റേറ്റ് നമ്പര്‍ പ്ലേറ്റ് കണ്ടതാണ് ആളുകള്‍ കാര്‍ ശ്രദ്ധിക്കാന്‍ കാരണവും. കാറിനകത്ത് ഒരു കറുത്ത കണ്ണടവച്ച ഒരു സ്ത്രീയുള്ളതും അവര്‍ കണ്ടു. നിര്‍ഭാഗ്യവശാല്‍ ആ കാറോടിച്ചിരുന്നത് പി ടി ചാക്കോയായിരുന്നു, അന്നത്തെ ആഭ്യന്തര മന്ത്രി. ആലുവ ഗസ്റ്റ് ഹൗസില്‍നിന്ന് പീച്ചിയിലേക്കുള്ള യാത്രയിലാണ് ഇത് സംഭവിച്ചത്. സോഷ്യല്‍ മീഡിയയോ ചാനലുകളോ അന്ന് സങ്കല്‍പ്പത്തില്‍ പോലുമില്ല; പാപ്പരാസികളുമില്ല. താക്കോല്‍ ദ്വാര പത്രപ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പക്ഷേ, പത്രങ്ങളുണ്ടായിരുന്നു.

'പീച്ചി സംഭവം' ഫാദര്‍ വടക്കന്റെ തൃശൂരിലെ മലനാട് കര്‍ഷക യൂണിയന്റെ മുഖപത്രമായ 'തൊഴിലാളി' ഏറ്റെടുത്തു. ആദ്യ ഘട്ടത്തില്‍ വടക്കനച്ചന്‍ ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ വിമുഖനായിരുന്നു. തൃശൂരങ്ങാടിയില്‍ കേട്ടതിനപ്പുറമൊന്നുമില്ലാത്ത ഈ സംഭവം ഉപയോഗിച്ച് പ്രതിയോഗിയാണെങ്കിലും ചാക്കോയെപ്പോലൊരു നേതാവിനെ താറടിച്ച് വാര്‍ത്ത നല്‍കാന്‍ ഒരു പുരോഹിതന്റെ ധാര്‍മികത അദ്ദേഹത്തെ അനുവദിച്ചില്ല. വാര്‍ത്ത നല്‍കരുതെന്ന് സഭാ നേതൃത്വവും വടക്കനച്ചനോട് പറഞ്ഞിരുന്നു. എന്നാല്‍ തൊഴിലാളിയിലെ പത്രപ്രവര്‍ത്തകരും മലനാട് കര്‍ഷകസംഘം നേതാക്കളും എല്ലാ പത്രങ്ങളും നല്‍കിയ ചാക്കോയുടെ പീച്ചി യാത്ര തൊഴിലാളിയില്‍ കൊടുത്തേ മതിയാവൂയെന്ന് ഉറപ്പിച്ചു പറഞ്ഞു. ഫാദര്‍ വടക്കനെ ഉന്നതര്‍ സ്വാധീനിച്ചുവെന്ന രീതിയിലും വാര്‍ത്ത പ്രചരിച്ചു.

പത്മം എസ് മേനോൻ
പത്മം എസ് മേനോൻ

വടക്കനച്ചന്‍ എന്ത് ചെയ്യണമെന്ന് കുഴങ്ങിയിരിക്കുമ്പോഴാണ് ഒരു ഡ്രൈവര്‍ നേരിട്ട് തൊഴിലാളി ഓഫീസിലെത്തി വടക്കനെ ചില കാര്യങ്ങള്‍ ധരിപ്പിച്ചത്. ചാക്കോയുടെ കാറിലുണ്ടായിരുന്ന സ്ത്രീ പത്മം എസ് മേനോനാണെന്നും താനാണ് പിന്നീട് അവരെ കാറില്‍ കൊണ്ടുപോയതെന്നും പറഞ്ഞു. ഇത് അന്വേഷിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതോടെ തൊഴിലാളിയിലൂടെ പി ടി ചാക്കോയ്ക്കെതിരെ വടക്കനച്ചന്‍ രംഗത്തുവന്നു. അദ്ദേഹം തൊഴിലാളിയില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു: ''മൂന്ന് ദിവസത്തിനകം മന്ത്രി ചാക്കോ വസ്തുതകള്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ സത്യാന്വേഷണ ഫലം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കും.''

തന്റെ കൂടെയുണ്ടായിരുന്നത് പത്മം എസ് മേനോനാണെന്ന് മൂന്നുദിവസം കഴിഞ്ഞ് ചാക്കോ പ്രസ്താവിച്ചു. അതോടെ തൊഴിലാളി പത്രത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകള്‍ വന്നു. അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഈ വാര്‍ത്തകളില്‍ വന്നതോടെ മറ്റ് പത്രങ്ങള്‍ വിഷയം ഏറ്റെടുത്തു

ഇത് അച്ചടിച്ചുവന്നതോടെ സംഭവം എരിതീയില്‍ എണ്ണയൊഴിച്ച പോലെയായി. വടക്കനെ സ്വാധീനിക്കാന്‍ സഭാ നേതൃത്വവും പുരോഹിതന്മാരും ശ്രമിച്ചെങ്കിലും അദ്ദേഹം പാറപോലെ ഉറച്ചുനിന്നു. തന്റെ കൂടെയുണ്ടായിരുന്നത് പത്മം എസ് മേനോനാണെന്ന് മൂന്നുദിവസം കഴിഞ്ഞ് ചാക്കോ പ്രസ്താവിച്ചു. അതോടെ തൊഴിലാളി പത്രത്തില്‍ പൊടിപ്പും തൊങ്ങലും വച്ച് വാര്‍ത്തകള്‍ വന്നു. അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഈ വാര്‍ത്തകളില്‍ വന്നതോടെ മറ്റ് പത്രങ്ങള്‍ വിഷയം ഏറ്റെടുത്തു. ഇതോടെ വിഷയം കേരളമാകെ ആളിപ്പടര്‍ന്നു. ശ്രദ്ധേയമായ കാര്യം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയില്‍ പോലും ആദ്യ ദിവസം ഈ വാര്‍ത്ത വന്നില്ലെന്നതാണ്.

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര
'ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഒറ്റയാളേയുള്ളൂ'; ഒരേയൊരാൾ! പകരംവയ്ക്കാനില്ലാത്തയാൾ

അതിനിടയില്‍ കാറിലുണ്ടായിരുന്നത് താനാണെന്ന് അവകാശപ്പെട്ട് ഒരു കോണ്‍ഗ്രസ് വനിതാ നേതാവ് രംഗത്തുവന്നു. ചില രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ താന്‍ ചാക്കോയുടെ കാറില്‍ കയറിയതാണെന്ന് അവര്‍ പരസ്യമായി പ്രസ്താവന നടത്തി. പക്ഷേ, ആരുമത് മുഖവിലക്ക് എടുത്തില്ല. വിശദീകരിക്കാന്‍ അവസരം കിട്ടും മുന്‍പേ ചാക്കോ വിരുദ്ധ പത്രങ്ങള്‍ അസന്മാര്‍ഗിയായി അദ്ദേഹത്തെ വിധിച്ചുകഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റുകാരേക്കാള്‍ തേജോവധത്തിനിറങ്ങിയത് ചാക്കോയുടെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയായിരുന്നു. ആഭ്യന്തര മന്ത്രി പി ടി ചാക്കോ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് അനുഭാവ പത്രമായ നവജീവനും നവയുഗവും പി ടി ചാക്കോയുടെ രാജിക്കായി വാര്‍ത്തകളിലൂടെ ആഞ്ഞടിച്ചു.

അക്കാലത്തെ ഒരു മലയാളം ദിനപത്രത്തിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു. 'ആരാണ് കേരളത്തിലെ ക്രിസ്റ്റീന്‍ കീലര്‍? കാറിലെ യുവതി ആരാണെന്ന ദുരൂഹത പീച്ചി സംഭവത്തെ ദേശീയ തലത്തില്‍ ശ്രദ്ധയിലെത്തിച്ചു

1963ല്‍ ബ്രിട്ടനില്‍ ഹരോള്‍ഡ് മാക്മില്ലന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ പ്രതിസന്ധിലാക്കിയ പ്രഫ്യൂമോ അഫയേഴ്സുമായി ഒരു പത്രം ഈ സംഭവത്തെ താരതമ്യം ചെയ്തു. അക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് മാക്മില്ലന്റെ ഉന്നതപദവിയിലുള്ള സെക്രട്ടറിയായിരുന്നു പ്രഫ്യൂമോ. ഇയാളുമായി ബന്ധപ്പെട്ട് അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട ലൈംഗികാപവാദത്തിലെ നായികയായിരുന്നു ഒരു മോഡലായ ക്രിസ്റ്റീന്‍ കീലര്‍. അക്കാലത്തെ ഒരു മലയാളം ദിനപത്രത്തിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു. 'ആരാണ് കേരളത്തിലെ ക്രിസ്റ്റീന്‍ കീലര്‍? കാറിലെ യുവതി ആരാണെന്ന ദുരൂഹത പീച്ചി സംഭവത്തെ ദേശീയ തലത്തില്‍ ശ്രദ്ധയിലെത്തിച്ചു. കേരളത്തിലെ പ്രഫ്യൂമയായ് പി ടി ചാക്കോയെ സാവധാനം എത്തിക്കുന്ന അവസ്ഥയിലായി അന്നത്തെ കേരള രാഷ്ട്രീയം.

1964 ജനുവരി 28 ന് നിയമസഭയില്‍ സി പി ഐയിലെ ഇറവങ്കര ഗോപാല കുറുപ്പാണ് ചാക്കോക്കെതിരെ ആദ്യം വെടിപൊട്ടിച്ചത്. ''മന്ത്രി ചാക്കോയാണ് കാറോടിച്ചത്. പീച്ചിയിലേക്കായിരുന്നു യാത്ര. കാര്‍ സീറ്റില്‍ ഇടതുവശത്ത് സംശയത്തിനിടയാക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. പീച്ചി ഗസ്റ്റ് ഹൗസിലേക്കാണ് അവര്‍ പോകാനിരുന്നത്. ഗസ്റ്റ് ഹൗസില്‍ മുറി റിസര്‍വ് ചെയ്തിരുന്നത് അഡ്വക്കേറ്റ് ശ്രീനിവാസന്‍ എന്ന കള്ളപ്പേരിലാണ്. അതിനാല്‍ കൂടെയുള്ളത് വ്യാജച്ചരക്കാണ്,'' ഇറവങ്കര സഭയില്‍ പറഞ്ഞു.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സി പി ഐ അംഗങ്ങള്‍ക്ക് ചാക്കോക്കെതിരെ ആവശ്യമായത് കോണ്‍ഗ്രസുകാര്‍ തന്നെ നല്‍കി. ചാക്കോയുടെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ കളമൊരുക്കി. മുഖ്യമന്ത്രി ആര്‍ ശങ്കര്‍ - ചാക്കോ അച്ചുതണ്ട് തകര്‍ക്കുക, ചാക്കോയെ രാജിവയ്പിക്കുക ഇതായിരുന്നു ചാക്കോ വിരുദ്ധരുടെ പദ്ധതി.

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര
നക്ഷത്രപഥത്തില്‍നിന്ന് തിഹാര്‍ ജയില്‍ വരെ; രാജൻ പിള്ള എന്ന ബിസ്ക്കറ്റ് രാജാവിന്റെ ജീവിതം

ചാക്കോ കൃത്യമായ മറുപടി നല്‍കി: ''കാര്‍ നിര്‍ത്താത്തതില്‍ ഖേദമുണ്ട്. ഉന്തുവണ്ടി മറിഞ്ഞത് അറിഞ്ഞില്ല. തന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. പക്ഷേ, 30 ദിവസത്തെ കാലയളവ് നിയമത്തിലുണ്ട്. പോലീസിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. 27 കൊല്ലത്തെ തന്റെ പൊതുജീവിതം സംശുദ്ധമാണ്. കാറിലുണ്ടായിരുന്ന യുവതി തന്റെ പാര്‍ട്ടിക്കാരിയും സഹപ്രവര്‍ത്തകയുമാണ്. സാഹചര്യങ്ങള്‍ എനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്.'' പക്ഷേ, ഇതൊന്നും ഫലിച്ചില്ല. സിപിഐയുടെ ഒത്താശയില്‍ ഇതിനകം കോണ്‍ഗ്രസ്‌കാര്‍ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു.

1964 ജനുവരി 30. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ വോട്ടെടുപ്പ് വന്നപ്പോള്‍ ഒരു എംഎല്‍എ മാത്രം വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. കണ്ണൂരില്‍ മാടായിയില്‍ നിന്നുള്ള എംഎല്‍എ ഗാന്ധിയനായ കോണ്‍ഗ്രസ് പാര്‍ട്ടിയംഗമായ പ്രഹളാദന്‍ ഗോപാലനായിരുന്നു രംഗത്തുവന്നത്. ചാക്കോയെ പോലെ ഒരസാന്മാര്‍ഗി മന്ത്രിസഭയിലുണ്ടാകുന്ന കാലത്തോളം ഞാന്‍ ഈ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. തലേന്നാള്‍ ഗാന്ധിജി തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും ചാക്കോയുടെ രാജിക്കായി നിരാഹാര സത്യാഗ്രഹം നടത്താന്‍ ആവശ്യപ്പെട്ടെന്നും അയാള്‍ പത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് സഭാവരാന്തയില്‍ അനിശ്ചിത നിരാഹാരം ആരംഭിച്ചു.

പ്രഹളാദൻ ഗോപാലൻ
പ്രഹളാദൻ ഗോപാലൻ

ആരായിരുന്നു പ്രഹ്‌ളാദന്‍ ഗോപാലന്‍? സ്‌കൂള്‍ മാനേജറായ സ്വന്തം പിതാവിനെതിരെ കണ്ണൂരില്‍ അദ്ധ്യാപകര്‍ക്കുവേണ്ടി സമരം നടത്തിയ പി ഗോപാലനാണ് പിന്നീട് പ്രഹളാദന്‍ ഗോപാലനായായത്. പിതാവായ ഹിരണ്യകശിപുവിനെതിരെ നീങ്ങിയ മകനായ പ്രഹളാദന്റെ പുതിയ രൂപം പൂണ്ടയാള്‍!

ഈ പ്രഹസനം കണ്ട നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന എം എല്‍ എയായ, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ജോസഫ് ചാഴിക്കാടന്‍ വിളിച്ച് പറഞ്ഞു, ''ഇയാളെ ഭ്രാന്താശുപത്രിയിലേക്കയക്കണം.''

പി ടി ചാക്കോ നാല് വര്‍ഷം ആഭ്യന്തര മന്ത്രിയായ കാലത്ത് ഒരു വെടിവയ്പോ കലാപമോ ഇല്ലാതെ അദ്ദേഹം ഭരിച്ചു. ആറ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും അദേഹം സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചു. ഒരഴിമതിയിലും അദ്ദേഹം പെട്ടില്ല

അല്ലെങ്കിലും ഗോപാലന്മാര്‍ പി ടി ചാക്കോക്ക് ചതുര്‍ത്ഥിയായിരുന്നു. ഇതേദിവസം ഒരു ചോദ്യത്തിന് മറുപടി പറയാന്‍ പി ടി ചാക്കോ തയ്യാറായപ്പോള്‍ പട്ടാമ്പിയിലെ കമ്യൂണിസ്റ്റ് എംഎല്‍ എ ഇ പി ഗോപാലന്‍ എഴുന്നേറ്റ് പറഞ്ഞു, ''മോട്ടോര്‍ വാഹന നിയമവും ഇന്ത്യന്‍ പീനല്‍ കോഡും വ്യഭിചാര നിയമവും ലംഘിച്ച് പെരുമാറിയതിന് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കേണ്ട ഒരു പുള്ളിയാണോ ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നത്?''മര്‍മത്തേറ്റ ഇ പിയുടെ ഈ വാക്ശരത്തില്‍ ചാക്കോ ഇരുന്നുപോയി.

ഒടുവില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവ് സി എം സ്റ്റീഫന്‍ ചാക്കോയെ പുറത്താക്കിയില്ലെങ്കില്‍ താനും 27 എം എല്‍ എ മാരും പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശങ്കറിനും ചാക്കോ രാജിവയ്ക്കണമെന്ന നിലപാടായിരുന്നു. ഹൈക്കമാന്‍ഡും ഇത് ശരിവച്ചു. ഇതോടെ ശങ്കറും ചാക്കോയും തെറ്റി. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ചാക്കോയില്‍ വിശ്വാസമില്ലെന്ന് ശങ്കര്‍ പരസ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചാക്കോ തിരുവനന്തപുരത്തെത്തി ഒറ്റവരി രാജിക്കത്ത് നല്‍കി.

രാജിവച്ച ചാക്കോയ്ക്ക് നാടൊട്ടുക്ക് വന്‍ സ്വീകരണം നല്‍കി. ചാക്കോ അനുകൂലികള്‍ ശങ്കറിനെതിരെ പ്രചാരണമഴിച്ചു വിട്ടു. അപകടം മനസിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനറല്‍ സെക്രട്ടറി സാദിക്കുഞ്ഞലിയെ നേരിട്ട് കോട്ടയത്തേക്ക് അയച്ച് സ്വീകരണയോഗങ്ങള്‍ അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരച്ചടക്കമുള്ള കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക് പി ടി ചാക്കോ അതിനുവഴങ്ങി.

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര
കേരളത്തിന്റെ തലസ്ഥാനം ഏത്?

ഇന്ത്യയിലെ തന്നെ പ്രഗല്‍ഭനായ ആഭ്യന്തമന്ത്രിമാരിൽ ഒരാളായിരുന്നു അദ്ദേഹം. പി ടി ചാക്കോ നാല് വര്‍ഷം ആഭ്യന്തര മന്ത്രിയായ കാലത്ത് ഒരു വെടിവയ്പോ കലാപമോ ഇല്ലാതെ അദ്ദേഹം ഭരിച്ചു. ആറ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും അദേഹം സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചു. ഒരഴിമതിയിലും അദ്ദേഹം പെട്ടില്ല. ഭാരിച്ച സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അദ്ദേഹം വക്കീല്‍ പണി വീണ്ടും ആരംഭിച്ചു. അദ്ദേഹത്തെ സഹായിക്കുന്നതിനായി അനുയായികള്‍ പിരിവെടുത്ത് ഒരു ലക്ഷം രൂപയും ഒരു പുതിയ അംബാസിഡര്‍ കാറും നല്‍കി. കേരളം മുഴുവന്‍ അറിയപ്പെട്ട ആ കാറിന്റെ നമ്പര്‍ പ്രശസ്തമായിരുന്നു. കാര്‍ നമ്പര്‍ കെഎല്‍കെ 5555. കോട്ടയം ബാറില്‍ പൂര്‍വാധികം ശക്തിയോടെ വക്കീല്‍ പണിയാരംഭിച്ച പി ടി ചാക്കോ ഒരു കേസിന്റെ ആവശ്യത്തിനായി കോഴിക്കോട്ടെ കാവിലുംപാറയില്‍ പോയി. അവിടെ വച്ച് പൊടുന്നനെയുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. 1964 ഓഗസ്റ്റ് ഒന്നായിരുന്നു ആ ദിവസം.

പീച്ചി സംഭവം തുടക്കത്തില്‍ തന്നെ അദ്ദേഹത്തെ കുടുക്കാനുള്ള ആസൂത്രിത നീക്കമുണ്ടായതായാണ് അക്കാലത്തെ പല പത്രപ്രവര്‍ത്തകരുടെയും നിരീക്ഷണം. പീച്ചിയില്‍ ചാക്കോയോടൊപ്പം പോകാനിരുന്ന മൂന്ന് പത്രപ്രവര്‍ത്ത കരിലൊരാളായിരുന്നു കേരളത്തിലെ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായിരുന്ന കെ സി ജോണ്‍. ''ആ മൂന്ന് പേരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ച കാരണമാണ് ഞങ്ങള്‍ ചാക്കോയുടെ കൂടെ പോകാതിരുന്നത്. അല്ലെങ്കില്‍ ഈ സംഭവമേ ഉണ്ടാകില്ലായിരുന്നു. ചാക്കോയെ കോണ്‍ഗ്രസുകാര്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നു,'' കെ സി ജോണ്‍ പിന്നീട് പറഞ്ഞു.

പീച്ചി സംഭവം ആളിക്കത്തിച്ച് ചാക്കോയെ അസന്മാര്‍ഗിയാക്കിയ സി പി ഐയുടെ പത്രമായ ജനയുഗത്തിന്റെ വിഖ്യാതനായ എഡിറ്റര്‍ കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം പത്രത്തിന്റെ രജത ജൂബിലി ആഘോഷവേളയില്‍ കൊല്ലത്ത് വച്ച് തന്റെ പ്രത്രാധിപസമിതി അംഗങ്ങളോട് പറഞ്ഞു: ''നമ്മുടേത് പാര്‍ട്ടി പത്രമാണ്. ആ ലൈനില്‍ ഒരു പാട് ചെയ്തു. പി ടി ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹത്തിന്റെ കാര്‍ കൈവണ്ടിയില്‍ ഇടിച്ച് അപകടമുണ്ടായിയെന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി. 10 ശതമാനം സത്യം, 90 ശതമാനം കള്ളം. പക്ഷേ, ആ വാര്‍ത്ത ചാക്കോയുടെ ജീവിതം തുലച്ചു. അത്തരം രീതിയൊന്നും നമുക്കിനി വേണ്ട.''

പീച്ചി സംഭവത്തിലെ നായിക താനാണെന്ന് പറഞ്ഞത് അറുപതുകളില്‍ കെ പി സി സി അംഗമായിരുന്ന എറണാകുളത്ത് താമസിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തയായ പത്മം എസ് മേനോനായിരുന്നു. കെ പി സി സി പ്രസിഡന്റായ കെ പി മാധവന്‍ നായരുടെ കുടംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന അവര്‍ക്ക് അക്കാലത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ യാത്ര സംഭവത്തില്‍ വിചാരണ നേരിട്ട അവരെ സഹായിക്കാന്‍ ഒരു വനിതാ സംഘന പോലും അന്ന് എത്തിയില്ല.

മധ്യവര്‍ഗ സദാചാര വിചാരണയില്‍ വേട്ടയാടപ്പെട്ടെങ്കിലും അവര്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ''പി ടി ചാക്കോയുടെ കൂടെ യാത്ര ചെയ്തതില്‍ എന്താണ് തെറ്റ്?'' എന്നവര്‍ ശക്തമായി തന്നെ അവര്‍ സദാചാരക്കാരോട് ചോദിച്ചത്. ഏറെ കഴിയും മുന്‍പേ വിവാദ നായികയെന്ന ദുഷ്‌പേരുമായി അവര്‍ രാഷ്ട്രീയരംഗത്തുനിന്ന് നിഷ്‌ക്രമിച്ചു.

പി ടി ചാക്കോ: സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇര
ജെ പിയുടെ അറസ്റ്റ് റിപ്പോർട്ടിൽ പൂട്ടിയ മദർ ലാൻഡ്; സഞ്ജയ് ഗാന്ധിയെ വീരനാക്കിയ ഇല്ലസ്ട്രേറ്റഡ് വീക്കിലി

പീച്ചി സംഭവം കഴിഞ്ഞ് 45 വര്‍ഷ്ത്തിനുശേഷം വിവാദ നായിക പത്മം എസ് മേനോന്‍ 2008 ല്‍ ഒരു പത്രപ്രവര്‍ത്തകനോട് സത്യം വെളിപ്പെടുത്തി. ''പി ടി ചാക്കോയോടൊപ്പം അന്ന് കാറില്‍ ഉണ്ടായിരുന്നത് ഞാനായിരുന്നില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു. ചാക്കോയെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു,'' അതിന് തന്നെ നിര്‍ബന്ധിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും അവര്‍ വെളിപ്പെടുത്തി.

പ്രതിസന്ധിയില്‍ ചാക്കോയെ കൈവിട്ട കോണ്‍ഗ്രസ് നേതൃത്വത്തിനോട് അമര്‍ഷമുണ്ടായിരുന്ന മുതിര്‍ന്ന പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. 'കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസ് നമ്മളാണ്. അതുകൊണ്ട് നാമാണ് കേരളാ കോണ്‍ഗ്രസ്,'' അവര്‍ പ്രഖ്യാപിച്ചു

പക്ഷേ, മറ്റൊരു വിവാദമൊന്നുമുണ്ടാക്കാതെ അത് കടന്നുപോയി. കാറില്‍ യാത്ര ചെയ്തത് മറ്റൊരു യുവതിയാണെന്ന് സൂചനകള്‍ ചെറിയാന്‍ ഫിലിപ്പിന്റെ 'കാല്‍ നൂറ്റാണ്ട്' എന്ന പുസ്തകത്തില്‍ ഉണ്ട്. അത് പത്മം എസ് മേനോന്‍ പറഞ്ഞ യുവതി തന്നെ. അവരുടെ ചെറുമകള്‍ തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന നടിയാണ്. കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറാവാതെ പത്മം. എസ് മേനോനും കാറില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ നായികയും മരിച്ചതിനാല്‍ ചോദ്യങ്ങള്‍ മാത്രം ഉത്തരമില്ലാതെ അവശേഷിച്ചു.

ഗൂഢാലോചനക്കാരെയോ അവരുടെ ലക്ഷ്യത്തേയോ കണ്ടെത്താനോ അന്വേഷിക്കാനോ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും ശ്രമിച്ചില്ല. പി.ടി. ചക്കോയെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യം നടന്നതിനാല്‍ ആ വിഷയം തന്നെ മാഞ്ഞുപോയി.

1964 ഒക്ടോബര്‍ ഒന്‍പതിന് പി ടി ചാക്കോയുടെ മരണശേഷം പിരിച്ചെടുത്ത ഫണ്ട് അദ്ദേഹത്തിന്റെ കുടംബത്തെ ഏല്‍പ്പിക്കാന്‍ കോട്ടയത്ത് ചാക്കോ പക്ഷക്കാര്‍ സമ്മേളിച്ചു. പ്രതിസന്ധിയില്‍ ചാക്കോയെ കൈവിട്ട കോണ്‍ഗ്രസ് നേതൃത്വത്തിനോട് അമര്‍ഷമുണ്ടായിരുന്ന മുതിര്‍ന്ന പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. 'കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസ് നമ്മളാണ്. അതുകൊണ്ട് നാമാണ് കേരളാ കോണ്‍ഗ്രസ്,'' അവര്‍ പ്രഖ്യാപിച്ചു.

കേരള കോണ്‍ഗ്രസ് കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞത് പിന്നീട് സത്യമായി. കേരളത്തില്‍ കല്‍പ്പവൃക്ഷം എവിടെയമെുണ്ട്. കേരള കോണ്‍ഗ്രസും എവിടെയുമുണ്ട്. ഇതുകണ്ടാണ് യശഃരീരനായ പത്രപ്രവര്‍ത്തകന്‍ കെ.എം. ചുമ്മാര്‍ കേരള കോണ്‍ഗ്രസിനെ നിര്‍വ്വചിച്ചത് : 'കട്ടവണ്ടി മുട്ടി ഉണ്ടായ പാര്‍ട്ടി.'

logo
The Fourth
www.thefourthnews.in